വിഷ്ണുവിന്റെ സിനിമാലോകം

നാടകത്തിന്റെ തട്ടകത്തില്‍ നിന്നെത്തി മെക്‌സിക്കന്‍ അപാരത, ഇയ്യോബിന്റെ പുസ്തകം, മദ്രാസ് കഫേ, ചാലക്കുടിക്കാരന്‍ ചങ്ങാതി എന്നീ ചിത്രങ്ങളിലെ മറക്കാനാവാത്ത വേഷങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് വിഷ്ണു ഗോവിന്ദ്. സിനിമയോടുള്ള അഭിനിവേശത്തിലൂടെ നീണ്ട നാളത്തെ പരിശ്രമത്തിനൊടുവില്‍ നേടിയെടുത്ത അഭിനയപാടവവും വേഷത്തിനൊത്ത് പ്രതിഫലിക്കുന്ന ശബ്ദവും തന്നെയാണ് വെള്ളിത്തിരയിലെ വിഷ്ണുവിന്റെ കരുത്ത്. നീരജ് മാധവ് നായകനായെത്തിയ ഗൗതമന്റെ രഥം എന്ന ചിത്രമാണ് വിഷ്ണുവിന്റെ ഏറ്റവുമൊടുവില്‍ തിയറ്ററിലെത്തിയ ചിത്രം. രസകരമായ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കോട്ടയംകാരന്‍ ഇപ്പോള്‍ സ്വന്തം കഥ പറയാനുള്ള ഒരുക്കത്തിലാണ്. തന്റെ ആദ്യ സംവിധാന സംരഭത്തിനായി വിഷ്ണു തയ്യാറെടുക്കുമ്പോള്‍ സെല്ലുലോയ്ഡിനൊപ്പം ചേരുകയാണ്…

 • വിഷ്ണുവിന്റെ ഏറ്റവും പുതിയ പ്ലാന്‍…?

ഈ വര്‍ഷം ഒരു പുതിയ സിനിമ ഡയറക്ട് ചെയ്യാനുള്ള പ്ലാന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എഴുത്തൊക്കെ കഴിഞ്ഞു, ഈ വര്‍ഷം പകുതിയോടെ ഷൂട്ട് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. പ്രതീക്ഷകളാണ്. എല്ലാം നന്നായി വരട്ടെ. ഇപ്പോള്‍ ഇതാണ് ഏറ്റവും പുതിയ വിശേഷം.

 • ഇപ്പോള്‍ അഭിനയിച്ച ചിത്രങ്ങളേതൊക്കെയാണ്…?

ഏറ്റവും ഒടുവില്‍ അഭിനയിച്ചത് നീരജ് മാധവിന്റെ ഗൗതമന്റെ രഥം എന്ന ചിത്രത്തിലാണ്. നല്ല റെസ്‌പോണ്‍സ് ലഭിച്ചിരുന്നു. വര്‍ക്ക് കഴിഞ്ഞിരിക്കുന്ന ചിത്രങ്ങള്‍ ഗോകുല്‍ സുരേഷിന്റെ സായാഹ്ന വാര്‍ത്തകള്‍, നീരജിന്റെ തന്നെ കാ എന്നീ സിനിമകളാണ്. അടുത്തിടെ ‘അറ്റന്‍ഷന്‍ പ്ലീസ്’ എന്ന് പറയുന്ന ഒരു ഇന്‍ഡിപെന്‍ഡന്റ് സിനിമയും ചെയ്തിരുന്നു. ഫിലിം ഫെസ്റ്റിവലുകളില്‍ മത്സരിക്കാന്‍ പാകത്തിന് ഒരുക്കിയ ഒരു ഫിലിമാണത്. യൂട്യൂബില്‍ തരംഗമായ മുപ്പത് സെക്കന്‍ഡുള്ള ഷോര്‍ട്ട് ഫിലിം ‘ദേവിക’യുടെ സംവിധായകനും രചയിതാവുമായ ജിതിന്‍ ഐസക്കാണ് ഇത് സംവിധാനം ചെയ്യുന്നത്. ഒരു വീട്ടില്‍ ഒരു ദിവസം കൊണ്ട് നടക്കുന്ന രസകരമായ ഒരു കഥയാണ്. അഞ്ചോ ആറോ ക്യാരക്ടേഴ്‌സ് മാത്രമേയുള്ളു. അതിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് മറ്റു വര്‍ക്കുകളൊക്കെ പുരോഗമിക്കുകയാണ്.

 • എന്താണ് ‘അറ്റന്‍ഷന്‍ പ്ലീസ്’ എന്ന ചിത്രത്തിലെ വേഷം…?

അതില്‍ ലീഡ് കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ചെയ്യുന്ന സിനിമയായത് കൊണ്ട് അങ്ങ് ചെയ്ത് കളയാം എന്ന് തോന്നി. എന്തായാലും നന്നായിത്തന്നെ വന്നിട്ടുണ്ട്. ഈ വര്‍ഷത്തെ ഫെസ്റ്റിവലുകളിലേക്ക് അയച്ച് തുടങ്ങണം.

 • നീരജ് മാധവിനൊപ്പമുള്ള ചിത്രങ്ങളെക്കുറിച്ച്…?

ഗൗതമന്റെ രഥത്തില്‍ സത്യത്തില്‍ എനിക്ക് ഒരു ഗസ്റ്റ് അപ്പിയറന്‍സാണെന്ന് തന്നെ പറയാം. ‘കാ’ എന്ന സിനിമയില്‍ ചെങ്കല്‍ചൂളയിലുള്ള ഒരു പറ്റം സുഹൃത്തുക്കളെപ്പറ്റിയാണ് പറയുന്നത്. ചെങ്കല്‍ചൂളയില്‍ നിന്നും വരുന്നവര്‍ എന്ന നിലയ്ക്ക് അവര്‍ക്ക് നാട്ടുകാരില്‍ നിന്നും ചാര്‍ത്തികിട്ടിയ ഒരു പട്ടമുണ്ട്. ആ ബുദ്ധിമുട്ടുകളും പേരുദോഷവുമൊക്കെ സഹിച്ച് അവര്‍ പുതിയൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനിടെ നടക്കുന്ന ഒരു സംഭവമാണ് ആ സിനിമയുടെ ത്രെഡ്. അതിലെ നാല് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളാണ് ഞാന്‍. സായാഹ്ന വാര്‍ത്തകളിലും ഗോകുല്‍ സുരേഷിന്റെ കൂടെയുള്ള ഒരു ലീഡ് ക്യാരക്ടറായാണ് ഞാന്‍ എത്തുന്നത്. രണ്ടു ചിത്രങ്ങളും വെക്കേഷനോടടുത്ത് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

 • എങ്ങനെയാണ് വിഷ്ണുവിന്റെ സിനിമ യാത്രയുടെ തുടക്കം…?

സത്യത്തില്‍ മെക്‌സിക്കന്‍ അപാരത എന്ന സിനിമക്ക് മുമ്പേ തന്നെ അസിസ്റ്റന്റ് ഡയറക്ടറായി ഞാന്‍ സിനിമയിലുണ്ട്. നാടകമായിരുന്നു എല്ലാത്തിന്റെയും തുടക്കം. ആഡ് ഫിലിംസ് ഒക്കെയായി ഇന്‍ഡസ്ട്രിയില്‍ തന്നെയുണ്ട്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലാണ് എന്‍ജിനീയറിങ്ങ് പഠിച്ചത്. ആ സമയത്ത് നാടകം ചെയ്യുന്ന കൂട്ടുകാര്‍വഴി സിനിമയിലും പരിചയങ്ങളുണ്ടായി. അങ്ങനെയാണ് സിനിമയില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറാകുന്നത്. പിന്നെ ഇയ്യോബിന്റെ പുസ്തകത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ചെമ്പന്‍ ചേട്ടന്റെ ചെറുപ്പകാലമായിരുന്നു ചെയ്തത്. അത് ഓഡിഷനിലൂടെ കിട്ടിയ വേഷമാണ്. ഞാന്‍ ആഡ് ചെയ്ത്‌കൊണ്ടിരുന്ന ഡയറക്ടറാണ് മെക്‌സിക്കന്‍ അപാരത എന്ന ചിത്രം ചെയ്തത്. ഇമ്മട്ടി ക്രിയേഷന്‍സ് എന്ന പേരില്‍ ടോമേട്ടനുണ്ടായിരുന്ന ആഡ് എജന്‍സിയില്‍ ഞാന്‍ വര്‍ക്ക് ചെയ്ത് വരികയായിരുന്നു. ടോമേട്ടന്‍ എന്റ അടുത്ത സുഹൃത്തായതുകൊണ്ടും അതില്‍ അങ്ങനെ ഒരു ക്യാരക്ടര്‍ ഉള്ളതുകൊണ്ടുമാണ് അന്നെനിക്ക് ആ വേഷം ലഭിക്കുന്നത്. ആ സിനിമയും അതിലെ ക്യാരക്ടേര്‍സും ഭാഗ്യത്തിന് ഹിറ്റായതുകൊണ്ട് എനിക്ക് പിന്നെയും വേഷങ്ങള്‍ ലഭിച്ചു. ഒന്നും ഞാന്‍ പ്ലാന്‍ ചെയ്തിരുന്നതല്ല, ശരിക്കും എല്ലാം സംഭവിച്ച് പോയതാണ്.

 • ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ നോട്ടബിളായിട്ടുള്ള ഒരു ക്യാരക്ടറാണ് ചെയ്തത്…?

അതിലെ ക്യാരക്ടര്‍ എന്നോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു കഥാപാത്രമാണ്. ഞാന്‍ എന്റെ കംഫേര്‍ട്ട് സോണില്‍ നിന്ന് കൊണ്ട് ഹ്യൂമര്‍ കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്നതിനിടയിലാണ് വിനയന്‍ സാര്‍ അങ്ങനെയൊരു കഥാപാത്രം എനിക്ക് കൊണ്ടുതരുന്നത്. എനിക്കാണെങ്കില്‍ സത്യം പറഞ്ഞാല്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. മണിച്ചേട്ടന്‍ മരിച്ച് അന്ന് രണ്ട് വര്‍ഷത്തോളമേ ആയിട്ടുണ്ടായിരുന്നുള്ളു. അദ്ദേഹത്തെ കൊണ്ടുവന്ന വിനയന്‍ സാറാണ് ആ ചിത്രം സംവിധാനം ചെയ്യുന്നതും. സത്യം പറഞ്ഞാല്‍ വളരെ ചലഞ്ചിങ്ങും അതിലുപരി പേടിയുമായിരുന്നു. നമ്മളില്‍ മറ്റുള്ളവര്‍ കാണിക്കുന്ന ഒരു കോണ്‍ഫിഡന്‍സുണ്ടല്ലോ, അത് തിരിച്ചുകൊടുക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ടെന്‍ഷനായിരുന്നു. ഭാഗ്യത്തിന് സിനിമ ഇറങ്ങിയപ്പോള്‍ അത് വര്‍ക്കൗട്ടായി, ആ ക്യാരക്ടറിന്റെ പ്രാധാന്യം ടിവിയിലും തിയറ്ററിലുമൊക്കെ വന്നപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. എന്നെ വിശ്വസിച്ച് ആ കഥാപാത്രം തന്നതിന് എനിക്ക് സത്യത്തില്‍ വിനയന്‍ സാറിനോടാണ് നന്ദി പറയാനുള്ളത്. വിഷ്ണുവും (വിഷ്ണു വിനയ്) ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഞാന്‍ സാറിനോട് അതിന് മുമ്പ് ഒന്നും സംസാരിച്ചിട്ടില്ല. സാര്‍ പിന്നീട് പ്രശ്‌നങ്ങളൊക്കെ കഴിഞ്ഞ് ഇന്‍ഡിപെന്‍ഡന്റായി വീണ്ടും സിനിമയെടുത്ത് തുടങ്ങിയ സമയത്താണ് ഞാന്‍ അത്തരമൊരു ട്രാക്കിലേക്ക് സാറിന്റെ സഹായത്തോടെ എത്തുന്നത്. ഒരുപാട് സന്തോഷമുണ്ട്.

 • ജിത്തു സാറിനൊപ്പവും മിസ്റ്റര്‍ & മിസ്സിസ് റൗഡി എന്ന ചിത്രത്തിലൂടെ അത്തരമൊരു നല്ല അനുഭവം ലഭിച്ചിട്ടില്ലേ..?

ഞാന്‍ പണ്ട് അസിസ്റ്റന്റ് ഡയറക്ടറായി നടക്കുന്ന സമയത്ത്, അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാനായി ഒരുപാട് തവണ ശ്രമിച്ചിരുന്നു. അന്നൊന്നും അദ്ദേഹത്തെ കാണാന്‍ പോലുമുള്ള അവസരം എനിക്ക് ലഭിച്ചിരുന്നില്ല. അതിനുള്ള ഒരു സാഹചര്യം ലഭിച്ചിരുന്നില്ല എന്നുള്ളതാണ്. ഞാന്‍ അന്ന് ഹംപിയില്‍ ഒരു യാത്രയൊക്കെയായി ചുറ്റിക്കറങ്ങി നടുക്കുന്ന ദിവസമാണ് അദ്ദേഹം എന്നെ വിളിച്ച് ‘വിഷ്ണു.. ഞാന്‍ ജിത്തു ജോസഫാണ്’ എന്ന് പറയുന്നത്. പിന്നെ സാര്‍ എന്നോട് കഥയെക്കുറിച്ചും സിനിമയേക്കുറിച്ചും പറയുകയും രസകരമായിട്ടുള്ള ഒരു എക്‌സ്പീരിയന്‍സ് എനിക്ക് ലഭിക്കുകയും ചെയ്യുകയായിരുന്നു. സാര്‍ സിനിമയെ കാണുന്ന ഒരു രീതിയും, സാറിന്റെ കൂടെയുള്ള ഒരു എക്‌സ്പീരിയന്‍സുമൊക്കെ തന്നെയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡിയില്‍ നിന്ന് എനിക്ക് ലഭിച്ച ഏറ്റവും വലിയ സ്‌കൂളിങ്ങ്. ഞാന്‍ പണ്ട് ചാന്‍സ് ചോദിച്ച് നടന്ന സമയത്തുള്ള അതേ എക്‌സൈറ്റ്‌മെന്റോട് കൂടെ തന്നെയാണ്, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി ഫുള്‍ വര്‍ക്കൗട്ട് ചെയ്തത്. സാറിന്റെ സ്‌ക്രിപ്റ്റ് റീഡിങ്ങ് സെക്ഷനും, സജഷന്‍സും, മെയ്ക്കിങ്ങിന്റെ സമയത്തുമൊക്കെ ശരിക്കും നല്ല രസകരമായ അനുഭവങ്ങളാണ് ലഭിച്ചത്. ദൃശ്യം, മെമ്മറീസ് എന്നീ സിനിമകളിലൂടെയൊക്കെ നമ്മളെ എക്‌സൈറ്റ് ചെയ്യിപ്പിച്ച അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ലഭിച്ച അവസരം തന്നെയാണ് ഏറ്റവും വലിയ കാര്യം.

 • എഴുത്തിന്റെ വഴിയിലേക്കെങ്ങനെയാണെത്തുന്നത്…? ആദ്യമേ കൂടെയുണ്ടോ…?

കഥ പറയുക അല്ലെങ്കില്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി എന്ന് പറയുന്ന ഒരു പരിപാടിയുണ്ട്. ഒരു ഇന്‍സിഡന്റിനെ രസകരമായ, അല്ലെങ്കില്‍ ആള്‍ക്കാരിലേയ്ക്ക് എത്തിക്കുന്ന തരത്തില്‍ എഴുതുക എന്ന ഒരു പോസീവ് റൈറ്റിങ്ങാണത്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയം മുതലേ അത് ഞാന്‍ ചെയ്ത് കൊണ്ടിരിക്കുന്നതാണ്. നാടകത്തില്‍ നിന്നുള്ള സ്‌ക്രിപ്റ്റ് റീഡിങ്ങും, ഇംപ്രവൈസിങ്ങുമൊക്കെ നമ്മുടെ സ്റ്റോറി ടെല്ലിങ്ങിലൂടെയാണ് അധികവും വര്‍ക്കൗട്ട് ചെയ്യുന്നത്. അത് നന്നായി ഡയറക്ഷനിലും പ്രതിഫലിപ്പിക്കാന്‍ പറ്റിയാല്‍ നമുക്ക് എന്ത് കഥ വേണമെങ്കിലും വിഷ്വലി ഫലിപ്പിക്കാന്‍ കൂടി സാധിക്കും. അങ്ങനെയാവട്ടെ എന്നുള്ള വിശ്വാസത്തിലാണ് ചെയ്യുന്നത്.

 • നാടകത്തില്‍ ആരുടെയൊക്കെ ഒപ്പമാണ് ഉണ്ടായിരുന്നത്…?

ഞങ്ങള്‍ക്ക് എറണാകുളത്ത് സെലിബ്രേഷന്‍സ് എന്ന് പറയുന്ന ഒരു നാടകസമിതിയുണ്ടായിരുന്നു. ലോഹിതദാസ് സാറിന്റെ അസോസിയേറ്റായിരുന്ന മനോജ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ വിനോദ് എന്നീ രണ്ട് പേരാണ് അതിന്റെ അമരക്കാര്‍. അവര്‍ കോളേജുകളില്‍ നാടകങ്ങള്‍ പ്രിപെയര്‍ ചെയ്ത് സൗത്ത് സോണ്‍ മത്സരങ്ങളിലൊക്കെ അവതരിപ്പിക്കുന്ന ഒരു ടീമായിരുന്നു. അവര്‍ക്ക് കേരളത്തിലെ തന്നെ എല്ലാ യംഗ്‌സ്‌റ്റേഴ്‌സിന്റെയും ഒരു ബാക്ക് അപ്പ് ഉണ്ട്. അക്കാദമിയില്‍ പോയി നാടകങ്ങള്‍ ചെയ്തും, അമേച്വര്‍ നാടകവേദികളില്‍ അവതരിപ്പിച്ചുമൊക്കെയാണ് ഞങ്ങള്‍ ഇത് തുടങ്ങുന്നത്. ആ സമയത്താണ് സിനിമയോട് സ്‌നേഹമുള്ള, കഥ പറച്ചിലിനോട് താല്‍പര്യമുള്ള ഒരു പറ്റം കൂട്ടുകാരുടെ കൂടെയുള്ള സമ്പര്‍ക്കം എനിക്കുണ്ടാവുന്നത്. അങ്ങനെയാണ് ഇതിനകത്തേക്ക് ഒരു എന്‍ട്രി ഉണ്ടാവുന്നത്. അവരുടെ കൂടെയുള്ള യാത്രകളും റിഹേഴ്‌സല്‍ ക്യാമ്പുകളുമൊക്കെയാണ് സിനിമയോടുള്ള ഒരു അറ്റാച്ച്‌മെന്റ് എനിക്ക് ഉണ്ടാക്കി തന്നത്. ശേഷം എന്‍ജിനീയറിങ്ങൊക്കെ വിട്ട് ഇതിന്റെ കൂടെതന്നെയായി.

 • കുടുംബത്തേക്കുറിച്ച്…?

കോട്ടയത്താണ് എന്റെ വീട്. വീട്ടില്‍ അച്ഛന്‍, അമ്മ, അനിയത്തി, മുത്തിശ്ശി എന്നിവരാണുള്ളത്. അനിയത്തി കല്യാണം കഴിഞ്ഞ് ബാംഗ്ലൂരില്‍ സെറ്റില്‍ഡാണ്. ഒരു വയസ്സുള്ള ഒരു വാവയുണ്ട് അവള്‍ക്ക്. അച്ഛന്‍ റബര്‍ ബോര്‍ഡിലായിരുന്നു ഇപ്പോള്‍ റിട്ടയറായി. അമ്മ എസ്ബിഐയില്‍ മാനേജരായിരുന്നു. അമ്മയും റിട്ടയറായി. അനിയത്തിയും അളിയനും ഐടി പ്രൊഫഷണല്‍സാണ്. എല്ലാവരും സുഖമായി പോകുന്നു.

 • വീട്ടില്‍ നിന്നുള്ള സപ്പോര്‍ട്ട് എങ്ങനെയാണ്…?

അത് ഞാന്‍ എല്ലാ ഇന്റര്‍വ്യൂവിലും എടുത്ത് പറയുന്നതാണ്. നമ്മള്‍ പണ്ട് ഈ ഓഡീഷന്‍സിനൊക്കെ പോകുന്ന അല്ലെങ്കില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചകളൊക്കെ ഉണ്ടാകുന്ന ഒരു കാലഘട്ടമുണ്ടാകുമല്ലോ. വീട്ടിലെ പ്രശ്‌നങ്ങളും നിസ്സഹായതയും കാരണം സിനിമാമോഹം ഉപേക്ഷിച്ച് പോയ ഒരുപാട് കൂട്ടുകാര്‍ എനിക്ക് ഉണ്ടായിരുന്നു. എന്റെ വീട്ടില്‍ നേരെ ഓപ്പോസിറ്റാണ്. വീട്ടില്‍ ഭയങ്കര സപ്പോര്‍ട്ടായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ ഞാന്‍ ഇതില്‍ എക്‌സെല്‍ ചെയ്ത് നില്‍ക്കണമെന്നുള്ള ഒരു ആഗ്രഹമുണ്ടായിരുന്നുവെന്ന് തോന്നുന്നു. ഫിനാന്‍ഷ്യലി നമ്മുടെ ഒരു സ്ട്രഗഌംഗ് പിരീയഡിലും, കോളേജ് ഡ്രോപ് ചെയ്ത് മറ്റൊരു ഫീല്‍ഡിലേക്ക് മാറുമ്പോഴുമൊക്കെ അച്ഛനും അമ്മയും ഭയങ്കര സപ്പോര്‍ട്ടായിരുന്നു. ടെന്‍ഷന്‍സുണ്ടായിരുന്നു. പക്ഷെ ഞാന്‍ ഓഡീഷന്‍സിന് പോകുമ്പോഴും, നമ്മള്‍ ചെറിയ റോളുകള്‍ കിട്ടിയ ക്യാരക്ടേഴ്‌സിന് പോകുമ്പോഴുമൊക്കെ അച്ഛന്‍ വിളിക്കുകയും ‘എടാ ഡയലോഗ് കിട്ടിയോ?’, എന്നുള്ള അച്ഛന്റെ ആകാംക്ഷയും വീട്ടില്‍ എല്ലാവരും കൂടി സിനിമ കാണാന്‍ പോകുന്നതും ഞാന്‍ ഇപ്പോള്‍ എഴുതുന്ന എല്ലാ കഥകളും അച്ഛനുമായി ഡിസ്‌കസ് ചെയ്യുന്നതുമൊക്കെ അതിന്റെ ഒരു ഭാഗമാണ്. ഇപ്പോള്‍ ഈ ഇന്റര്‍വ്യൂ വായിക്കുന്ന മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഇതാണ്. സിനിമയുടെ പുറകേ നടക്കുക എന്നുള്ള പരിപാടിയ്ക്ക് ഒരു തിയറിയൊ, ഇത്ര നാള്‍ കൊണ്ട് എത്തും എന്നുള്ള ഒരു കണക്കോ ഇല്ല. അവന്റെ ഒരു സ്ട്രഗിള്‍ അല്ലെങ്കില്‍ ഒരു പാഷന്‍ റിയലായി നിങ്ങള്‍ക്ക് ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍, നിങ്ങള്‍ അവനെ സപ്പോര്‍ട്ട് ചെയ്താല്‍ ഇതുപോലൊരു ഇന്റര്‍വ്യൂവില്‍ നിങ്ങളുടെ മകനും വന്നിരുന്ന് ഇങ്ങനെയൊക്കെ സംസാരിക്കും.

 • വിഷ്ണുവിന്റെ ശബ്ദം ഒരുപാട് ഗുണം ചെയ്യുന്നില്ലേ സിനിമയില്‍…?

ഞാന്‍ വിശ്വസിക്കുന്നത് ഒരു നടനെ സംബന്ധിച്ച് എണ്‍പത് ശതമാനവും വോയ്‌സ് മോഡുലേഷനാണ്. അതുകൊണ്ടാണ് ‘മേരി ആന്റിക്ക് എന്നെ സ്‌നേഹിക്കുന്ന പോലെ…’ എന്ന ഡയലോഗൊക്കെ ആര് ടിക് ടോക്കില്‍ ചെയ്താലും നമുക്ക് അവര്‍ നല്ല ആക്ടേഴ്‌സായി തോന്നുന്നത്. ആ രീതിയില്‍ ലാലേട്ടന്‍ അതിനെ മോഡുലേറ്റ് ചെയ്തതുകൊണ്ടാണത്. അതൊന്ന് ഓഫ് ചെയ്ത് നമ്മള്‍ സ്വന്തം ശബ്ദത്തില്‍ പറഞ്ഞ് നോക്കിയാല്‍ മനസ്സിലാവും നമ്മള്‍ എത്ര മോശം ആക്ടേഴ്‌സാണെന്ന്.

 • ഇപ്പോള്‍ ടിക് ടോക് പോലെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ഒരുപാട് താരങ്ങള്‍ വെള്ളിത്തിരയിലെത്തുന്നുണ്ട്. പക്ഷെ ആക്ടിങ്ങ് രംഗത്ത് അത് ഹെല്‍പ് ചെയ്തിരിക്കണമെന്നുമില്ല. എന്താണ് വിഷ്ണുവിന്റെ അഭിപ്രായം…?

എനിക്കും അത് തന്നെയാണ് തോന്നിയത്. നമ്മള്‍ നാടകത്തിന് വേണ്ടി തയ്യാറെടുക്കുമ്പോള്‍ സിനിമയ്ക്കുവേണ്ടി തയ്യാറെടുക്കുകയാണെന്ന് ആലോചിക്കുന്നില്ലല്ലോ. ബേസിക്കലി ഇപ്പോള്‍ ടിക് ടോക്കിലും കരിക്ക് പോലെയുള്ള ഷോര്‍ട്ട് ഫിലിംസിലൂടെയൊക്കെ എക്‌സ്‌പ്ലോര്‍ ചെയ്ത ഒരുപാട് ആക്ടേഴ്‌സ് മുമ്പോട്ട് വരുന്നുണ്ട്. എനിക്ക് തോന്നുന്നത് നമ്മള്‍ സ്‌റ്റേജില്‍ അഭിനയിക്കുന്നതും ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിക്കുന്നതും മൊബൈലിന്റെ മുമ്പില്‍ അഭിനയിക്കുന്നതും ഓരോന്നും ഓരോ മീറ്ററാണ്. സ്ട്രീറ്റ് പ്ലേയ്ക്ക് ഒരു മീറ്ററാണ്, മൈമിന് ഒരു മീറ്ററാണ്, സിനിമയ്ക്കും മറ്റൊരു മീറ്ററാണ്. ആ മീറ്റര്‍ എങ്ങനെ പിടിക്കാന്‍ പറ്റുന്നു എന്നുള്ളതാണ് കാര്യം. നന്നായിട്ട് സിനിമയില്‍ അഭിനയിക്കാന്‍ പറ്റുന്ന ആള്‍ക്കാര്‍ക്ക് സ്‌റ്റേജില്‍ കയറി. പെര്‍ഫോം ചെയ്യാന്‍ പറ്റണം എന്നൊന്നുമില്ല. സ്‌റ്റേജില്‍ ഗംഭീരമായി പെര്‍ഫോം ചെയ്ത് കൊണ്ടിരിക്കുന്ന, അഭിനയിക്കുന്ന ആള്‍ക്കാര്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമുക്ക് അത് നാടകമായിട്ട് ഫീല്‍ ചെയ്യും. ഇത് എവിടെ സ്വിച്ച് ചെയ്യാന്‍ പറ്റും എന്നതിലാണ് അതിന്റെ കാര്യമിരിക്കുന്നത്. ടിക് ടോക്, അല്ലെങ്കില്‍ വെബ് സീരീസ് ചെയ്യുന്നവര്‍ക്ക് സിനിമയിലും അങ്ങനെ ചെയ്യാന്‍ സാധിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. അതിന് പ്രത്യേകിച്ച് ഒരു ട്രെയ്‌നിങ്ങ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ ബെയ്‌സിക്കായിട്ടുള്ള ഒരു താല്‍പ്പര്യമാണ് ഇതിന്റെയെല്ലാം മാനദണ്ഡം. സൂപ്പര്‍ ഡ്യൂലക്‌സിലൂടെയെത്തിയ റാസാക്കുട്ടിയൊക്കെ അതിന് ഒരു ഉദാഹരണമാണ്.

 • സിനിമയിലെ സുഹൃത്തുക്കളേക്കുറിച്ച്…?

ടൊവി, നീരജ് എന്നിവരൊക്കെ വന്ന കാലം തൊട്ടേയുള്ള സുഹൃത്തുക്കളാണ്. എല്ലാവരുമായി നല്ല സൗഹൃദത്തില്‍ തന്നെയാണ്.

 • അറ്റന്‍ഷന്‍ പ്ലീസ് റിലീസിനൊരുങ്ങുകയാണ്. അതേക്കുറിച്ച്..

അറ്റന്‍ഷന്‍ പ്ലീസ് നമ്മള്‍ എഴുതിയ എക്‌സൈറ്റ്‌മെന്റില്‍ തന്നെ വര്‍ക്കൗട്ടാവട്ടെ എന്ന പ്രതീക്ഷയിലാണ്. സനലേട്ടന്റെ (സനല്‍കുമാര്‍ ശശിധരന്‍) ഒഴിവുദിവസത്തെ കളി എന്ന സിനിമയുമായി സാമ്യമുള്ള, ആ ഒരു കാറ്റഗറിയില്‍ പെടുന്ന ഒരു ത്രില്ലര്‍ ജോണറിലുള്ള കഥയാണതില്‍. ഒരു വീട്ടില്‍ നടക്കുന്ന ഒരു സംഭവുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥയാണ്. എന്തായാലും അത് അറ്റന്‍ഷന്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.