
‘മെഡിക്കൽ മിറാക്കിൾ’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ ചടങ്ങിനിടയിലെ വിഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടിയുമായി നടി പാർവതി കൃഷ്ണ. വേദിയിൽ വച്ച് സംവിധായകൻ ശ്യാമിൻ ഗിരീഷ് അനുചിതമായി സ്പർശിച്ചു എന്ന തരത്തിലുള്ള ചർച്ചകൾക്ക് അടിസ്ഥാനമില്ലെന്നും കാര്യങ്ങൾ അനാവശ്യമായി സങ്കീർണമാക്കരുമെന്നും താരം വ്യക്തമാക്കി.
സെപ്റ്റംബർ 18ന് തിയറ്ററുകളിൽ എത്തുന്ന സംഗീത് പ്രതാപ് ചിത്രമാണ് ‘മെഡിക്കൽ മിറാക്കിൾ’. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ തിടുക്കത്തിൽ വേദിയിലെത്തി സോഫയിലിരുന്ന പാർവതിയോട്, സംവിധായകനും അദ്ദേഹത്തിന്റെ ഭാര്യയും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്രയും ചേർന്ന് സംസാരിക്കുന്ന ദൃശ്യങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്. പാർവതി മാനസികമായി അസ്വസ്ഥയാണെന്ന് തോന്നിക്കുന്ന രീതിയിലുള്ള വിഡിയോ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും കൃത്യസമയത്ത് പരിപാടിക്ക് എത്താൻ കഴിയാത്തതിന്റെ സങ്കടം പറഞ്ഞപ്പോൾ അവർ തന്നെ ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പാർവതി സോഷ്യൽ മീഡിയയിലൂടെ വിശദീകരിച്ചു. ‘‘ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ദയവുചെയ്ത് കാര്യങ്ങൾ സങ്കീർണമാക്കരുത്. കൃത്യസമയത്ത് എത്താൻ പറ്റാത്തതിന്റെ സങ്കടം പറഞ്ഞതാണ് ഞാൻ, അവർ എന്നെ ആശ്വസിപ്പിച്ചെന്നേയുള്ളൂ’’– പാർവതി വ്യക്തമാക്കി.
നടിയുടെ വിശദീകരണത്തിന് പിന്നാലെ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി. പാർവതിക്ക് എന്തോ വിഷമം ഉണ്ടായിരുന്നതുകൊണ്ടാണ് സംവിധായകനും ഭാര്യയും കാര്യം തിരക്കിയതെന്നും, തൊട്ടടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണെന്നിരിക്കെ തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നത് ശരിയല്ലെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. സാഹചര്യത്തെ ചിരിയോടെ നേരിടാൻ ശ്രമിച്ച നടിയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നതായും പലരും കമന്റ് ചെയ്തിട്ടുണ്ട്. നിലീൻ സാന്ദ്രയുടെ തിരക്കഥയിൽ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
എന്തിനാണ് സംവിധായകൻ പൊതുവേദിയിൽ വച്ച് നടിയുടെ കയ്യിൽ വീണ്ടും വീണ്ടും മനഃപൂർവം സ്പർശിക്കുന്നതെന്നതായിരുന്നു വിഡിയോയിൽ വന്ന പ്രധാന വിമർശനം. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
‘‘വിഡിയോ വീണ്ടും ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും പാർവതിക്ക് എന്തോ വിഷമം ഉണ്ടായിരുന്നു എന്ന്. അവർ രണ്ടുപേരും അത് ചോദിക്കാൻ ശ്രമിക്കുമ്പോൾ ‘പിന്നെ പറയാം’ എന്ന് പാർവതി പറയുന്നുണ്ട്. കണ്ണ് ചെറുതായി നിറഞ്ഞിട്ടുമുണ്ട്.’’, ‘‘അവർ പാർവതിയെക്കുറിച്ച് ആശങ്കപ്പെടുകയാണ്. അവർ അല്പം വിഷമത്തിലാണെന്നും പിന്തുണ ആവശ്യമാണെന്നും വ്യക്തമാണ്.’’ ‘‘തൊടുന്നത് ഒഴിവാക്കാൻ ശ്രമിക്കുകയല്ല പാർവതി ചെയ്യുന്നത്. തൊട്ടടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്. സാഹചര്യത്തെ ചിരിയോടെ നേരിടുക മാത്രമാണ് നടി ചെയ്യുന്നത്.’’ എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ.