ഈ ആദ്യരാത്രി മധുരിക്കും…!!!

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ ഒരു കഥാപാത്രമാണ് വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ മാമച്ചന്‍. ഏറെ രസകരമായ സിമ്പിള്‍ കോമഡിയിലൂടെ അന്ന് പ്രേക്ഷകരെ കയ്യിലെടുത്ത ബിജു മേനോന്റെയും സംവിധായകന്‍ ജിബു ജേക്കബിന്റെയും ജോഡി ഇപ്പോള്‍ ആദ്യരാത്രി എന്ന ചിത്രത്തിലൂടെ 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. മാമച്ചന്‍ എന്ന കഥാപാത്രവുമായി താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെങ്കിലും മനോഹരന്റെ ആദ്യരാത്രി ഏറെ രസകരമായ ഒരുപിടി നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ഒപ്പം തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ എന്ന യുവതാരം ആദ്യമായി നായികായായെത്തിയതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ആദ്യരാത്രി എന്ന ചിത്രത്തിന്റെ ആദ്യ അനൗണ്‍സ്‌മെന്റ് തൊട്ട് പ്രേക്ഷകര്‍ കാത്തിരുന്നത് ജിബു ജേക്കബിന്റെയും ബിജു മേനോന്റെയും ജോഡി ഇത്തവണ എന്ത് സര്‍പ്രൈസുമായി എത്തുമെന്ന് തന്നെയാണ്. പ്രതീക്ഷകള്‍ക്കൊപ്പം സഞ്ചരിച്ച് ഒരു വ്യത്യസ്ഥ കഥയുമായിതന്നെയാണ് ഇരുവരുമെത്തിയത്. ഒപ്പം ചിത്രത്തിലെ യുവതാരങ്ങളായ അനശ്വര രാജന്‍, സാര്‍ജാനു ഖാലിദ്, അജു വര്‍ഗീസ്, സീനിയര്‍ താരം പൗളി വിത്സന്‍ എന്നിവരുടെ വേഷങ്ങള്‍ കൂടിയെത്തിയപ്പോള്‍ ഒരു രസകരമായ എന്റര്‍റ്റെയ്‌നര്‍ തന്നെയായാണ് ആദ്യരാത്രി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.

കുട്ടനാടിന്റെ പശ്ചാത്തലത്തിലെ മനോഹരമായ ഒരു ഗ്രാമം. നാട്ടിലെ പ്രണയിതാക്കള്‍ക്ക് വില്ലനും മാതാപിതാക്കള്‍ക്ക് രക്ഷകനുമായ ബ്രോക്കര്‍ മനോഹരന്‍. യുവാവായിരുന്ന മനോഹരന്റെ ജീവിതം മാറ്റി മറിക്കുന്നത് ഉറപ്പിച്ച കല്ല്യാണത്തലേന്ന് ഒളിച്ചോടിപ്പോകുന്ന സഹോദരിയാണ്. സഹോദരിയുടെ ഈ തീരുമാനത്തിന്റെ പേരില്‍ പല സന്ദര്‍ഭങ്ങിളായി അപമാനിക്കപ്പെടുന്ന മനോഹരന്‍ ഒരു വാശിപ്പുറത്ത് തന്റെ സുഹൃത്തിന്റെ കല്യാണം നടത്തിക്കൊടുക്കുന്നതിലൂടെയാണ് നാട്ടിലെ കണ്ണിലുണ്ണിയായ മനോഹരന്‍ ബ്രോക്കറായി മാറുന്നത്. പിന്നീട് നടക്കുന്ന മനോഹരന്റെ ജീവിതത്തിലെ വഴിത്തിരിവുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

മോശമില്ലാത്ത ഹാസ്യം, പരിചിതമായ എന്നാല്‍ അത്യാവശ്യം വ്യത്യസ്തമായ കഥ, ബിജു മേനോന്റെ നൈര്‍മീഷികമായ സാന്നിധ്യം എന്നിവകൊണ്ട് സമ്പുഷ്ടമാണ് ആദ്യ രാത്രി. ഒപ്പം റിലീസിന് മുമ്പ് പുറത്തിറങ്ങി ശ്രദ്ധ നേടിയ അനശ്വര രാജന്റെയും അജു വര്‍ഗീസിന്റെയും ബാഹുബലി ഗാനവും ചിത്രത്തിന് മിഴിവേകി. മനോജ് ഗിന്നസ്സ്, ഉപ്പും മുളകും താരം ബിജു സോപാനം, എന്നിവരുടെ ഇടപെടല്‍ ചിത്രത്തെ ഒരേ അളവില്‍ തന്നെ കൊണ്ടുപോയി.

സാധിക് കബീറിന്റെ ഛായാഗ്രഹണം, അജയ് മങ്ങാടിന്റെ കലാ സംവിധാനം, ബിജിബാലിന്റെ മനോഹരമായ ഗാനങ്ങള്‍ എന്നിവയെല്ലാം തന്നെ ആദ്യരാത്രിയുടെ പ്രത്യേകതളായി പറയാം. അത്ര പ്രസക്തമായ ഒരാശയമല്ലെങ്കില്‍ കൂടി വളരെ ഭംഗിയായി അത് പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും ഓര്‍മ്മപ്പെടുത്താനും ജിബു ജേക്കബിന് കഴിഞ്ഞു. നല്ല കുറച്ച് നിമിങ്ങള്‍ക്കായി ആദ്യരാത്രിക്ക് വേണ്ടി നിങ്ങള്‍ക്ക് തീര്‍ച്ചയായും ടിക്കറ്റെടുക്കാം.