ആറ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത് ‘ആര്‍ക്കറിയാം’

പാര്‍വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ
സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ‘ആര്‍ക്കറിയാം’ എന്ന ചിത്രം ഒടിടിയില്‍ റിലീസ് ആയി. നീസ്ട്രീം, റൂട്ട്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം എത്തുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നതെങ്കില്‍ ആമസോണ്‍ പ്രൈം ഉള്‍പ്പെടെ ആറ് പ്ലാറ്റ്‌ഫോമുകളിലാണ് ഒരേ ദിവസം ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ആറ് പ്ലാറ്റ്‌ഫോമുകളില്‍ ഒരേദിവസം ഒരു ചിത്രം എത്തുന്നത് ആദ്യമായാണ്.

72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. ബിജു മേനോന്റെ മേക്കോവര്‍ റിലീസിനു മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാര്‍വതി തിരുവോത്തും, ഷറഫുദ്ധീനും ഷേര്‍ളിയും റോയിയുമായാണ് ചിത്രത്തില്‍ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമ കൂടിയാണ് ഇത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഒപിഎം ഡ്രീംമില്‍ സിനിമാസിന്റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസിനൊപ്പം രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്സാന്‍ ഗാരി പെരേരയുടെയും ആണ് ഗാനങ്ങള്‍. പശ്ചാത്തല സംഗീതം സഞ്ജയ് ദിവേച്ച. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ആമസോണ്‍ പ്രൈമിനൊപ്പം നീസ്ട്രീം, കേവ്, റൂട്ട്‌സ്, ഫില്‍മി, ഫസ്റ്റ് ഷോസ് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തീയറ്റുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ ചിത്രമായിരുന്നു ആര്‍ക്കറിയാം.ഏപ്രില്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്.ചിത്രം കണ്ടവര്‍ മികച്ച അഭിപ്രമായമാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്.