
മോഹൻലാൽ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവം ലൊക്കേഷനിലെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇത്തവണ മോഹൻലാൽ അല്ല, സത്യൻ അന്തിക്കാടാണ് താരമായിരിക്കുന്നത്. ലാൻഡ് ചെയ്തിരിക്കുന്ന ഒരു ഹെലികോപ്ടറിൽ ഇരിക്കുന്ന സത്യൻ അന്തിക്കാടാണ് ചിത്രത്തിലുള്ളത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായി അഖിൽ സത്യൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ചിത്രമാണിത്. ഇതിനൊപ്പം രസകരമായ ഒരു വാചകവും അഖിൽ കുറിച്ചിട്ടുണ്ട്.
‘ഗ്രാമത്തിലെ ബസ് സ്റ്റോപ്പിലേക്ക് എത്തിച്ചേരുന്ന ഒരു ബസ് – ഇങ്ങനെയാണ് എല്ലാ സത്യൻ അന്തിക്കാട് ചിത്രവും തുടങ്ങുന്നത്. എന്നാണല്ലോ പറയുന്നത്. പക്ഷെ ഇത്തവണ അങ്ങനെയല്ല,’ എന്നാണ് അഖിൽ എഴുതിയത്. Hold My Beer എന്ന പ്രയോഗത്തെ Hold My Coffee എന്നും അഖിൽ മാറ്റിയെഴുതിയിട്ടുണ്ട്. ചിത്രം ഉടനടി സിനിമാഗ്രൂപ്പുകളിൽ വൈറലായി കഴിഞ്ഞു.
ചിത്രത്തെ കുറിച്ച് നേരത്തെ മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ കൂടി ചേർത്തുവെച്ചാണ് ഈ ഹെലികോപ്ടർ ചിത്രം ചർച്ചയാകുന്നത്. ‘ഹൃദയപൂർവ്വം ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടന്റെ സാധാരണ സിനിമകളിൽ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം’ എന്നാണ് മോഹൻലാൽ പറഞ്ഞത്. എമ്പുരാൻ, തുടരും എന്നീ സിനിമകളുടെ വിജയം ആഘോഷിക്കാൻ ആരാധകർ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചായിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.
20 വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മോഹൻലാലും മാളവിക മോഹനനും സത്യൻ അന്തിക്കാടുമെല്ലാമായി സിനിമയുടെ സെറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവയെല്ലാം ആരാധകശ്രദ്ധ നേടുകയും ചെയ്തു. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ൽ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒടുവിൽ ഒന്നിച്ചത്.
സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.