‘ആറാട്ട്’ ഒഫീഷ്യല്‍ പോസ്റ്റര്‍

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു.നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം കളരിമുറയില്‍ നില്‍ക്കുന്ന ആക്ഷന്‍ സീക്വന്‍സ് ഉള്‍പ്പെടുത്തിയാണ് പുതിയ പോസ്റ്റര്‍.താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

കോമഡിയും ആക്ഷനും സമം ചേര്‍ന്നുള്ള മാസ്സ് മസാല എന്റര്‍ടെയ്‌നര്‍ ഒരുക്കുന്നത് സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണനാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന സിനിമയാണ് ‘ആറാട്ട്’ . ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ നായികയാവുന്നത്. കൂടാതെ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, മാളവിക, രചന നാരായണന്‍കുട്ടി, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം ഗോപിസുന്ദറുമാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.