
തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘ജയിലർ 2’വിലൂടെ നടി മേഘ്‌ന രാജ് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തന്റെ മടങ്ങിവരവ് സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പമാണെന്ന വാർത്ത താരം തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. തന്റെ എട്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് അന്തരിച്ച ഭർത്താവും നടനുമായ ചിരഞ്ജീവി സർജയെ അനുസ്മരിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താൻ ജയിലർ 2-ന്റെ ഭാഗമാണെന്ന കാര്യം മേഘ്‌ന സ്ഥിരീകരിച്ചത്.
താൻ എടുക്കുന്ന ഓരോ ചുവടുവെയ്പ്പിലും ചിരഞ്ജീവിയുടെ സാന്നിധ്യം അറിയുന്നുണ്ടെന്നും, അദ്ദേഹം ഏറെ ആരാധിച്ചിരുന്ന രജനി സാറിനൊപ്പം അഭിനയിക്കുക എന്നത് തങ്ങൾ ഒരുമിച്ച് കണ്ട സ്വപ്നമായിരുന്നുവെന്നും മേഘ്‌ന കുറിച്ചു. ഇന്ത്യൻ സിനിമയുടെ ദൈവത്തെ കാണാൻ തന്നെ പ്രേരിപ്പിച്ചത് ചിരുവാണെന്നും ഈ നാഴികക്കല്ല് അദ്ദേഹത്തിന് സമർപ്പിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ചിരഞ്ജീവി സർജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മേഘ്‌നയുടെ കുറിപ്പ്.
“ഈ വാർഷികം വെറുമൊരു ഡേറ്റല്ല, ചിരു… അതൊരു വികാരമാണ്. നിങ്ങളുടെയും എന്റെയും സ്വപ്നങ്ങൾ ഇനി വേർപിരിയില്ലെന്ന് – നമ്മൾ ഒന്നാണെന്ന് – നമ്മൾ തീരുമാനിച്ച ദിവസം. നമ്മൾ ഒന്നായ നാൾ. ഞാൻ എടുക്കുന്ന ഓരോ ചുവടുവെയ്പ്പിലും നിന്റെ സാന്നിധ്യം ഞാൻ അറിയുന്നു… നീ ദൈവത്തോട് കൂടുതൽ അടുത്തിരിക്കുന്നതു പോലെ, ഞാൻ നിങ്ങളോട് അടുത്തിരിക്കുന്നു, എന്നിലൂടെ നീ ജീവിക്കുന്നു, വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ നീ എന്നിലുണ്ട്. നീ അദ്ദേഹത്തെ ആരാധിച്ചിരുന്നു!” മേഘ്ന കുറിച്ചു
“ഞാൻ സ്വപ്നം പോലും കാണാത്ത വിധത്തിൽ ഇന്ത്യൻ സിനിമയുടെ ദൈവത്തെ കാണാൻ നീ എന്നെ പ്രേരിപ്പിച്ചു! ആ ഒരേയൊരു വ്യക്തിയായ രജനി സാറിനൊപ്പം ഒരു സിനിമ! അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോവുകയാണ്. കാരണം ഈ വിജയം, ഈ നാഴികക്കല്ല്, ഈ സിനിമ… നിങ്ങളുടേതാണ്. വിവാഹ വാർഷികാശംസകൾ, എന്റെ ബേബിമ.” മേഘ്ന കൂട്ടിച്ചേർത്തു.
2020 ജൂണിൽ ഹൃദയാഘാതത്തെ തുടർന്നാണ് മേഘ്‌നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചത്. 35 വയസായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. റയാൻ എന്ന് പേരുള്ള ഒരു മകനുണ്ട് ദമ്പതികൾക്ക്.
അതേ സമയം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ’ ആദ്യ ഭാഗം വമ്പൻ വിജയമാണ് നേടിയത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായുള്ള രജനികാന്തിന്റെ രണ്ടാം വരവിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായതായാണ് വിവരം.ഈ വർഷം ജൂൺ 12-ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 ജൂണിൽ ചിരഞ്ജീവി സർജയുടെ വിയോഗത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന മേഘ്‌നയുടെ ഈ തിരിച്ചുപിടിക്കൽ വലിയ ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തിരിക്കുന്നത്.