
ചലച്ചിത്ര ലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുക്കുക എന്നത് ഏതൊരു കലാകാരനെയും സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. അമ്മയുടെയും അമ്മൂമ്മയുടെയും സിനിമാ പാരമ്പര്യം പിന്തുടർന്ന് അഭിനയരംഗത്തേക്ക് എത്തിയെങ്കിലും കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന കടുത്ത തിരിച്ചടികളെക്കുറിച്ചും ‘രാശിയില്ലാത്ത നടി’യെന്ന പേരുദോഷത്തെക്കുറിച്ചും തുറന്നുപറയുകയാണ് പ്രശസ്ത നടി ഐശ്വര്യ ഭാസ്കരൻ. സിനിമയിൽ തിളങ്ങാൻ ആവശ്യമായ സൗന്ദര്യമോ ഭാഗ്യമോ തനിക്കില്ലെന്ന് അമ്മ ലക്ഷ്മി തുടക്കത്തിലേ പറഞ്ഞിരുന്നുവെന്നും, ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമേ വലിയ ലെഗസി നിലനിർത്താൻ സാധിക്കൂ എന്ന യാഥാർഥ്യം താൻ തിരിച്ചറിയുന്നുവെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.
ഖുശ്ബുവിനും രമ്യാ കൃഷ്ണനുമൊക്കെ ലഭിച്ചതുപോലെയുള്ള ഭാഗ്യമോ ആകർഷകത്വമോ തനിക്കുണ്ടായിരുന്നില്ലെന്ന് താരം തുറന്നുസമ്മതിക്കുന്നു. അമിതാഭ് ബച്ചൻ, ശ്രീദേവി തുടങ്ങിയ മഹാരഥന്മാരുടെ മക്കളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും താരം ചൂണ്ടിക്കാണിക്കുന്നു. ഒരു സിനിമ മാത്രം ചെയ്ത് പഠനത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ചാണ് അഭിനയ രംഗത്തെത്തിയതെങ്കിലും പിന്നീട് അതൊരു പ്രൊഫഷനായി മാറുകയായിരുന്നു. തുടക്കത്തിൽ ‘നാ൯ പുടിച്ച മാപ്പിളൈ’ എന്ന തമിഴ് ചിത്രം വിജയമായതോടെ പത്തോളം സിനിമകൾ ലഭിച്ചെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. തുടർന്ന് തെലുങ്കിലും സമാനമായ തിരിച്ചടിയാണ് നേരിട്ടത്. മൂന്ന് വർഷത്തിനുള്ളിൽ ചെയ്ത മുപ്പത്തിയഞ്ചോളം സിനിമകൾ പരാജയപ്പെട്ടതോടെയാണ് ‘രാശിയില്ലാത്ത നടി’യെന്ന മുദ്രകുത്തൽ ഉണ്ടായത്.
കമൽ ഹാസൻ ചിത്രമായ ‘തേവർ മകനിൽ’ നിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ടതും കരിയറിലെ വലിയ നിരാശയായിരുന്നു. എന്നാൽ കെ. ഭാഗ്യരാജിന്റെ ‘റാസകുട്ടി’ എന്ന ചിത്രം വൻ വിജയമായതോടെയാണ് ഈ പേരുദോഷത്തിന് മാറ്റമുണ്ടായതും കരിയറിൽ വലിയ വഴിത്തിരിവുണ്ടായതും. പിന്നീട് തമിഴിലും മലയാളത്തിലുമായി മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, രജനികാന്ത് തുടങ്ങിയ മുൻനിര സൂപ്പർ താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചു. പിന്നീട് സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ ടെലിവിഷൻ പരമ്പരകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച താരം, നിലവിൽ സീരിയലുകളിലും സിനിമകളിലും ഒരുപോലെ സജീവമായി തുടരുകയാണ്.