
നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംവിധായകൻ സനൽകുമാർ ശശിധരൻ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കും അവകാശവാദങ്ങൾക്കുമെതിരെ നടി മഞ്ജു വാര്യരും കുടുംബവും നിയമനടപടികൾ ശക്തമാക്കിയെന്ന് വെളിപ്പെടുത്തി നടി മാലാ പാർവതി. തന്നെ ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മഞ്ജു വാരിയരും സഹോദരൻ മധുവും സനൽകുമാർ ശശിധരനെ താക്കീത് ചെയ്യുന്ന നിർണായക ഓഡിയോ ക്ലിപ്പുകൾ മഞ്ജുവിന്റെ കുടുംബം കോടതിയിൽ സമർപ്പിച്ചു.
സംവിധായകന്റെ നിരന്തരമായ ശല്യപ്പെടുത്തലുകളും അതിരുകടന്ന പ്രണയാഭ്യർത്ഥനകളും സഹിക്കവയ്യാതെയാണ് കുടുംബം കർശനമായ സ്വരത്തിൽ സംസാരിച്ചത്. എന്നാൽ സ്വന്തം മാന്യതയെപ്രതി മാത്രമാണ് ഈ ശബ്ദരേഖകൾ പരസ്യമായി പുറത്തുവിടാത്തതെന്നും, എന്നാൽ പൊതുജനസമക്ഷം സത്യം ബോധ്യപ്പെടുത്താൻ ഈ രേഖകൾ എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നാണ് വ്യക്തിപരമായ അഭ്യർത്ഥനയെന്നും മാലാ പാർവതി വ്യക്തമാക്കി.
സെക്രട്ടേറിയറ്റിന് മുന്നിൽ സനൽകുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധങ്ങളും പ്രചാരണങ്ങളും എല്ലാ നിയമപരവും സാമൂഹികവുമായ മര്യാദകളും ലംഘിക്കുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ആരുടെയെങ്കിലും അവകാശമാണെങ്കിലും, മഞ്ജു വാരിയർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും തന്നെയും നടിയെയും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നുമുള്ള വാദങ്ങൾ തികഞ്ഞ ഭ്രാന്തും ജൽപനങ്ങളുമാണ്. ഇതിനെ എതിർക്കുന്നവരെയെല്ലാം ‘മാഫിയ’ എന്ന് വിളിക്കുന്ന രീതി അംഗീകരിക്കാനാവില്ല.
മഞ്ജുവിന്റേതെന്ന പേരിൽ ഒരു തമിഴ് സ്ത്രീയുടെ ശബ്ദം സനൽകുമാർ നിരന്തരം പ്രചരിപ്പിക്കുന്നുണ്ട്. ‘എനിക്ക് പറ്റില്ല’ എന്ന വാക്കുകൾ മാത്രം കേൾക്കുന്ന ഈ ശബ്ദം മഞ്ജുവിന്റേതാണെന്നും അവർ ശബ്ദം മാറ്റി സംസാരിക്കുന്നതാണെന്നുമാണ് ഇയാളുടെ വാദം. എന്നാൽ സൈബർ പൊലീസിന് അന്വേഷിച്ചാൽ ഇതിന്റെ സത്യവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന് മഞ്ജു ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. നെറ്റ് കോളാണെന്ന് അവകാശപ്പെടുന്ന ഈ സംഭാഷണങ്ങൾ ഏത് മാധ്യമത്തിലൂടെയാണ് നടന്നതെന്നും, അതിന്റെ ആധികാരികത എന്താണെന്നും സംവിധായകൻ കേരള സമൂഹത്തിന് മുന്നിൽ തെളിയിക്കാൻ ബാധ്യസ്ഥനാണ്.
ഇന്റർനെറ്റ് യുഗത്തിൽ ഇത്തരം വ്യാജ കഥകൾ നിരന്തരം പ്രചരിക്കുന്നത് മഞ്ജു വാരിയരുടെ കരിയറിനെയും ഇതുവരെയുള്ള സംഭാവനകളെയുമാണ് പ്രതികൂലമായി ബാധിക്കുന്നത്. സാമാന്യ യുക്തിക്ക് നിരക്കാത്ത ഈ ആരോപണങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം കണ്ടെത്താനും ഇത്തരം ദുഷ്പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികാരികൾ തയ്യാറാകണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു.
മാലാ പാർവതിയുടെ വാക്കുകൾ;
‘‘സെക്രട്ടേറിയറ്റ് പടിക്കൽ സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം, കേട്ടുകേഴ്വി ഇല്ലാത്തതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന അദ്ദേഹത്തിന്റെ ആവശ്യം, അദ്ദേഹത്തിന്റെ അവകാശമാണ്. എന്നാൽ മഞ്ജു വാരിയർ സെക്സ് റാക്കറ്റിന്റെ പിടിയിലാണ് എന്ന അയാളുടെ വാദം, ജൽപനം മാത്രമാണ്. സനൽ കുമാർ ശശിധരനെയും മഞ്ജുവിനെയും ഒന്നിച്ച് ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നും, അയാൾ പറയുന്നതിന് എതിര് നിൽക്കുന്നവരെല്ലാം ‘മാഫിയ’ ആണെന്നുമുള്ള ഭ്രാന്ത് എല്ലാ അതിരുകളും കടന്നിരിക്കുന്നു.
ഈ വിഷയത്തിൽ, മഞ്ജുവിന് പറയുവാനുള്ളത് കേൾക്കാൻ, ഞാൻ ഒന്നിൽ കൂടുതൽ തവണ മഞ്ജുവുമായി സംസാരിച്ചു. അതിര് കടന്ന പ്രണയാഭ്യർഥന, സഹിക്കാനാവാതെ, മഞ്ജുവും, സഹോദരനും കർശനമായി സംസാരിച്ച ഫോൺ സംഭാഷണം, മഞ്ജുവിന്റെ കൈവശമുണ്ടെന്നും, അത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് എന്നും മഞ്ജു പറഞ്ഞു. ‘‘എന്റെ മര്യാദയ്ക്ക് ചേരാത്തത് കൊണ്ട് ഞാനത് പുറത്ത് വിടുന്നില്ല’’ ഇതാണ് മഞ്ജുവുമായി നടന്ന സംഭാഷണത്തിലെ ഒരു പ്രസക്ത ഭാഗം. പക്ഷേ എനിക്കഭ്യർത്ഥിക്കാനുള്ളത്, മഞ്ജു എത്രയും പെട്ടെന്ന് ആ ഫോൺ സംഭാഷണം പുറത്ത് വിടണമെന്നാണ്.
ഒരു ഒഴിവുമില്ലാതെ, സനൽ കുമാർ ശശിധരൻ നടത്തുന്ന കളി എല്ലാ പരിധിയും വിടുകയാണ്. സെക്രട്ടേറിയറ്റിന്റെ മുന്നിൽ, സെക്സ് റാക്കറ്റിന്റെ പിടിയിലാണ് എന്ന ബാനർ വലിച്ചു കെട്ടി, ഏഴ് വർഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന പഴം പുരാണം ആവർത്തിക്കുകയാണ്. മഞ്ജു വാരിയരെ, അപമാനിക്കാനായി ഒരു തമിഴത്തിയുടെ ശബ്ദം നിരന്തരം കേൾപ്പിക്കുന്നു. അതിലാകട്ടെ നമ്മൾക്ക് കൂടുതൽ കേൾക്കാൻ കഴിയുന്നത് ‘എനിക്ക് പറ്റില്ല’ എന്ന വാക്കാണ്. മഞ്ജു വാരിയരുടെ ശബ്ദമായി പുലബന്ധമില്ലാത്ത ആ ശബ്ദം മഞ്ജുവിന്റേതാണെന്നും, അത് അവർ ശബ്ദം മാറ്റി സംസാരിക്കുന്നതാണ് എന്നും ഇയാൾ ആവർത്തിക്കുന്നു. ഇത് നെറ്റ് കോൾ ആണെന്നും പറയുന്നുണ്ട്.
ഏതായാലും സൈബർ പൊലീസിന് ,അന്വേഷിക്കാൻ പറ്റും. തന്റെ ശബ്ദമാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന തമിഴത്തിയുടെ ആരുടെയാണ് എന്നറിയാനും താല്പര്യമുണ്ട് എന്ന് മഞ്ജു, ചിരിച്ച് കൊണ്ട് പറഞ്ഞു. ഒരു പക്ഷേ മഞ്ജുവിനെ ഈ വിഷയം ബാധിക്കുന്നുണ്ടാവില്ല. ബാലിശമായിട്ടാവും അവർ അത് കാണുന്നത്. പക്ഷേ ഈ ഇന്റർനെറ്റ് യുഗത്തിൽ മഞ്ജു വാരിയർ എന്ന് സെർച്ച് ചെയ്താൽ , സനൽ ശശികുമാർ ശശിധരൻ എന്ന ഈ വ്യക്തി, തന്റെ വാശിക്കായി പറഞ്ഞുണ്ടാക്കുന്ന കഥകൾ മാത്രമാണ് ലഭിക്കുന്നത്. അവർ ഇത്രയും നാൾ ചെയ്ത കാര്യങ്ങൾ, റദ്ദ് ചെയ്ത് പോവുകയാണ്. ഇയാളുടെ ഒരു ആരോപണവും, സാമാന്യ യുക്തിക്ക് യോജിക്കുന്നതല്ല.
സനൽ കുമാർ ശശിധരൻ, ഈ വോയിസ് നോട്ട് എത്രയും പെട്ടെന്ന് പൊലീസിൽ എൽപ്പിക്കണം. ഈ സംസാരം എന്ന് നടന്നു എന്നും, ഏത് മാധ്യമത്തിലൂടെ നടന്നു എന്നും ഇയാൾ തെളിയിക്കണം. നെറ്റ് കോൾ ആണെങ്കിലും യുആർഎൽ വച്ച് ട്രെസ് ചെയ്യാനാകും. ശബ്ദത്തിന്റെ ആധികാരികതയും, പരാതിക്കാരൻ, കേരള സമൂഹത്തെ ബോധ്യപ്പെടുത്തണം.