ആ ഒരു തീ…ഇവളൊരുത്തീ…

യുവജനോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്കെത്തി നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. ഇടയ്ക്ക് റിയാലിറ്റി ഷോകളില്‍ അവതാരികയായി എത്തിയിരുന്നെങ്കിലും താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയിലൂടെ നവ്യ വെള്ളിത്തിരയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് താരം.

  • ഒരുത്തീയ്ക്കുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍..

ചിത്രത്തിന്റെ വര്‍ക്ക് പുരോഗമിക്കുകയാണ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാന്‍ ചെയ്യുന്ന സിനിമയാണ് ഒരുത്തീ. ഒരുപാട് കഥകള്‍ കേട്ടിരുന്നുവെങ്കിലും പലതും തിരിച്ചുവരാന്‍ പാകത്തിനുള്ളൊരു സിനിമയായിട്ടെനിക്ക് തോന്നിയില്ല. അത്‌കൊണ്ടാണ് ഇതുവരെയും ചെയ്യാതിരുന്നത്. എന്നെകൊണ്ട് കഴിയുന്നവിധം നല്ലൊരു സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കുക എന്ന ചുമതല ഞാന്‍ ചെയ്തു. അഭിനയവും മാക്‌സിമം നന്നാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇനി അത് വിലയിരുത്തേണ്ടത് ജനങ്ങളാണ്. അവര്‍ക്കിഷ്ടമാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

  • ഉള്ളില്‍ ഒരു തീ ഉണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തിന്റെ കഥകേട്ടപ്പോള്‍ എന്താണ് തോന്നിയത്..?


കഥ കേട്ടപ്പോള്‍തന്നെ എനിക്ക് വളരെയധികം ഇഷ്ടമായി. പക്ഷേ കഥ ഇഷ്ടപ്പെട്ടെങ്കിലും ഒരു സിനിമയ്ക്ക് ഉള്ളിലെ തീയും കഥയും മാത്രം പോരായിരുന്നു. സ്ത്രീ കേന്ദ്രീകൃതമായൊരു സിനിമയാണിതെന്നതിനാല്‍ ആദ്യം ഒരു പ്രൊഡ്യൂസര്‍ വേണമായിരുന്നു. അങ്ങനെയാണ് ഞാന്‍ നാസര്‍ ഇക്കയോട് ഇതിനെപറ്റി സംസാരിക്കുന്നതും, ബെന്‍സി പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറാവുകയും ചെയ്തത്. എന്റെയും തിരക്കഥാകൃത്ത് സുരേഷ് ബാബു സാറിന്റെയും സംവിധായകന്‍ വി.കെ.പിയുടെയും ഉള്ളിലുണ്ടായ ഫയറെല്ലാം പൂര്‍ണ്ണമായത് ഒരു പ്രൊഡക്ഷന്‍ കമ്പനി ഈ സിനിമ ചെയ്യാന്‍ വളരെ സന്തോഷത്തോട് കൂടി വന്നപ്പോഴാണ്. എന്നെ സംബന്ധിച്ച് ഒരു സ്വപ്‌നമാണീ ചിത്രം. നല്ലൊരു സിനിമ ചെയ്ത് തിരിച്ച് വരണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. ചിത്രം പൂര്‍ത്തിയായിട്ടില്ല, തുടങ്ങിയിട്ടേയുള്ളു. അത് പൂര്‍ണ്ണമാവണമെങ്കില്‍ ഇനി പ്രേക്ഷകര്‍ സ്വീകരിക്കണം.

  • ഒരുപാട് നല്ല സിനിമകളുടെ ഭാഗമായെങ്കിലും ഇടവേള വന്നു. ഈ ഇടവേളയിലും സോഷ്യല്‍മീഡിയയില്‍ ആക്ടീവായിരുന്നു. അതിനേക്കുറിച്ച്…?

സോഷ്യല്‍ മീഡിയയില്‍ വളരെ വൈകിയാണ് ഞാന്‍ വന്നത്. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമൊന്നും ഞാനങ്ങനെ നോക്കാറില്ലായിരുന്നു. ഫേസ്ബുക്ക് നോക്കാന്‍ വേറെ അഡ്മിന്‍സ് ഉണ്ടായിരുന്നു. പിന്നെ ഒരു മൂഡ് തോന്നുമ്പോള്‍ എന്തെങ്കിലുമൊക്കെ അപ്‌ലോഡ് ചെയ്യും. അതില്‍ ചിലതൊക്കെ ആളുകള്‍ക്ക് ഇഷ്ടപ്പെടും. ചിലരൊക്കെ പറയും പ്രത്യേക ദിവസങ്ങളില്‍ കൂടുതല്‍ ലൈക്കുകള്‍ ഉണ്ടാവുമെന്നെല്ലാം. പക്ഷെ ഞാനങ്ങനെയൊന്നും ചെയ്യാറില്ല. പ്രോപ്പറായിട്ട് ഇന്ന സമയത്ത് അപ്‌ലോഡ് ചെയ്യണമെന്ന് ഒട്ടും പ്ലാനുണ്ടായിരുന്നില്ല. ഇതൊന്നും പ്രത്യേകിച്ച് ഒരു ബോധം വെച്ചിട്ട് ഇടുന്നതുമല്ല, ചിലപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടാനായിട്ട് ഞാന്‍ ഫോട്ടോയൊക്കെ എടുക്കുമെങ്കിലും അത് പോസ്റ്റ് ചെയ്യാന്‍ തന്നെ എന്നോട് മറന്നുപോകും. പിന്നീട് ഫ്രീയായി ഇരിക്കുന്ന സമയത്ത് ഫോണ്‍ നോക്കുമ്പോള്‍, ആ ഫോട്ടോ ഗാലറിയില്‍ എവിടെയോ ആയിരിക്കും. അപ്പോഴേക്കും ആ ചിത്രത്തിന്റെ പ്രസക്തി കഴിഞ്ഞിട്ടുണ്ടാവും. മറ്റുചിലപ്പോള്‍ ഫോട്ടോസ് എടുത്ത് വളരെ ആവേശത്തോടെ പോസ്റ്റ് ചെയ്യാറുമുണ്ട്.

  • മലയാള സിനിമയില്‍ വന്ന മാറ്റങ്ങള്‍…?

ഒരുപാട് മനോഹരമായ സിനിമകള്‍ ഉണ്ടായി. ഒരുപാട് നല്ല കഥാപാത്രങ്ങളും, കഥകളും കണ്ടംപററിയായിട്ടുള്ള സിനിമകളും റിയലിസ്റ്റിക്കായിട്ടുള്ള സബ്ജക്ടുകളും വന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറിയില്‍ അംഗമാവാന്‍ സാധിച്ചു. ഹെലന്‍, വികൃതി തുടങ്ങിയ ചിത്രങ്ങളെല്ലാം എനിക്ക് വളരെയധികം ഇഷ്ടമായി.

  • സിനിമയ്‌ക്കൊപ്പം തന്നെയായിരുന്നോ…?

തീര്‍ച്ചയായും. എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ താല്‍പ്പര്യമുള്ളത് കലാപരമായ കാര്യങ്ങളോടാണ്. സിനിമ കാണാനും കച്ചേരി കേള്‍ക്കാനും ഡാന്‍സ് പ്രോഗ്രാമുകള്‍ കാണാനുമെല്ലാം വളരെ ഇഷ്ടമാണ്.

  • സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനുണ്ടായ കാരണം..?

ആദ്യമെല്ലാം മകന്‍ ചെറുതായതിനാല്‍ ആ പ്രശ്‌നങ്ങളുണ്ടായിരുന്നു. പിന്നീട് ഞാന്‍ കേള്‍ക്കുന്ന കഥാപാത്രങ്ങളൊന്നും എനിക്ക് കണ്‍വിന്‍സിങ്ങായിട്ട് തോന്നിയില്ല. ഞാന്‍ വീണ്ടും സിനിമയില്‍ വന്നിട്ട് ആളുകള്‍ക്ക് എന്നോടുള്ള ഇഷ്ടം വെറുതേ കളയരുതെന്ന് വിചാരിച്ച് നല്ലൊരു സബ്ജക്ടിനായിട്ട് കാത്തിരിക്കുകയായിരുന്നു.

  • ഒരുപാട് സ്ത്രീപക്ഷ സിനിമകള്‍ ഇവിടെ ഇറങ്ങിയിട്ടുണ്ട്. എത്രമാത്രം ഒരു സാധാരണ പെണ്‍കുട്ടിയ്ക്ക് പ്രസക്തി നല്‍കുന്ന ചിത്രമാണ് ഒരുത്തീ…?

നൂറ് ശതമാനവും ഒരു സാധാരണ സ്ത്രീയ്ക്ക് പ്രസക്തി നല്‍കുന്നൊരു ചിത്രമാണ് ഒരുത്തീ. ഒരു സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല, ഒരു സാഹചര്യമാണ്, അതില്‍ കുടുങ്ങിപോകുന്നത് ഒരു സ്ത്രീയാണെന്നേയുള്ളൂ. അതിനെ അവള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചാണ് സിനിമ. അതില്‍പെട്ടുപോയ ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ട് മൂന്ന് ദിവസങ്ങളാണ് പറയുന്നത്. നമ്മള്‍ ഒരിക്കലും ചിന്തിക്കാത്ത സാഹചര്യത്തിലേക്കാണ് അവള്‍ എത്തിപ്പെടുന്നത്.

  • വി.കെ.പിയ്‌ക്കൊപ്പമുള്ള എക്‌സ്പീരിയന്‍സ്..?

പ്രവചനാതീതമാണ് വി.കെപി. ആദ്യം ഞാന്‍ സാര്‍ എന്നായിരുന്നു വിളിച്ചത്. അദ്ദേഹം തന്നെയാണ് സാര്‍ എന്നു വിളിക്കേണ്ട വി.കെ.പി എന്നു വിളിച്ചാല്‍ മതിയെന്ന് എന്നോട് പറഞ്ഞത്. വളരെ സീനിയറായിട്ടുള്ളൊരു ഡയറക്ടറാണ്. ഞാന്‍ എല്ലാവരെയും പൊതുവേ സാര്‍ എന്നാണ് വിളിക്കാറ്. അതില്‍ പേരെടുത്ത് വിളിക്കുന്നത് വി.കെ.പിയെ മാത്രമേയുള്ളൂ. പക്ഷെ മൂന്ന് ഇനീഷ്യല്‍സായത് കൊണ്ട് അത് അദ്ദേഹത്തിന്റെ പേരായിട്ട് നമുക്ക് ഫീല്‍ ചെയ്യുന്നില്ലെന്ന ആശ്വാസമുണ്ട്. അദ്ദേഹത്തിനൊപ്പം എത്രത്തോളം ഞാന്‍ കംഫര്‍ട്ടബിളാവും എന്നത് വി.കെ.പിയെ ആദ്യമായിട്ട് കണ്ടപ്പോഴും സംസാരിക്കുമ്പോഴുമൊന്നും എനിക്കറിയല്ലായിരുന്നു. പക്ഷെ ഷൂട്ട് തുടങ്ങി ആദ്യദിവസം കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി നമുക്ക് എല്ലാ സ്‌പെയ്‌സും തരുന്ന സംവിധായകനാണ് വി.കെ.പിയെന്ന്. പെര്‍ഫോം ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും കൂടുതല്‍ ഒരു ആര്‍ട്ടിസ്റ്റ് ആഗ്രഹിക്കുന്നതും, വേണ്ടതും.

  • ഒരു നടിയെന്ന നിലയില്‍ നവ്യ എത്രമാത്രമാണ് ഈ ഒരു തിരിച്ചുവരവിനെ നോക്കുന്നത്..?

സിനിമ ഇറങ്ങിയതിന് ശേഷം ആളുകള്‍ വിലയിരുത്തുകയല്ലേ വേണ്ടത്.

  • ചിത്രത്തിന്റെ ക്രൂവിനെക്കുറിച്ച്…?

ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുരേഷേട്ടന്‍ എന്നോട് കഥ പറയുമ്പോള്‍ സ്‌ക്രിപ്റ്റ് വായിക്കുന്നത് പോലെതന്നെയാണ് ഞാന്‍ കേട്ടത്. അത്രയും സീന്‍ ബൈ സീനായിട്ട് കൃത്യമായിട്ട് പറഞ്ഞു തന്നിരുന്നു. അങ്ങനെ കഥ കേട്ടിരുന്നു പോയൊരു സിനിമയാണിത്. ഈശ്വരന്‍ അനുഗ്രഹിച്ചിട്ട് ഇതുവരെ ചെയ്ത സിനിമകളെല്ലാം നല്ലതായിരുന്നു. അങ്ങനെയൊരു കഥയാണ് സുരേഷട്ടന്‍ പറഞ്ഞത്. കഥ പേപ്പറിലേക്ക് വന്നപ്പോള്‍ എന്തായിരിക്കുമെന്ന് അറിയില്ലായിരുന്നു. പക്ഷെ പേപ്പറില്‍ വന്നപ്പോഴും ആ ഒരു സത്യസന്ധത അതില്‍ ഉണ്ടായിരുന്നു. അതാണ് ഒരു കഥയ്ക്ക് ഏറ്റവും കൂടുതല്‍ വേണ്ടതെന്ന് തോന്നുന്നു. സത്യസന്ധത ഉണ്ടാവണം. ഷൈജു ഖാലിദിന്റെ സഹോദരന്‍ ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വളരെ മികച്ചൊരു ഛായാഗ്രാഹകനാണ് അദ്ദേഹം. മൊത്തത്തില്‍ നല്ലൊരു കംഫര്‍ട്ടബിള്‍ സോണ്‍ ആയിരുന്നു ഒരുത്തീയുടെ ലൊക്കേഷന്‍.

  • നന്ദനത്തിലെ ബാലാമണിക്ക് ശേഷമുള്ള കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാവുമെന്ന് കരുതുന്നുണ്ടോ…?

അങ്ങനെയാവട്ടെ.. അതല്ലെ സന്തോഷം.

  • മറ്റേതെങ്കിലും പ്രോജക്ടുകള്‍ കേള്‍ക്കുന്നുണ്ടോ..?

കഥകള്‍ കേള്‍ക്കുന്നുണ്ട്. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പെട്ടെന്ന് കമ്മിറ്റ് ചെയ്യാന്‍ ഒട്ടും ധൃതിയുമില്ല.

  • മകനെക്കുറിച്ച്..? അമ്മയുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ?

എനിക്കൊരു മകനാണ് സായികൃഷ്ണ. ഒന്‍പത് വയസ്സായി. മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. എന്റെ സിനിമകളൊക്കെ അവന്‍ കണ്ടിട്ടുണ്ട്. കല്ല്യാണരാമന്‍, പാണ്ടിപട എന്നീ സിനിമകളാണ് അവന് കൂടുതല്‍ ഇഷ്ടം.

  • ഫാമിലിയുടെ സപ്പോര്‍ട്ട് എങ്ങനെയായിരുന്നു സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍..?

എല്ലാവര്‍ക്കും വളരെയധികം സന്തോഷമാണ്. ഇത് തന്നെയാണല്ലൊ എന്റെ ജോലി.

  • മുഖ്യമന്ത്രി പിണറായിയുമായുള്ള പഴയ ഇന്റര്‍വ്യൂവിന്റെ എക്‌സ്പീരിയന്‍സ്…?

എനിക്ക് മുന്‍പേ അറിയാവുന്ന ആളാണ് അദ്ദേഹം. ഫാമിലിയേയും നന്നായി അറിയാം. അത്‌കൊണ്ട് എനിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ..

  • ഒരുത്തീയിലെ മറ്റ് പ്രധാന താരങ്ങള്‍..?

വളരെ പ്രധാനപ്പെട്ടൊരു ക്യാരക്ടറായി വിനായകനാണ് അഭിനയിക്കുന്നത്. പോലീസ് എസ്.ഐ ആണ്. നല്ലൊരു ക്യാരക്ടറാണ്. ചിത്രത്തില്‍ എന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സൈജു കുറുപ്പാണ് ആ ക്യാരക്ടര്‍ ചെയ്യുന്നത്. സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍ മേനോന്‍ തുടങ്ങി നിരവധിപ്പേര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മ്യൂസിക്ക് ഗോപി സുന്ദറാണ്.