
തന്റെ പേരും വ്യാജ സ്ക്രീൻഷോട്ടും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന നബീൽ എന്നയാൾക്കെതിരെ മുന്നറിയിപ്പുമായി നടനും അവതാരകനുമായ മിഥുൻ രമേശ്. കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി താൻ 25,000 രൂപ നൽകിയിട്ടുണ്ടെന്ന് വ്യാജമായി പ്രചരിപ്പിച്ച് നാട്ടുകാരെയും സുഹൃത്തുക്കളെയും സെലിബ്രിറ്റികളെയും ഇയാൾ കബളിപ്പിക്കുകയാണെന്ന് ഒരു വീഡിയോയിലൂടെ മിഥുൻ വ്യക്തമാക്കി.
താൻ സ്വന്തമായി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ പരസ്യപ്പെടുത്താറില്ലെന്നും മറ്റുള്ളവരുടെ നല്ല പ്രവൃത്തികൾ മറ്റുള്ളവർക്ക് പ്രചോദനമാകാനാണ് പങ്കുവയ്ക്കാറുള്ളതെന്നും മിഥുൻ പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള തട്ടിപ്പുകാരെ തുറന്നുകാട്ടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും ആരും ഇയാൾക്ക് പണം നൽകരുതെന്നും മിഥുൻ മുന്നറിയിപ്പ് നൽകി. യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവർക്കാണ് പണം ലഭിക്കേണ്ടതെന്നും തന്റെ പേര് പറഞ്ഞ് ആരെങ്കിലും സമീപിച്ചാൽ സംശയം തോന്നുന്നപക്ഷം നേരിട്ട് മെസേജ് അയച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തിഗത വിവരങ്ങൾ പരസ്യമായി പങ്കുവയ്ക്കുന്നത് ശരിയല്ലാത്തതിനാലാണ് നബീലിന്റെ ഫോൺ നമ്പർ വീഡിയോയിൽ നൽകാത്തതെന്നും, നമ്പർ ആവശ്യമുള്ളവർക്ക് മെസേജ് വഴി കൈമാറാമെന്നും മിഥുൻ വ്യക്തമാക്കി.
മിഥുന്റെ വാക്കുകൾ
“ചാരിറ്റി ചെയ്യുമ്പോൾ അത് ബാക്കിയുള്ളവരെ അറിയിച്ച് ചെയ്യുന്നതിനോട് താല്പര്യമില്ലാത്തതു കൊണ്ടു തന്നെ ഞാൻ എന്തെങ്കിലും ചാരിറ്റി സ്വന്തമായി ചെയ്യാറുണ്ടെങ്കിൽ ആരേയും അറിയിക്കാറില്ല. മറ്റുള്ളവരുടെ ചാരിറ്റിയെക്കുറിച്ചൊക്കെ അറിയിക്കുന്നതിൽ വലിയ സന്തോഷമേയുള്ളൂ. അവർ ചെയ്യുന്നത് ആളുകൾക്ക് പ്രചോദനം ആവുമെങ്കിൽ സന്തോഷമേയുള്ളൂ.
പക്ഷേ, പറ്റിപ്പ് തെണ്ടികളേ, അവന്മാരുടെ കാര്യമാണ് പറയാനുള്ളത്. നബീൽ എന്നാണ് അവന്റെ പേര്. ഞാൻ 25,000 രൂപ അയച്ചു കൊടുത്തുവെന്നൊരു സ്ക്രീൻഷോട്ട് കാണിച്ച് നാട്ടുകാരെ മുഴുവൻ പറ്റിക്കുന്നുണ്ട്. അവന്റെ കുട്ടിയുടെ കരൾ മാറ്റിവെക്കാൻ ആണെന്നാണ് പറയുന്നത്. വെറും ഫ്രോഡാണ്. അങ്ങനൊരു പ്രശ്നമേയില്ല, വെറും പറ്റിപ്പാണ്. ഇതും പറഞ്ഞ് എന്റെ സുഹൃത്തുക്കളേയും സെലിബ്രിറ്റികളേയും ഇവൻ സമീപിക്കുന്നുണ്ട്.
വെറും കള്ളനാണ്, ഫ്രോഡാണ്. നിങ്ങൾ പണം കൊടുക്കരുത്. പണം ആവശ്യക്കാരിലേക്ക് എത്തിക്കണം; ഇങ്ങനെയുള്ള ഫ്രോഡുകൾക്ക് അയക്കരുത്. അങ്ങനെയുണ്ടെങ്കിൽ എനിക്ക് മെസേജ് അയച്ചാൽ ഞാൻ മറുപടി തരാം, ഞാൻ കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്ന്. എന്റെ പേര് പറഞ്ഞ് വരികയാണെങ്കിൽ കൊടുക്കരുത്. നബീൽ എന്നാണ് അവന്റെ പേര്. അവന്റെ നമ്പർ വേണമെങ്കിൽ മെസേജ് അയച്ചാൽ മതി; ഇവിടെ ഇടുന്നത് ശരിയല്ലാത്തതു കൊണ്ടാണ്.”