‘ദി പ്രീസ്റ്റ്’ മാര്‍ച്ച് 4 ന് എത്തും

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ’ പുതുക്കിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. 2021 മാര്‍ച്ച് 4 ന് ചിത്രം തീയറ്ററുകളിലെത്തും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തീയറ്ററുകള്‍ 9 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഫെബ്രുവരി നാലിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റിയത്.സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകള്‍ക്ക് ഉള്‍പ്പെടെ തീയറ്റര്‍ റിലീസ് സാധിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. കളക്ഷനെ ഇത് സാരമായി ബാധിക്കും.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫിന്‍ ടി ചാക്കോയാണ്.

ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫും ബി ഉണ്ണികൃഷ്‌ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.