യുവനടി തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി യുവനടി സുബര്‍ണ ജഷിനെ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. 23 വയസുകാരിയായ നടി ബര്‍ദ്വാനിലെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച തന്നെ നടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും സംശയകരമായ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇത് പൊലീസ് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. സുബര്‍ണ വിഷാദരോഗിയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യയിലേക്ക് നടിയെ നയിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബര്‍ദ്വാന്‍ സ്വദേശിയായ സുബര്‍ണ കൊല്‍ക്കത്തയില്‍ പഠനത്തിനായി പോയിരുന്നു. ഇക്കാലത്താണ് അഭിനയ രംഗത്തെക്കും ചുവടുറപ്പിച്ചത്. നടിയാകണമെന്ന് ആഗ്രഹിച്ചിരുന്ന സുബര്‍ണ പഠനത്തിനിടയിലും അനേകം ഓഡിഷനുകളില്‍ പങ്കെടുക്കുമായിരുന്നു. സീരിയലുകളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ സുബര്‍ണ മികച്ച വേഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. അടുത്തിടെ വീട്ടിലേക്ക് തിരികെയെത്തിയെങ്കിലും സന്തോഷവതിയായിരുന്നില്ല. അതുകൊണ്ടുതന്നെ സുബര്‍ണയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.