“രാത്രി പ്രമുഖ സംവിധായകന്‍ വാതിലിൽ മുട്ടി, പേടിച്ചിട്ട് അമ്മയെ കെട്ടിപിടിച്ചാണ് കിടന്നത്”; സുമ ജയറാം

','

' ); } ?>

സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കിട്ട് നടി സുമ ജയറാം. ഒരിക്കലൊരു പ്രമുഖ സംവിധായകന്‍ തന്റെ വാതില്‍ മുട്ടിയിട്ടുണ്ടെന്നും, സംവിധായകന്റേയും മറ്റും ഇംഗിതങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാതിരുന്നതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും സുമ ജയറാം പറഞ്ഞു. കൂടാതെ പല നടിമാര്‍ക്കം ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും, പലരും പേടിച്ചിട്ട് ഒന്നും പറയില്ലെന്നും സുമ ജയറാം കൂട്ടിച്ചേർത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

”വലിയൊരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നു. ഞാനും അമ്മയുമാണ് പോയത്. ഒരു ദിവസം രാത്രി ഒമ്പത്-പത്ത് മണിയായപ്പോള്‍, വലിയൊരു സംവിധായകന്‍ ബാല്‍ക്കണിയിലൂടെ ഇറങ്ങി വന്ന് ഞങ്ങളുടെ ബാല്‍ക്കണിയുടെ വാതിലില്‍ തട്ടുകയാണ്. അദ്ദേഹം ഫുള്‍ ഫിറ്റായിരുന്നു. നേരം വെളുത്താല്‍ ഫേസ് ചെയ്യേണ്ടത് അദ്ദേഹത്തേയല്ലേ. എനിക്ക് അന്ന് പതിനാറോ പതിനേഴോ ആണ് പ്രായം. അമ്മേ പേടിയാകുന്നുവെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചാണ് കിടന്നത്. കുറച്ച് നേരം അദ്ദേഹം ബാല്‍ക്കണിയില്‍ നിന്ന് വാതിലില്‍ തട്ടി. പിന്നീട് എന്തോ ശബ്ദം കേട്ട് അവിടെ നിന്നും പോയി. പിറ്റേന്ന് രാവിലെ സെറ്റിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്നും കേള്‍ക്കുന്നത് ചീത്തയാണ്. പല നടിമാര്‍ക്കം ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പലരും പേടിച്ചിട്ട് ഒന്നും പറയില്ല. എങ്ങനെയെങ്കിലും ഈ സിനിമയൊന്ന് തീര്‍ത്താല്‍ മതി എന്നാകും. അങ്ങനെ വരുമ്പോള്‍ പറഞ്ഞതില്‍ നിന്നും രണ്ട് സീന്‍ കുറയും” സുമ ജയറാം പറഞ്ഞു.

“അന്ന് ഇന്നത്തെ പോലെ ആയിരുന്നില്ല. അതിനാല്‍ ധാരാളം ത്യാഗം സഹിക്കേണ്ടിവന്നു. എല്ലാവര്‍ക്കും കുടുംബങ്ങളുള്ളതിനാല്‍ ആരും ശബ്ദമുയര്‍ത്തില്ല. ഇന്നും, ശബ്ദമുയര്‍ത്തുന്നവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. നല്ല വേഷങ്ങള്‍ കിട്ടാനായി ‘നിന്നു കൊടുത്തിരുന്നെങ്കില്‍’ രക്ഷപെട്ടേനേ’. ഇതെല്ലാം എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ മീ ടൂ എല്ലാം ഉണ്ട്. ഇന്‍ഡസ്ട്രി ഒരുപാട് മാറിയിരിക്കുന്നു. ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് കുറേക്കൂടി ധൈര്യമുണ്ട്. ഒറ്റയ്ക്ക് വന്ന് അഭിനയിച്ചു പോവുകയും പറയാനുള്ളത് ഭയമില്ലാതെ തുറന്ന് പറയാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. സുമ ജയറാം കൂട്ടിച്ചേർത്തു.

കുട്ടേട്ടന്‍, മഴയെത്തും മുന്‍പേ, ഹിസ് ഹൈനസ് അബ്ദുള്ള, ഏകലവ്യന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് സുമ ജയറാം. ചെറുതും വലുതമായി നിരവധി കഥാപാത്രങ്ങള്‍ സുമ ജയറാം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും അവര്‍ സാന്നിധ്യമായിട്ടുണ്ട്.