‘സെലിബ്രിറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്’? ശ്രീനിവാസനെതിരെ രേവതി

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന നടന്‍ ശ്രീനിവാസന്റെ പ്രതികരണത്തിന് മറുപടിയുമായി നടി രേവതി. തങ്ങള്‍ ആദരിക്കുന്ന താരങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ഏറെ ഖേദകരമാണെന്ന് രേവതി ട്വിറ്റില്‍ കുറിച്ചു.

‘നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണ്. സെലിബ്രിറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്? ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കേണ്ടതില്ലേ?’ രേവതി ട്വിറ്ററില്‍ കുറിച്ചു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞത്. ‘പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസിക്കാന്‍ കഴിയില്ല. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇത്തരം കാര്യത്തിനായി ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താരവിപണിമൂല്യമാണ്. നയന്‍താരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും’ ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

error: Content is protected !!