“ആത്മാക്കളുമായി സംസാരിക്കാനുള്ള സിദ്ധിയുണ്ടായിരുന്നു, ആത്മാക്കളെ പല തവണ നേരിട്ട് കണ്ടിട്ടുമുണ്ട്”; ലെന

','

' ); } ?>

മരിച്ചുപോയ ആളുകളുടെ സാന്നിധ്യവും രൂപങ്ങളും ഒന്നിലേറെ തവണ നേരിട്ട് കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ലെന. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന അപൂർവ്വ അനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. മരിച്ച വ്യക്തികളുടെ അദൃശ്യമായ സാന്നിധ്യത്തെ ‘ആത്മാക്കൾ’ എന്നതിനേക്കാൾ ‘എനർജി ഇംപ്രിന്റ്’ എന്ന് വിളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, ഇത് പാരസൈക്കോളജി എന്ന പഠനമേഖലയുടെ ഭാഗമാണെന്നും ലെന വ്യക്തമാക്കുന്നു.

തന്റെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കുമ്പോഴുണ്ടായ ഒരു സംഭവമാണ് താരം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. രാത്രി ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണർന്നപ്പോൾ, ജീൻസും ജുബ്ബയും ധരിച്ച് സഞ്ചിയുമായി ഒരാൾ മുറിയിലൂടെ നടന്നുപോകുന്നത് കണ്ടു. ജനലിനപ്പുറത്തേക്ക് നടന്നുപോയ ആളെക്കുറിച്ച് വീട്ടുകാരോട് തിരക്കിയപ്പോഴാണ്, മുൻപ് മരിച്ചുപോയ വ്യക്തിയുടെ അതേ രൂപവും വസ്ത്രധാരണവുമാണ് താൻ കണ്ടതെന്ന് മനസ്സിലായത്.

മറ്റൊരു സന്ദർഭത്തിൽ, വീട്ടിലെ മോഷൻ ഡിറ്റക്റ്റിങ് സിസിടിവിയിൽ ‘മനുഷ്യസാന്നിധ്യം ഉണ്ട്’ എന്ന് മുന്നറിയിപ്പ് വന്നു. എന്നാൽ തനിക്ക് സ്ക്രീനിൽ ഒന്നും കാണാൻ സാധിച്ചില്ല. തുടർന്ന് അത്തരം രൂപങ്ങളെ തിരിച്ചറിയാൻ ശേഷിയുള്ള ഒരു സുഹൃത്തിന് സ്ക്രീൻഷോട്ട് അയച്ചുകൊടുക്കുകയും, അവർ ആ സാന്നിധ്യം വട്ടമിട്ട് കാട്ടിത്തരുകയുമായിരുന്നു.

ചില സമയങ്ങളിൽ മുറികളിൽ അജ്ഞാതമായ സാന്നിധ്യം അനുഭവപ്പെടാറുണ്ടെങ്കിലും ഭയം കാരണമാണ് പലരും അതിനോട് ആശയവിനിമയം നടത്താത്തതെന്ന് ലെന പറയുന്നു. ഇത്തരത്തിൽ അദൃശ്യരൂപങ്ങളെ കാണാനുള്ള ഒരു പ്രത്യേക സിദ്ധി തനിക്ക് കുറച്ചുനാൾ ഉണ്ടായിരുന്നുവെന്നും, എന്നാൽ ലഭിച്ച ഉടൻ തന്നെ അത് വേണ്ടെന്നുവെക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.