മലയാള ചിത്രം ജയ ജയ ജയ ജയ ഹേയുടെ ഹിന്ദി റീമേക്ക് നടക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടൻ അസീസ് നെടുമങ്ങാട്. വിപിൻദാസിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. പ്രേക്ഷക പ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം തിയേറ്ററുകളിലും വിജയമായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ അനിയെ അവതരിപ്പിച്ചത് അസീസ് നെടുമങ്ങാടായിരുന്നു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് താരം സംസാരിച്ചത്
സിനിമ മറ്റ് ഭാഷകളിലും ശ്രദ്ധ നേടിയിരുന്നു. ആമിർ ഖാന്റെ നേതൃത്വത്തിൽ ജയ ഹേ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകളും നടന്നിരുന്നു. വിപിൻദാസും ആമിർ ഖാനും ഒന്നിച്ചുള്ള ചിത്രങ്ങൾ വരെ പുറത്തുവന്നിരുന്നു. ജയ ഹേയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ ഹിന്ദി സിനിമയിൽ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത് എന്ന് അസീസ് പറഞ്ഞു. മലയാളത്തിലെ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നടൻ ഇക്കാര്യം പങ്കുവെച്ചത്. ‘ജയ ജയ ജയ ജയ ഹേ ആമിർ ഖാനാണ് ഹിന്ദിയിൽ ചെയ്യാനായി എടുത്തത്. പക്ഷെ ഓരോ റോളും ആര് ചെയ്യുമെന്നായി അവരുടെ ചർച്ച. അമ്മയുടെ വേഷം മലയാളത്തിലെ നടിയെ കൊണ്ട് തന്നെ ചെയ്യിക്കാം. മറ്റ് വേഷങ്ങളും അങ്ങനെ തന്നെ ചെയ്യിപ്പിച്ചാലോ എന്നുവരെ പോയി ചർച്ചകൾ. കാരണം അവിടെ അത്തരത്തിലുള്ള ആളുകളെ അവർക്ക് കണ്ടെത്താനാകുന്നില്ലായിരുന്നു. അങ്ങനെ കാസ്റ്റിങ്ങ് വിചാരിച്ച പോലെ നടക്കാനാകാതെയാണ് ആ സിനിമ ഡ്രോപ്പായത്,’ അസീസ് നെടുമങ്ങാട് വ്യക്തമാക്കി.
.