
രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന സൂചന നൽകി നടൻ ധനുഷ്. ആരാധകർ സംഘടിപ്പിച്ച ഒരു രക്തദാന ക്യാമ്പിൽ സംസാരിക്കവേയാണ് ധനുഷ് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകുന്ന പ്രസ്‌താവനകൾ നടത്തിയത്. സാമൂഹിക സേവനത്തിനിറങ്ങണമെന്നായിരുന്നു ധനുഷ് ആരാധകരോട് ആവശ്യപ്പെട്ടത്. കൂടാതെ ആരാധകരുടെ ഒത്തൊരുമയ്ക്ക് വലിയ ശക്തിയുണ്ടെന്നും അതിനൊരു ലക്ഷ്യം ഉണ്ടാകണമെന്നും ധനുഷ് തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
“ഇവിടെ ഇത്രയേറെപേർ ഒത്തുകൂടിയിരിക്കുന്നു. ഈ ഒത്തൊരുമയ്ക്ക് ഒരു ശക്തിയുണ്ട്. ആ ശക്തിയെ നിങ്ങൾ പോസിറ്റീവായ വഴിയേ കൊണ്ടുപോകണം. ആ ശക്തിക്ക് ഒരു ലക്ഷ്യം നൽകണം. ഒന്നിച്ചിരുന്ന് ഫോട്ടോയെടുക്കുന്നതിനും ഓഡിയോ ലോഞ്ചുകൾക്കും അപ്പുറം എല്ലാവരും ഒരുമിച്ചുചേർന്ന് സമൂഹത്തിനായി പ്രവർത്തിക്കണം. നിങ്ങളുടെ നാട്ടിൽ, അയൽപക്കത്ത് എന്തുവേണമെന്ന് മനസിലാക്കി എല്ലാവരുംചേർന്ന് കൈകോർത്താൽ നിങ്ങളെക്കൊണ്ട് സാധിക്കും. മറ്റുള്ളവർക്കായി നിങ്ങളെക്കൊണ്ട് സാധിക്കുന്നത് ചെയ്യണം. അങ്ങനെയെങ്കിൽ നിങ്ങളെക്കുറിച്ചോർത്ത് ഞാനിനിയും അഭിമാനിക്കും. നിങ്ങളത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ധനുഷിൻ്റെ വാക്കുകൾ.
നടനും ഇപ്പോഴത്തെ തമിഴ് നാട് മുഖ്യമന്ത്രിയുമായ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് വർഷങ്ങളോളം വിജയ് തന്റെ ആരാധക സംഘടനകളിലൂടെ സമാനമായ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. .
സോഷ്യൽ മീഡിയയിൽ ധനുഷിൻ്റെ ഈ പ്രസംഗം വൈറലായതോടെ വലിയ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്‌നാടിന് വിദ്യാസമ്പന്നരും ധൈര്യശാലികളുമായ പുതിയ ശബ്ദങ്ങളെ ആവശ്യമുണ്ടെന്ന് ചിലർ താരത്തെ സ്വാഗതം ചെയ്‌ത് കുറിച്ചു. എന്നാൽ മറ്റുചിലർ സിനിമയിൽ നിന്നുള്ളവരുടെ രാഷ്ട്രീയ പ്രവേശനത്തെ വിമർശനാത്മകമായാണ് കാണുന്നത്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ധനുഷ് നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിൻ്റെ ഓരോ നീക്കവും വലിയ ആകാംക്ഷയോടെയാണ് ആരാധകർ നിരീക്ഷിക്കുന്നത്.
രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം ആണ് ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. മമ്മൂട്ടിയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്ന മറ്റൊരു താരം. സായ് പല്ലവി, ശ്രീലീല എന്നിവരാണ് നായികമാർ.