“അന്ന് മലയാളത്തിൽ നിന്ന് പേടിച്ചോടിയ 17-കാരി, ഇന്ന് ഇരയല്ല അതിജീവിതയെന്ന് ഉറക്കെ പറഞ്ഞ അനുപമ”

','

' ); } ?>

പതിനേഴാം വയസ്സിൽ ‘പ്രേമം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ അനുപമ പരമേശ്വരന് തുടക്കത്തിൽ നേരിടേണ്ടി വന്നത് കടുത്ത സൈബർ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗുമായിരുന്നു. ‘ആലുവപ്പുഴയുടെ കരയിൽ’ എന്ന പാട്ടിലൂടെ ചുരുണ്ട മുടിയുമായി പ്രേക്ഷകർക്കു മുന്നിലെത്തിയ നടിക്ക്, വസ്ത്രധാരണത്തിന്റെയും സംസാരരീതിയുടെയും പേരിൽ നേരിട്ട അവഹേളനങ്ങൾ ഒരു തുടക്കക്കാരിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സോഷ്യൽ മീഡിയയിലടക്കം ഉയർന്ന കടുത്ത ട്രോളുകളും ക്രൂരമായ കളിയാക്കലുകളും കാരണം ഭയന്നോടിയാണ് താൻ അന്ന് മറ്റു ഭാഷകളിലേക്ക് മാറിയതെന്ന് താരം അടുത്തിടെ ജെഎസ്കെ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ തുറന്നുപറഞ്ഞിരുന്നു.

അന്ന് മലയാളത്തിൽ നിന്ന് പേടിച്ചോടിയ അതേ അനുപമ ഇന്ന് താൻ നേരിട്ട നാർസിസിസ്റ്റിക് റിലേഷൻഷിപ്പിലെ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറയുമ്പോൾ, അത് ദേശീയതലത്തിൽത്തന്നെ വൻ ചർച്ചയായി മാറുകയാണ്. ഒരു കാലത്ത് കടുത്ത സൈബർ ബുല്ലീയിംഗിന് ഇരയായി മാറിയ പെൺകുട്ടിയിൽ നിന്ന്, സ്വന്തം അനുഭവങ്ങൾ ഭയമില്ലാതെ തുറന്നുപറയുന്ന വ്യക്തതയുള്ള വ്യക്തിത്വത്തിലേക്കുള്ള നടിയുടെ മാറ്റത്തെ പ്രശംസിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും. പലരും പറയാൻ മടിക്കുന്ന വിഭ്രാന്തികളെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ഇത്രയും ശക്തമായി സംസാരിച്ചതിലൂടെ പുതിയൊരു സംവാദത്തിനാണ് താരം വഴിതുറന്നിരിക്കുന്നത്.

മലയാളത്തിൽ തുടക്കത്തിൽ ലഭിച്ച കൈപ്പേറിയ അനുഭവങ്ങളെ തുടർന്ന് തെലുങ്ക് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച അനുപമ, അവിടുത്തെ ഭാഷ പഠിച്ചെടുത്ത് മുൻനിര നായികമാരിൽ ഒരാളായി വളരുകയായിരുന്നു. ‘ജെയിംസ് ആൻഡ് ആലീസ്’, ‘ജോമോന്റെ സുവിശേഷങ്ങൾ’, ‘കറുപ്പ്’ തുടങ്ങിയ ചിത്രങ്ങളിൽ അതിഥി വേഷങ്ങളിൽ മാത്രം മുഖം കാണിച്ച താരം, തമിഴിലും തെലുങ്കിലും സ്വന്തം സാന്നിധ്യം ഉറപ്പിച്ച ശേഷമാണ് നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം 2025-ൽ ‘ജെഎസ്കെ’, ‘പെറ്റ് ഡിറ്റക്ടീവ്’ എന്നീ ചിത്രങ്ങളിലൂടെ പൂർണ്ണകായ കഥാപാത്രമായി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സൈബർ ആക്രമണങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ ശ്രമിച്ച ഇൻഡസ്ട്രിയിലേക്കു തന്നെ പത്തു വർഷങ്ങൾക്കിപ്പുറം ധീരതയുടെയും വിജയത്തിന്റെയും അടയാളമായി അനുപമ തിരികെയെത്തുന്നത് ഏറെ ശ്രദ്ധേയമാണ്.