കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരം; നരിവേട്ടയെ പ്രശംസിച്ച് സിപിഎം നേതാവ് പി. ജയരാജന്‍

','

' ); } ?>

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ടൊവിനോ ചിത്രം “നരിവേട്ടയെ” പ്രശംസിച്ച് മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്‍. കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ചലച്ചിത്രാവിഷ്‌കാരമാണ് നരിവേട്ടയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സമൂഹമാധ്യമ പേജിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രസ്താവന

ടൊവിനോ തോമസിനെ നായകനാക്കി പ്രിയ സുഹൃത്തും ഇരിട്ടി സ്വദേശിയുമായ അനുരാജ് മനോഹർ സംവിധാനം ചെയ്ത “നരിവേട്ട” എന്ന സിനിമ കഴിഞ്ഞ ദിവസം കണ്ടു. ചിത്രത്തിന്റെ കഥയും ഇരിട്ടിക്കാരൻ തന്നെ. യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ശ്രീ:അബിൻ ജോസഫ്.

കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ് “നരിവേട്ട”. എ.കെ. ആന്റണി മുഖ്യമന്ത്രിയും കെ. സുധാകരൻ വനം വകുപ്പ് മന്ത്രിയും ആയിരുന്ന 2003 കാലഘട്ടത്തിൽ നടന്ന മുത്തങ്ങ ആദിവാസി സമരവും പോലീസ് നരനായാട്ടും പുതുതലമുറയെ ഓർമ്മിപ്പിക്കുന്നു ഈ സിനിമ. അന്നത്തെ ഭരണകൂടവും പോലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി വരച്ചുകാണിക്കുന്നു.

കഥയാവുമ്പോൾ സംഭവങ്ങളുടെ ചിത്രീകരണം മാത്രമല്ല ഭാവനയും കേറിവരും. അതും സിനിമയിൽ കാണാനാവും. അതേസമയം മാവോയിസ്റ്റ് ബന്ധം ചുമത്തി നടത്തുന്ന ആദിവാസി വേട്ടയെക്കുറിച്ചും പ്രേക്ഷകരെ ഓർമിപ്പിക്കുന്നു. മുൻനിര താരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ക്വാളിറ്റിയിൽ ഇത്തരമൊരു ചിത്രം പുറത്തിറക്കിയ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു. പി. ജയരാജൻ പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടൊവിനോ തോമസിനൊപ്പം സുരാജ് വെഞ്ഞാറമൂട് ചേരൻ എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.