
തന്റെ സിനിമാ ജീവിതത്തിനും വളർച്ചയ്ക്കും പിന്നിലെ ഏറ്റവും വലിയ പ്രചോദനം ഉമ്മയാണെന്ന് നടൻ ഹക്കീം ഷാജഹാൻ. ഉമ്മ നൽകിയ മികച്ച വിദ്യാഭ്യാസവും കരുതലുമാണ് തന്നിലെ അഭിനേതാവിനെ കണ്ടെത്താൻ സഹായിച്ചതെന്നും, അല്ലായിരുന്നുവെങ്കിൽ സാധാരണക്കാരനായി പ്രവാസജീവിതത്തിലേക്ക് തിരിയേണ്ടി വരുമായിരുന്നുവെന്നും താരം വ്യക്തമാക്കി. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ കുട്ടിക്കാലത്തെ അതിജീവനത്തിന്റെ കഥ പങ്കുവെച്ചത്.
സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വാപ്പയുടെ തുച്ഛമായ വരുമാനത്തിൽ മൂന്ന് മക്കളെ ഒറ്റയ്ക്ക് വളർത്താൻ ഉമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ ഹക്കീം ഓർത്തെടുത്തു. “തട്ടിക്കൂട്ടിയ ഒരു ചെറിയ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ജനലുകൾക്ക് പാളികൾ പോലുമില്ലായിരുന്നു; പകരം റബ്ബർ ഷീറ്റുകളാണ് അടിച്ചിരുന്നത്. സുരക്ഷയില്ലാത്ത ആ വീട്ടിൽ മൂന്ന് മക്കളുമായി കഴിഞ്ഞിരുന്ന ഉമ്മ, രാത്രികാലങ്ങളിൽ കിടക്കയ്ക്കടിയിൽ ഒരു വാക്കത്തി വെച്ചാണ് ഉറങ്ങിയിരുന്നത്. വാതിലിൽ ആരെങ്കിലും മുട്ടിയാൽ എടുക്കാൻ പാകത്തിനായിരുന്നു അത്. ആ മാനസിക സമ്മർദ്ദവും ഉമ്മയുടെ ധൈര്യവും ആലോചിക്കുമ്പോൾ ഇന്നും അത്ഭുതം തോന്നും,” ഹക്കീം പറയുന്നു.
കുട്ടിക്കാലത്ത് താനായിരുന്നു വീട്ടിലെ ഏറ്റവും വലിയ വികൃതിയെന്നും കൈയ്യും കാലുമൊക്കെ ഒടിഞ്ഞ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്ന തന്നെ കൈകാര്യം ചെയ്യാൻ ഉമ്മ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. മൂത്ത മകനെന്ന നിലയിൽ ഉമ്മയുടെ ഓരോ കഷ്ടപ്പാടും നേരിട്ട് കണ്ടാണ് താൻ വളർന്നത്.
തന്റെ ജീവിതത്തിൽ വഴിത്തിരിവായത് ആറാം ക്ലാസിൽ നവോദയ സ്കൂളിൽ പ്രവേശനം ലഭിച്ചതാണെന്ന് ഹക്കീം പറയുന്നു. എട്ടോ പത്തോ കിലോമീറ്റർ അകലെയുള്ള തൊടുപുഴയിലേക്ക് ദിവസവും കൊണ്ടുപോകാനും, പിന്നീട് ഒറ്റയ്ക്ക് ബസ്സിൽ പോയിത്തുടങ്ങിയപ്പോൾ ബസ് കാത്തുനിൽക്കാനും ഉമ്മ കാണിച്ച ശ്രദ്ധ വലുതായിരുന്നു. നവോദയയിലെ മികച്ച വിദ്യാഭ്യാസവും അവിടുത്തെ സ്റ്റേജും തിയേറ്ററും ഉപയോഗിക്കാൻ സാധിച്ചതുമാണ് തന്നിലെ അഭിനേതാവിനെ തിരിച്ചറിയാൻ സഹായിച്ചതെന്ന് ഹക്കീം ഷാജഹാൻ പറഞ്ഞു.
ഹക്കീമിന്റെ വാക്കുകൾ
”ഞങ്ങളെ നോക്കാന്‍ ഉമ്മ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനൊരു കുടുംബ പശ്ചാത്തലമായിരുന്നു. വാപ്പ സൗദി അറേബ്യയില്‍ ഡ്രൈവറായിരുന്നു. ഒരു വീട്ടിലെ ഡ്രൈവറായിരുന്നു. അത്ര വലിയ ശമ്പളമൊന്നുമില്ല. നാട്ടിലേക്ക് മാസം മാസം അയക്കാനൊന്നും ഉണ്ടാകില്ല. മൂന്ന് മക്കളുണ്ട്. മൂന്ന് പേരേയും വളര്‍ത്തിയെടുക്കാന്‍ പുള്ളിക്കാരിയ്ക്കുണ്ടായിരുന്ന കഷ്ടപ്പാടുണ്ട്. ഒരു വീട്ടില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് മൂന്ന് പിള്ളേരെ വളര്‍ത്തുന്നത് വലിയ കഷ്ടപ്പാടായിരുന്നു.
ഞാനായിരുന്നു ഏറ്റവും വലിയ അലമ്പന്. ഞാന്‍ ഒപ്പിക്കാത്ത വള്ളികളില്ല. എന്റെ കൈ ഒടിയും, കാലൊടിയും. എന്റെ ശരീരത്തില്‍ ഒടിയാത്ത സ്ഥലങ്ങളില്ല. ഒരാളെ തന്നെ പാടാണ്. അതുപോലെ മൂന്നെണ്ണമാണുള്ളത്. പുള്ളിക്കാരിയുടെ കഷ്ടപ്പാടും, ജീവിതവുമുണ്ട്. ഞങ്ങള്‍ വീട് മാറി, ഒരു ചെറിയ വീട് തട്ടിക്കൂട്ടിയിരുന്നു. ജനലിന് പാളികളില്ലായിരുന്നു. റബ്ബര്‍ വെട്ടുന്നതിന് കെട്ടുന്ന ഷീറ്റായിരുന്നു അടിച്ചിരുന്നത്. രാത്രി ഉമ്മ കിടന്നുറങ്ങിയത് കിടക്കയുടെ അടിയിലൊരു വാക്കത്തി വച്ചിട്ടാണ്. ആ സ്ട്രെസ് ഒന്ന് ഊഹിച്ചു നോക്കൂ. വാതിലില്‍ ആരെങ്കിലും മുട്ടിയാല്‍ ഇതെടുക്കാന്‍ പാകത്തിനാണ് കിടക്കുന്നത്. ആ ധൈര്യം, ആ ജീവിതം ഒക്കെ ആലോചിക്കുമ്പോള്‍ സമ്മതിച്ചു കൊടുത്തേ പറ്റൂവെന്ന് ചിന്തിക്കാറുണ്ട്.
ഞങ്ങളെ വളര്‍ത്താന്‍ അവര്‍ക്കുണ്ടായ കഷ്ടപ്പാട് മുഴുവന്‍ ഞാന്‍ കണ്ടിട്ടുണ്ട്. മൂത്ത കുട്ടി കൂടെയാണ്. ആറാം ക്ലാസില്‍ എന്നെ നവോദയയിലേക്ക് എഴുതിപ്പിച്ചു. തൊടുപുഴയിലേക്ക് എട്ടോ പത്തോ കിലോ മീറ്ററുണ്ട്. ദിവസവും കൊണ്ടുപോകും. ഒരു പോയന്റ് കഴിഞ്ഞതോടെ ഞാന്‍ ഒറ്റയ്ക്കായി പോകുന്നതും വരുന്നതും. ബസ് വരുമ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന് കാത്തു നില്ക്കും. ആ ബസിന് കയറിയില്ലെങ്കില്‍ ഉമ്മയ്ക്ക് ടെന്‍ഷനാകും. ആറാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞ് കുട്ടിയല്ലേ.
എന്റെ ജീവിതം മാറാന്‍ കാരണം ഉമ്മയാണ്. നവോദയില്‍ കിട്ടി. അവിടെ വച്ച് ആളുകളെ കാണാനും കുറേ കൂടി എക്സ്പോഷര്‍ കിട്ടാനും മെച്ചപ്പെട്ട വിദ്യാഭ്യാസം കാരണമായി. ഇല്ലെങ്കില്‍ ഞാന്‍ നാട്ടിലൊക്കെ നടക്കുന്ന, കുറച്ച് കഴിയുമ്പോള്‍ ദുബായിലൊക്കെ പോയി ജോലി ചെയ്യുന്ന ആളായി മാറിയേനെ. നവോദയില്‍ പോയതിനാലാണ് എന്നിലെ ആക്ടറെ തിരിച്ചറിയാനായത്. അവിടുത്തെ സ്റ്റേജും തിയേറ്ററുമൊക്കെ ഉപയോഗിക്കാന്‍ പറ്റി.”