
പ്രമുഖ ചലച്ചിത്ര താരം നിത്യ ദാസിന്റെ പിതാവും റിട്ടയേർഡ് സബ് ഇൻസ്പെക്ടറുമായ എ. മോഹൻദാസ് അന്തരിച്ചു. 75 വയസ്സായിരുന്നു. പിതാവിന്റെ വിയോഗവാർത്ത നിത്യ ദാസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചത്.
മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 8 മണിക്ക് കോഴിക്കോട് മാങ്കാവ് മാനാരി ശ്മാശാനത്തിൽ നടക്കും. ബൃന്ദ ദാസ് ആണ് നിത്യയുടെ സഹോദരി.
‘‘അച്ഛനു വിട, ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ, റിട്ട. എസ്ഐ. എ. മോഹൻദാസ് ഇന്ന് നിര്യാതനായി. ശവസംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 8:00 മണിക്ക്, മാങ്കാവ് മാനാരി ശ്മശാനത്തിൽ നടക്കുന്നതാണ്,’’ നിത്യാ ദാസിന്റെ വാക്കുകൾ.
2001ൽ ദിലീപ് നായകനായെത്തിയ ‘ഈ പറക്കും തളിക’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് നിത്യ ദാസ് മലയാള സിനിമാലോകത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ബാലേട്ടൻ, കുഞ്ഞിക്കൂനൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കഥാവശേഷൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത താരം പിന്നീട് മിനിസ്ക്രീനിലൂടെ മലയാളത്തിലും തമിഴിലുമായി സജീവ സാന്നിധ്യമായി മാറി. ജമ്മു സ്വദേശിയായ അരവിന്ദ് സിംഗാണ് ഭർത്താവ്. നൈന, നമൻ എന്നിവരാണ് മക്കൾ.