
തമിഴ് നടൻ ശിവകാർത്തികേയൻ ‘ആലപ്പുഴ ജിംഖാന’ ടീം അംഗങ്ങളെ സന്ദർശിച്ചു. സന്ദർശിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നസ്‌ലൻ, ലുക്മാൻ ഉൾപ്പടെയുള്ള അഭിനേതാക്കളുമായി അദ്ദേഹം സമയം ചെലവഴിച്ചതും സിനിമയുടെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം എല്ലാവരും ചേർന്ന് കണ്ടതും, അതിനുശേഷം ശിവകാർത്തികേയൻ തന്റെ ആവേശം പങ്കുവെച്ചതും വീഡിയോയിൽ കാണാൻ കഴിയും.
‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന’. അത് കൊണ്ട് തന്നെ സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയാണുള്ളത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വിഷു റിലീസായി ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും.
സംസ്ഥാന തല കായികമേളയിൽ ബോക്സിങ് മത്സരത്തിൽ പങ്കെടുക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശകളും അഭിലാഷങ്ങളും ആയിരിക്കും സിനിമയുടെ പ്രമേയം എന്നാണ് സംവിധായകൻ ഖാലിദ് റഹ്മാൻ വ്യക്തമാക്കിയിരിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്‌സിന്റെ ബാനറിൽ ഖാലിദ് റഹ്മാനോടൊപ്പം ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്‌സിന്റെ ആദ്യ നിർമ്മാണസംരംഭം കൂടിയാണിത്.
സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. തിരക്കഥയെഴുതിയത് ഖാലിദ് റഹ്മാനാണ്, സംഭാഷണം രതീഷ് രവി. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിൻ പരാരി.