
സഹോദരിയും നടിയുമായ രാധയുടെ ആരോപണങ്ങൾക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് നടി അംബിക. ചെക്ക് മോഷ്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തെന്ന രാധയുടെ ആരോപണം അങ്ങേയറ്റം വേദനിപ്പിച്ചുവെന്ന് അംബിക മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി ഒരേ കുടുംബത്തിൽ സ്നേഹത്തോടെ കഴിഞ്ഞ സഹോദരി തന്നെ ഒരു കള്ളിയാക്കി ചിത്രീകരിച്ചത് വിശ്വസിക്കാനോ ഉൾക്കൊള്ളാനോ സാധിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ സഹോദരിമാർക്കും സഹോദരന്മാർക്കും വേണ്ടിയാണ് താൻ ജീവിച്ചിട്ടുള്ളതെന്നും, തന്നെ കള്ളിയെന്ന് വിളിച്ച് ആക്ഷേപിച്ചത് താങ്ങാനാകുന്നതിനും അപ്പുറമാണെന്നും അംബിക വിതുമ്പിക്കൊണ്ട് വ്യക്തമാക്കി.
രാധയുടെയും ഭർത്താവിന്റെയും ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അംബികയും സഹോദരൻ മല്ലികാർജുനനും ആരോപിക്കുന്നത്. രാധയുടെ കയ്യിൽ നിന്നും ചെക്ക് മോഷ്ടിച്ചുവെന്ന വാദം അവിശ്വസനീയമാണ്. ഹാൻഡ് ബാഗിന് പോലും പ്രത്യേക നമ്പർ ലോക്ക് ഉപയോഗിക്കുകയും ഉറങ്ങാൻ കിടക്കുമ്പോൾ അത് കബോർഡിനുള്ളിൽ വെച്ച് വീണ്ടും ലോക്ക് ചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രാധ. അത്രയും ജാഗ്രതയുള്ള ഒരാൾ ഒപ്പിട്ട ചെക്കുകൾ മറ്റൊരിടത്ത് മറന്നുവെച്ചു എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ചെക്ക് തിരിച്ച് വന്നത് തനിക്കാണെന്നും, താനാണ് യഥാർത്ഥത്തിൽ പരാതി നൽകേണ്ടിയിരുന്നതെന്നും അംബിക വ്യക്തമാക്കി.
രാധയല്ല, അവരുടെ ഭർത്താവാണ് ഇതിനെല്ലാം പിന്നിലെന്ന് അംബിക ആരോപിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് രാധ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. തങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും നിരവധി റിസോർട്ടുകളും ബിസിനസുകളും ഉള്ളവരാണ് രാധയും കുടുംബവും. അങ്ങനെയുള്ളപ്പോൾ തന്റെ പക്കൽ നിന്ന് ഇത്തരത്തിലൊരു തട്ടിപ്പ് നടത്തി എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. തങ്ങളെ പരസ്യമായി അപമാനിച്ചതിനെതിരെയും രാധയുടെ ഭർത്താവ് മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ രീതിയിൽ സംസാരിച്ചതിനെതിരെയും അംബിക കടുത്ത അമർഷം പ്രകടിപ്പിച്ചു. വിഷയത്തിൽ സഹോദരിയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടായതിൽ കടുത്ത മാനസിക വേദനയിലാണെന്ന് വ്യക്തമാക്കി കൊണ്ടാണ് അംബിക മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചത്.
അംബികയുടെ വാക്കുകൾ;
“ഹാൻഡ് ബാഗിന് പോലും പ്രത്യേക നമ്പർ ലോക്ക് ഉപയോഗിക്കുന്ന ആളാണ് രാധ. ഉറങ്ങാൻ കിടക്കുമ്പോൾ ആ ബാഗ് കബോർഡിനുള്ളിൽ വെച്ച് വീണ്ടും ലോക്ക് ചെയ്താണ് സൂക്ഷിക്കാറുള്ളത്. അത്രയും ജാഗ്രതയുള്ള ഒരാൾ ഒപ്പിട്ട ചെക്കുകൾ മറ്റൊരിടത്ത് മറന്നുവെച്ചു എന്ന് പറയുന്നത് അവിശ്വസനീയമാണ്. ചെക്ക് തിരിച്ച് വന്നത് എനിക്കാണ്.
അപ്പോൾ ഞാൻ അല്ലേ പരാതി കൊടുക്കേണ്ടത്. രാധയല്ല അവളുടെ ഭർത്താവാണ് എല്ലാത്തിനും പിന്നിൽ. അയാളാണ് അവർക്ക് വേണ്ട ഉപദേശങ്ങൾ കൊടുക്കുന്നത്. എആർഎസ് ഗാർഡൻ റിസോർട്ട് ആക്കണമെന്നാണ് അവരുടെ ആഗ്രഹം. കേരളത്തിൽ അവർക്ക് യുഡിഎസ് എന്ന് പറഞ്ഞൊരു ഹോട്ടലുണ്ട്. എല്ലാം 7 സ്റ്റാർ, 5 സ്റ്റാർ ഹോട്ടലുകളാണ്.
തിരുവനന്തപുരത്ത് രണ്ടെണ്ണമുണ്ട്. എയർപോർട്ടിനടുത്ത് ഒരു ഹോട്ടലുണ്ട്. പിന്നെ ഒരു കൺവെൻഷൻ സെന്ററുണ്ട്. ദിവസം 10-15 ലക്ഷം രൂപ വരുമാനം വരുന്ന സ്ഥലമാണത്. വലിയൊരു വീട് ഉണ്ട്. വസന്തമാളിക സെറ്റിന്റെ രണ്ടിരട്ടി വലിപ്പമുണ്ട് അതിന്. അത്രയും വലിയ വീടാണ്. ചെങ്കൽ എന്ന് പറയുന്ന സ്ഥലത്ത് ഒരു വീടുണ്ട്. അവിടെ ഒരു സ്കൂളും ഉണ്ട്. ആലപ്പുഴയിലും റിസോർട്ടുണ്ട്.
വാൽപ്പാറയിലോ മൂന്നാറോ ഒക്കെ റിസോർട്ട് ഉണ്ട്. ഇതെല്ലാം അവർക്കുണ്ട്. നല്ല കാര്യം, എനിക്കതിൽ സന്തോഷമേ ഉള്ളൂ. അവർക്ക് 5000 കോടി സ്വത്തുണ്ട്. എനിക്ക് സന്തോഷമേയുള്ളൂ. അങ്ങനെയുള്ളപ്പോൾ എന്റെ സ്വത്ത് എന്തിനാണ് അവൾക്ക് ?. അതിന്റെ പകുതി പോലും ഞാൻ ചോദിക്കുന്നില്ല. ‘എആർഎസി’ലെ ‘എ’ മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ. അതെന്തിനാണ് അവൾക്ക് ഇപ്പോൾ ?.
അതുമാത്രമല്ല, ഒരു വിഷയം നടക്കുമ്പോൾ സംസാരിക്കണ്ടേ. അവർ തന്നെ ആളെ വച്ച് നമുക്ക് ചെക്ക് തന്നു. അവർ തന്നെ എല്ലാം ചെയ്തിട്ട്, അയ്യോ എന്റെ മുറിയിൽ നിന്ന് വലിയൊരു തുക എടുത്തു എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. ആ ചെക്ക് വീട്ടിൽ വേണ്ടേ. ഇത്രയും സൂത്രശാലി ആയിരിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചിട്ടില്ല.
എന്റെ സഹോദരി അങ്ങനെ ചെയ്യില്ല, അല്ലെങ്കിൽ എന്റെ സഹോദരൻ അങ്ങനെ ചെയ്യില്ല എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. ആ വിശ്വാസം അങ്ങനെയേ തകർന്നു പോയി. അവളുടെ പ്രശ്നമല്ല അത്, കൂടെയുള്ള ആളുകൾ അവൾക്ക് പറഞ്ഞു കൊടുക്കുന്നത് അങ്ങനെയാണ്. ആരെങ്കിലും ഒരു കാര്യം പറഞ്ഞാൽ, ആ അവർ പറയുന്നതാകും ശരി. അല്ലെങ്കിൽ എന്റെ ഭർത്താവ് അല്ലേ പറയുന്നത്.
അവർ പറയുന്നതാകും ശരി എന്ന് അവൾ വിചാരിക്കുന്നതാണ്. കാരണം അവൾ അങ്ങനെയൊരു സ്ത്രീ അല്ല, വളരെ നല്ല സ്ത്രീയാണ്. എന്റെ വീട്ടിൽ ചെക്ക് ഇല്ല. ചെക്ക് കൊണ്ടുവന്നത് അവരുടെ മാനേജരാണ്. ഈ ഒരു വിഷയം ഞാനിതുവരെ പൊതുവിടത്തിൽ വന്നു പറഞ്ഞിട്ടില്ല. അത് ചെയ്തതും അവൾ തന്നെയാണ്.
പക്ഷേ അങ്ങനെ ചെയ്യുമ്പോൾ അവൾക്ക് എന്നോട് ഒരു വാക്ക് പറയാമാരുന്നല്ലോ, ‘ചേച്ചി ഞാനിങ്ങനെ ചെയ്യുന്നുണ്ട്’ എന്ന്. എന്തിനവളത് മറച്ചു വയ്ക്കണം. അവളുടെ ഭർത്താവ് ഒരു മലയാളം ചാനലിൽ അഭിമുഖത്തിൽ പറയുമ്പോഴാണ് ഇതൊക്കെ ഞാനറിയുന്നത്. എന്നെ കള്ളി എന്ന് വരെ വിളിച്ചു. അതെനിക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. എന്റെ കുട്ടിക്കാലം മുതലേ എന്റെ സഹോദരിമാർക്കും സഹോദരൻമാർക്കും വേണ്ടിയേ ഞാൻ ജീവിച്ചിട്ടൊള്ളൂ.
മോഷണം ഒന്നും എനിക്കറിയില്ല. ഞാൻ വളരെ ജോളിയായി നടക്കുന്ന ഒരാളാണെന്ന് നിങ്ങൾക്കൊക്കെ അറിയാം. അങ്ങനെയുള്ള എന്നെ കള്ളി എന്ന് വിളിച്ചത് എനിക്ക് സഹിക്കാനാകില്ല. അവൾ പറയുന്നത് പോട്ടേ. അവളുടെ ഭർത്താവ് ഒരു മലയാളം ചാനലിൽ വന്നിരുന്ന് എന്നെ ‘അവൾ’, ‘ഇവൾ’ എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്നു. ഞാൻ മോഷ്ടിച്ചു കൊണ്ട് പോയി, പറ്റിച്ചു എന്നൊക്കെ പറയുന്നു.
ഇയാൾ ആരാണ്… എന്നെ ‘അവൾ, ഇവൾ’ എന്നൊക്കെ വിളിക്കാൻ. എനിക്ക് വേണമെങ്കിൽ അങ്ങനെയൊക്കെ പറയാമല്ലോ. പക്ഷേ ഞാനത് ചെയ്യാത്തത് അവളോടുള്ള മര്യാദ ഒന്നു കൊണ്ട് മാത്രമാണ്. അതുകൊണ്ടാണ് ആ മര്യാദ അവളുടെ ഭർത്താവിനോടും ഞാൻ കാണിക്കുന്നത്.
എന്റെ ഭാര്യയുടെ ചേച്ചിയോട് മര്യാദയോടെ പെരുമാറണമെന്ന് അയാൾക്ക് എന്താ അറിയില്ലേ. ഞാൻ മോഷ്ടിച്ചു കൊണ്ട് പോയി എന്നാണ് പറയുന്നത്. ഹാൻഡ് ബാഗ് വരെ ലോക്ക് ചെയ്ത് പോകുന്ന ഒരാളുടെ കയ്യിൽ നിന്ന് ഞാനെന്ത് മോഷ്ടിക്കാനാണ് ?”.- പൊട്ടിക്കരഞ്ഞു കൊണ്ട് അംബിക മാധ്യമങ്ങളോട് പറഞ്ഞു.