ബംഗാളി സിനിമയുടെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസായിരുന്നു.കോവിഡ് ബാധിച്ച് ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പിന്നീട് കൊവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യ നില മോശമാവുകയായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു കഴിഞ്ഞിരുന്നത്.

ഇന്ത്യ കണ്ട മികച്ച നടന്മാരിലൊരാളായ സൗമിത്ര ചാറ്റര്‍ജി സത്യജിത് റേയുടെ സിനിമകളിലൂടെയാണ് പ്രശസ്തനാവുന്നത്. ഏതാണ്ട് 14 ചിത്രങ്ങളില്‍ സത്യജിത്ത് റേയുടെ നായകന്‍ സൗമിത്രയായിരുന്നു .
സത്യജിത് റേയുടെ ദി വേള്‍ഡ് ഓഫ് അപു (അപൂര്‍ സന്‍സാര്‍) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്‍, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

2004 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് ആജീവനാന്ത സംഭാവന കണക്കിലെടുത്ത് 2012 ല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചു. ഒരു തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും രണ്ടു തവണ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.