“പുതുമുഖങ്ങളെ പരസ്യമായി പ്രശംസിക്കുന്ന ഒരു സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ അത് രജനി സാറാണ്.” മാളവിക മോഹൻ

','

' ); } ?>

രജനികാന്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തൻ്റെ കരിയറിലെ ഏറ്റവും മികച്ച അനുഭവമാണെന്ന് നടി മാളവിക മോഹനൻ. പുതുമുഖങ്ങളെ പിന്തുണയ്ക്കുകയും പരസ്യമായി പ്രശംസിക്കുകയും ചെയ്യുന്ന അപൂർവം ചിലരിൽ ഒരാളാണ് രജനികാന്തെന്നും, കരിയറിന്റെ തുടക്കത്തിൽ അദ്ദേഹം നൽകിയ ആത്മവിശ്വാസവും പിന്തുണയും ഏറെ വിലമതിക്കുന്ന ഒന്നാണെന്നും താരം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് മാളവിക മനസ്സുതുറന്നത്.

2019-ൽ പുറത്തിറങ്ങിയ ‘പേട്ട’ എന്ന ചിത്രത്തിലാണ് മാളവിക രജനികാന്തിനൊപ്പം സ്ക്രീൻ പങ്കുവെച്ചത്. ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിച്ച സിങ്കാരം എന്ന കഥാപാത്രത്തിന്റെ സഹോദരിയായ പൂങ്കൊടിയെയാണ് താരം അവതരിപ്പിച്ചത്. ഏതൊരു പുതുമുഖവും ആഗ്രഹിക്കുന്ന വലിയൊരു അവസരമായിരുന്നു അതെന്നും, രജനി സാർ തന്ന പ്രോത്സാഹനം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുമെന്നും മാളവിക പറഞ്ഞു.

അതേസമയം, കാർത്തി നായകനാകുന്ന ‘സർദാർ 2’ ആണ് മാളവികയുടെ ഏറ്റവും പുതിയ ചിത്രം. പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തനിക്ക് നിരവധി ആക്ഷൻ രംഗങ്ങളുണ്ടെന്നും, ആക്ഷൻ സിനിമകളിൽ അഭിനയിക്കാൻ ഏറെ ഇഷ്ടമാണെന്നും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി താരം വെളിപ്പെടുത്തി.