കൊറോണയുമായി ബന്ധപ്പെട്ട് സാധിക പങ്കുവെച്ച പോസ്റ്റിനെതിരെ യൂണിസെഫ്, ക്ഷമ ചോദിച്ച് താരം

കൊറോണ വൈറസുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് കുറിപ്പിന് മാപ്പ് പറഞ്ഞ് നടി സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സാധിക. തന്റെ നിലപാടുകള്‍ വ്യക്തമായി തുറന്നു പറയുകയും വിമര്‍ശനങ്ങളെ നേരിടാറുമുണ്ട് താരം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജില്‍ സാധിക കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. എന്നാല്‍ സാധികയുടെ പോസ്റ്റ് വ്യാജമാണെന്ന് യൂണിസെഫ് തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കുകയായിരുന്നു.

‘താഴെ നല്‍കിയിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രേക്ഷകരെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പോസ്റ്റിന്റെ രചയിതാവ് യൂണിസെഫ് കംബോഡിയ അല്ല. അറിയിപ്പുകള്‍ക്കായി യൂണിസെഫിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ മാത്രം പിന്തുടരുക’ എന്നാണ് യൂണിസെഫിന്റെ ട്വീറ്റ്. സാധികയുടെ പോസ്റ്റും യൂണിസെഫ് ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സാധിക കൊറോണയുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചത്. 400-500 മൈക്രോ വ്യാസമുള്ള കൊറോണ വൈറസ് വലുപ്പമുള്ളതിനാല്‍ ഏത് മാസ്‌കും അതിന്റെ പ്രവേശനത്തെ തടയുമെന്നും വായുവിലൂടെ പകരില്ലെന്നുമുള്ള വിവരങ്ങളാണ് പോസ്റ്റില്‍ ഉള്ളത്. ഇതെല്ലാം വ്യാജമാണെന്നാണ് യൂണിസെഫ് വ്യക്തമാക്കിയത്.

എന്നാല്‍ തന്റെ പേജ് പ്രമോര്‍ട്ടേഴ്‌സാണ് കൈകാര്യം ചെയ്യുന്നതെന്നും താന്‍ ഈ പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ലായിരുന്നുവെന്നും സാധിക പ്രതികരിച്ചു. താന്‍ അതിന്റെ ഉത്തരവാദിയാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും സാധിക പറയുന്നു.