സ്വപ്‌നങ്ങള്‍ക്ക് ഉയരം നല്‍കാന്‍ സുരഭിയുടെയും സുധി കോപ്പയുടെയും ‘ഞാന്‍ മനോഹരന്‍’

പൊക്കക്കുറവിന്റെ പേരില്‍ ലോകം മുഴുവനും ശ്രദ്ധേയനായി മാറി, പിന്നീട് മലയാള സിനിമ താരം ഗിന്നസ് പക്രുവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ജെയിംസ് ക്വാഡന്‍ എന്ന കുട്ടിയുടെ വാര്‍ത്തയാണ് കഴിഞ്ഞ വാരങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് ഇടയായത്. ക്വാഡന്റെ വരവിനേക്കുറിച്ചുള്ള വാര്‍ത്തകളുടെ ചൂടാറും മുമ്പേ ഇതേ പ്രമേയത്തിലൊരുങ്ങുന്ന ഒരു വ്യത്യസ്ഥ കഥയുമായി വെള്ളിത്തിരയിലെത്താനൊരുങ്ങുകയാണ് നവാഗതനായ ലിതേഷ് ദേവസ്സി. രണ്ടു വര്‍ഷം നീണ്ട രചനയ്ക്കുശേഷം ലിതേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഏപ്രില്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ സുധി കോപ്പ, സുരഭി ലക്ഷ്മി എന്നിവരും വ്യത്യസ്ഥ വേഷങ്ങളുമായി സ്‌ക്രീനിലെത്തുന്നുണ്ട്. ‘ഞാന്‍ മനോഹരന്‍’ എന്ന പേരിലൊരുങ്ങുന്ന ചിത്രം ഉയരക്കുറവ് മൂലം മാനസീക സംഘര്‍ഷങ്ങളനുഭവിക്കുന്ന ഒരച്ഛന്റെയും മകന്റെയും പ്രതീക്ഷകളേക്കുറിച്ചും സ്വപ്നങ്ങളേക്കുറിച്ചുമാണ് സംസാരിക്കുന്നത്.

ചിത്രത്തില്‍ ‘മനോഹരന്‍’ എന്ന ടൈറ്റില്‍ കഥാപാത്രമായി മനോരഞ്ജനും മകനായി മാസ്റ്റര്‍ ആദിഷുമാണെത്തുന്നത്. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത തമാശ എന്ന ചിത്രത്തിന് ശേഷം ബോഡി ഷെയ്മിങ്ങ് എന്ന ദുരാചാരത്തേക്കുറിച്ച് സംസാരിക്കുന്ന ഒരു വ്യത്യസ്ഥ ചിത്രത്തിന്റെ സൂചനകളാണ് ചിത്രം നല്‍കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിതിന്‍ പി മോഹനാണ് നിര്‍വ്വഹിക്കുന്നത്. സുനില്‍ ജോസഫാണ് നിര്‍മ്മാണം.

ജിന്‍സ് കെ ബെന്നിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യും സുനില്‍ റഹ്മാന്‍, കലാ സംവിധാനം അരുണ്‍ പി അര്‍ജുന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, പിആര്‍ഒ ദേവസിക്കുട്ടി.