“ഒരു കലാകാരന് ചേരാത്ത വിധം ഈഗോയാണ് ഉണ്ണി മുകുന്ദനുള്ളത്, ഞങ്ങളുടെ കരിയർ തകർക്കാൻ ശ്രമിക്കുന്നു”; അഭിലാഷ് പിള്ള

','

' ); } ?>

നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ‘മാളികപ്പുറം’ സിനിമയുടെ സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും രംഗത്ത്. സിനിമയുടെ വിജയം സ്വന്തം അക്കൗണ്ടിൽ എഴുതുകയും പരാജയത്തിൻ്റെ ഭാരം സംവിധായകന്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്ന നടൻ്റെ രീതി അംഗീകരിക്കാനാവില്ലെന്ന് ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആസൂത്രിതമായ പിആർ ഏജൻസികളെ ഉപയോഗിച്ച് തങ്ങളുടെ കരിയർ തകർക്കാനാണ് താരം ശ്രമിക്കുന്നതെന്നും, ഒരു കലാകാരന് ചേരാത്ത വിധം ഈഗോയാണ് ഉണ്ണി മുകുന്ദൻ്റെ പ്രവർത്തനങ്ങൾക്ക് പിന്നിലെന്നും ഇരുവരും ആരോപിച്ചു.

‘മാളികപ്പുറം’ സിനിമ സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ തന്നെ ഞെട്ടിച്ചുവെന്ന് അഭിലാഷ് പിള്ള പറഞ്ഞു. വിഷ്ണുവിന് സംവിധാനം അറിയില്ലെന്ന് വരുത്തിത്തീർക്കാൻ പിആർ ടീമുകൾ ഒരേ കണ്ടൻ്റുകൾ കോപ്പി പേസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഉണ്ണി മുകുന്ദൻ്റെ വിജയിച്ച സിനിമകളെല്ലാം അദ്ദേഹം തന്നെ സംവിധാനം ചെയ്തതാണെന്നും പരാജയപ്പെട്ടവയ്ക്ക് മാത്രമാണ് സംവിധായകരുള്ളതെന്നുമുള്ള രീതിയിലുള്ള പ്രചാരണം അപഹാസ്യമാണ്. വിഷ്ണുവിൻ്റെ പുതിയ തമിഴ് സിനിമ മുടക്കാൻ പോലും താരം പരോക്ഷമായി ചരടുവലിച്ചുവെന്നും ഇതിനായി നിർമ്മാതാവിന് സന്ദേശങ്ങൾ അയച്ചുവെന്നും ഇരുവരും വെളിപ്പെടുത്തി.

പുതിയ ചിത്രമായ ‘സുമതി വളവി’ൻ്റെ ചിത്രീകരണത്തിന് മുന്നേ തന്നെ വിഷ്ണുവിന് പണിയറിയില്ലെന്നും സിനിമ ചെയ്യരുതെന്നും ഉണ്ണി മുകുന്ദൻ നിർമ്മാതാവിനോട് പറഞ്ഞിരുന്നു. സിനിമയുടെ ഫൈറ്റ് സീക്വൻസുകൾ ചെയ്യാൻ മാത്രമാണ് ഉണ്ണി സഹകരിച്ചതെന്ന് മിക്സിങ് എൻജിനീയർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സിനിമയുടെ എഡിറ്റിംഗിലും മിക്‌സിംഗിലും ഉണ്ണി മുകുന്ദൻ അനാവശ്യമായി ഇടപെട്ടുവെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വന്ന വൈകാരിക വീഡിയോകളും വാട്‌സാപ്പ് സ്റ്റാറ്റസുകളും കൃത്യമായ പ്ലാനിംഗിന്റെ ഭാഗമാണെന്നും തങ്ങളെ മോശക്കാരാക്കാൻ മാധ്യമപ്രവർത്തകർക്ക് പോലും പണം വാഗ്ദാനം ചെയ്യപ്പെട്ടതായും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു. സൗഹൃദം നടിക്കുമ്പോഴും തൊഴിൽ സാധ്യതകൾ ഇല്ലാതാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇരുവരും രേഖപ്പെടുത്തിയത്.