തനിക്കേറ്റവും കൂടുതൽ പോപ്പുലാരിറ്റി തന്നത് ഏഷ്യാനെറ്റിലെ ‘സ്ത്രീ’ യെന്ന സീരിയലാണെന്ന് തുറന്ന് പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ. ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ് നടൻ ബഹദൂറിന്റെ പ്രശംസയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സ്ത്രീ’യിലെ ചന്ദ്രേട്ടൻ എന്ന് പറയുന്ന കഥാപാത്രം ഇപ്പോഴും ഓർത്തിരിക്കുന്ന പ്രേക്ഷകരുണ്ടെന്നും, ഏറ്റവും അടുത്ത ചില സുഹൃത്തുക്കൾ ഇപ്പോഴും തന്നെ ചന്ദ്രേട്ടാ എന്നാണ് വിളിക്കാറെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് പുറത്തുള്ള ആളുകൾ എന്നെ പരിചയപ്പെടുമ്പോൾ അവരെന്നെ “ചന്ദ്രേട്ടൻ” എന്ന പേരിലാണ് പരിചയപെടുക. പലർക്കും എന്റെ പേര് ഗോപാലകൃഷ്ണൻ ആണെന്ന് പോലും അറിയില്ല. ഇരുന്നൂറിലധികം സീരിയലുകളിൽ അഭിനയിച്ചെങ്കിലും ‘സ്ത്രീയും’ അതിലെ കഥാപാത്രവും ഇന്നും ആളുകൾ ഓർത്തിരിക്കുന്നു എന്നത് സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്. ഏഷ്യാനെറ്റിലെ ആദ്യ മെഗാ സീരിയൽ ആയിരുന്നു അത്. അത് പോലെ തന്നെ ആ സീരിയലിനെ കുറിച്ച് പറയുമ്പോൾ ഇന്നും മറക്കാനാകാത്ത അനുഭവം എന്ന് പറയുന്നത് ബഹദൂറിക്കയുമായുള്ള അനുഭവമാണ്. കാനാടി ചാത്തൻ എന്ന് പറഞ്ഞ സ്ഥലത്ത് വെച്ച് ഞങ്ങൾ ‘സ്ത്രീയിലെ’ എല്ലാ ആർട്ടിസ്റ്റുകൾക്കും ഒരു സ്വീകരണമുണ്ടായിരുന്നു. ഞങ്ങളെല്ലാവരും കൂടെ ബസ്സിലാണ് പോകുന്നത്. അവിടെ എത്തിയപ്പോൾ ബഹദൂർക്ക സ്റ്റേജിൽ നേരത്തെ വന്നിരിപ്പുണ്ട്. എന്നെ കണ്ട ഉടനെ ചാടി എഴുന്നേറ്റ് എന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ‘ ഞാൻ നിങ്ങളുടെ വലിയ ആരാധകനാണെന്നും അഭിനയം കാണാറുണ്ടെന്നും പറഞ്ഞു’. അതാണ് എനിക്ക് ജീവിതത്തതിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ്. അദ്ദേഹമാ സീരിയൽ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഗോപാലകൃഷ്ണൻ പറഞ്ഞു.
നാടകങ്ങളിലൂടെയാണ് ഗോപാലകൃഷ്ണന്റെ തുടക്കം. സ്വന്തമായി തുടങ്ങിയ യവനിക എന്ന് പേരുള്ള നാടക ട്രൂപ് പിന്നീട് പേരിലേക്ക് ചേർക്കുകയായിരുന്നു. ആദ്യത്തെ നാടകത്തിൽ തന്നെ ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചിട്ടുണ്ട്. 88ൽ ദൂരദർശനിലൂടെ ‘കഥാ കൗതുകം’ എന്ന സീരിയലിലൂടെയാണ് വെള്ളിത്തിരയിലേക്ക് വരുന്നത്. പക്ഷെ ആ സീരിയൽ ടെലികാസ്ററ് ആയില്ല. പിന്നീട് ‘തോടയം’ എന്ന സീരിയലിൽ അഭിനയിച്ചു. നായകനായിട്ടുള്ള ആദ്യ സീരിയൽ ആയിരുന്നു അത്. ഇരുന്നൂറിൽ അധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
കാവടിയാട്ടം, കഥാനായകൻ, വർണ്ണപ്പകിട്ട്, സ്പർശം, മലയാളി, കുഞ്ഞനന്തന്റെ കട ,പത്തേമാരി, മീനാക്ഷി, കൊസ്രാക്കൊള്ളികൾ,
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പൊട്ടിച്ചൂട്ട് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.