
‘സുമതി വളവ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിർമാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ‘സുമതി വളവി’ന് പത്തുകോടിയോളം ചെലവ് വരുമെന്ന് തങ്ങൾ പറഞ്ഞിരുന്നുവെന്നും, എന്നാൽ തുടക്കത്തിൽ നാലുകോടിയോളം കൈയിലുണ്ടെന്ന് പറഞ്ഞ മുരളി കുന്നുംപുറത്ത്, ഷൂട്ടിങ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ തന്റെ കൈയിൽ 25 ലക്ഷം രൂപമാത്രമേയുള്ളൂവെന്ന് പറഞ്ഞുവെന്നും അഭിലാഷ് പിള്ള പറഞ്ഞു. കൂടാതെ മുരളിയോടൊപ്പം ചിത്രം ചെയ്യരുതെന്ന് തങ്ങളെ പലരും വിലക്കിയിരുന്നെന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.
“മാളികപ്പുറം ഉണ്ണി മുകുന്ദനാണ് സംവിധാനംചെയ്‌തത് എന്ന വാർത്ത കണ്ട് ഞാൻ ഞെട്ടി. ഉണ്ണി മുകുന്ദൻ്റെ വിജയിച്ച ചിത്രങ്ങൾ ഒക്കെയും അദ്ദേഹം സംവിധാനംചെയ്യുകയും പരാജയപ്പെട്ട ചിത്രങ്ങൾ വേറെ സംവിധായകനാവുകയും ചെയ്യുന്ന ട്രെൻഡ് എങ്ങനെ വന്നുവെന്ന് അറിയില്ല. ‘മാളികപ്പുറം എന്ന വിജയിച്ച ചിത്രത്തിന് ശേഷം ഞങ്ങൾ ഒന്നിക്കുന്ന സിനിമയുടെ ബിസിനസ് വാല്യു കണ്ടിട്ടാണ് അദ്ദേഹം ഞങ്ങളിലേക്ക് എത്തുന്നത്. സുമതി വളവിൻ്റെ കഥയല്ല ഞങ്ങൾ പറഞ്ഞത്. ജിംഗിൾ ബെൽസ് എന്ന സിനിമയുടെ കഥയാണ് ഞങ്ങൾ പറഞ്ഞത്.
ആറുകോടിയോളം ബജറ്റിൽ തീരുന്ന, മാളികപ്പുറത്തിലെ രണ്ട് കുട്ടികളേയും ഒരു ഹീറോയുമുള്ള കഥയാണ് പറഞ്ഞത്. കഥകേട്ട് ഇഷ്‌ടപ്പെട്ട് അദ്ദേഹം അടുത്ത ദിവസം ഞങ്ങൾക്ക് അഞ്ചുലക്ഷം രൂപ അഡ്വാൻസ് തന്നു. മൂകാംബികയിൽ സ്ക്രിപ്റ്റ് പൂജ നടന്നതിൻ്റെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സാമൂഹികമാധ്യമങ്ങളിലുമുണ്ട്.” അഭിലാഷ് പിള്ള പറഞ്ഞു.
“സിനിമയുടെ മൊത്തത്തിലുള്ള സക്‌സസ് ഫോർമുല മാറിത്തുടങ്ങിയ സമയമായിരുന്നു അത്. ത്രില്ലർ സിനിമയായിരുന്നു അത്. ആ സമയത്ത് അങ്ങനെയൊരു സിനിമയല്ല ചെയ്യേണ്ടത് എന്ന തോന്നലിലായിരുന്നു ഞങ്ങൾ. 2019-ൽ മാളികപ്പുറത്തിന് മുമ്പേ പ്ലാൻ ചെയ്‌തിരുന്ന സുമതി വളവ് എന്ന ചിത്രത്തിൻ്റെ കഥ പറഞ്ഞു.
സ്ക്രിപ്റ്റ് ഫൈനൽ ആവുംമുമ്പ് അദ്ദേഹം തന്റെ കൈയിൽ മൂന്നര നാലുകോടി രൂപയുണ്ടെന്ന് പറഞ്ഞു. നമുക്ക് അതുവെച്ച് തുടങ്ങാമെന്നും പറഞ്ഞു. എന്തായാലും പത്തു കോടിയെങ്കിലും ബജറ്റ് വരുമെന്ന് ഞാൻ പറഞ്ഞിരുന്നു. നമുക്കത് നോക്കാമെന്ന് പറഞ്ഞ് അദ്ദേഹം കഥ കേട്ടു. ഇഷ്‌ടപ്പെട്ട ശേഷം നമ്മൾ ഈ പടം ചെയ്തു. സുമതി വളവ് ചെയ്യാം എന്ന് തീരുമാനിച്ചു.” അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.
‘മാളികപ്പുറം’ ഉണ്ണി മുകുന്ദൻ സംവിധാനംചെയ്‌തതാണെന്ന് താൻ പിന്നീട് അറിഞ്ഞുവെന്ന് ഒരു സ്വകാര്യ ചാനലിനോട് മുരളി പറഞ്ഞിരുന്നു.