
സിനിമയിൽ എത്തിയതിന് ശേഷമാണ് താൻ ‘സ്റ്റാർ കിഡ്’ എന്ന വിളി കേട്ടുതുടങ്ങിയതെന്നും, അതിനുമുൻപ് സാധാരണക്കാരനെപ്പോലെയാണ് വളർന്നതെന്നും നടൻ അർജുൻ അശോകൻ. സ്പോട്ട്ലൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അച്ഛൻ ഹരിശ്രീ അശോകന്റെ സിനിമാ തിരക്കുകൾക്കിടയിലെ കുട്ടിക്കാല ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചത്.
അച്ഛൻ സിനിമാനടനായതുകൊണ്ട് ബുക്ക് മൈ ഷോ ഇല്ലാതിരുന്ന കാലത്ത് സിനിമ ടിക്കറ്റുകൾ വേഗത്തിൽ ലഭിച്ചിരുന്നതായും ക്ഷേത്രങ്ങളിൽ ക്യൂ നിൽക്കാതെ പ്രവേശിക്കാൻ സാധിച്ചിരുന്നതായും അർജുൻ ഓർത്തെടുത്തു. ഹരിശ്രീ അശോകന്റെ മകനാണെന്ന് പറയുമ്പോൾ ആളുകളിൽ നിന്ന് ലഭിച്ചിരുന്ന സ്നേഹവും ഷൂട്ടിങ് കാണാനും സിനിമയുടെ മേക്കിങ് മനസ്സിലാക്കാനും ലഭിച്ച അവസരങ്ങളും അക്കാലത്ത് വലിയ ആവേശം നൽകിയിരുന്നു. എങ്കിലും സിനിമയിൽ അഭിനയിച്ചു തുടങ്ങിയതിന് ശേഷമാണ് ഒരു സ്റ്റാർ കിഡ് ആണെന്ന തരത്തിലുള്ള സംസാരങ്ങൾ കേട്ടുതുടങ്ങിയതെന്നും അതിനുമുൻപ് സാധാരണ ജീവിതമാണ് നയിച്ചിരുന്നതെന്നും താരം വ്യക്തമാക്കി.
അച്ഛന് എപ്പോഴും സിനിമയിലും കൂട്ടുകാരിലും തിരക്കായിരുന്നതിനാൽ അമ്മയോടൊപ്പമാണ് കൂടുതലും വളർന്നതെന്നും റിപ്പോർട്ട് കാർഡ് കാണാൻ പോലും വല്ലപ്പോഴുമേ അച്ഛൻ എത്തുമായിരുന്നുള്ളൂ എന്നും അർജുൻ പറഞ്ഞു. ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അർജുൻ അശോകൻ ‘പറവ’, ‘ബി.ടെക്’, ‘വരത്തൻ’, ‘ഉണ്ട’, ‘രോമാഞ്ചം’, ‘ബ്രഹ്മയുഗം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ‘മെൽക്കൗ പോണ്ടിച്ചേരി’യാണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
അർജുന്റെ വാക്കുകൾ
സ്റ്റാർ കിഡ് എന്ന വാക്ക് ഞാൻ കേട്ടുതുടങ്ങിയത് സിനിമയിൽ വന്നതിനു ശേഷമാണ്. ഒരു ആക്ടറായതിൽ പിന്നെയാണ് അവനൊരു സ്റ്റാർ കിഡാണല്ലോ എന്നൊക്കെ കേൾക്കുന്നത്. അതിനു മുൻപ് ഒരു സാധാരണക്കാരന്റെ ലെവലിലാണ് എന്റെ ജീവിതം പോയിരുന്നത്. അച്ഛനൊരു നടനാണെങ്കിലും ഞങ്ങൾക്കുണ്ടായ പ്രിവിലേജുകൾ – ടിക്കറ്റ് പെട്ടന്ന് കിട്ടും, അമ്പലത്തിൽ പ്രാർഥിക്കാൻ പോയാൽ ക്യൂ നിൽക്കേണ്ട, ഒരാളുടെ അടുത്ത് സ്വയം പരിചയപ്പെടുത്താൻ എളുപ്പമാണ് എന്നതൊക്കെയാണ്.
പെട്ടന്ന് ആളുകളുടെ സ്നേഹം കിട്ടും. ഹരിശ്രീ അശോകന്റെ മകനാണെന്ന് പറഞ്ഞാൽ സ്നേഹത്തേടെ വിളിക്കും. എന്നെ ഏറ്റവുമധികം എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യം ഷൂട്ടിങ് കാണാൻ സാധിക്കും എന്നതാണ്. പല സിനിമകളുടെയും മേക്കിങ് എങ്ങനെയാണ്, സിനിമ എന്താണ് എന്നറിയാൻ സാധിച്ചിട്ടുണ്ട്. എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കിലും മേക്കിങ് ഇങ്ങനെയാണെന്ന് കാണാൻ സാധിച്ചു. ഇതൊക്കെയാണ് ആകെ കിട്ടുന്ന പ്രിവിലേജസ്.
അമ്മയോടൊപ്പമാണ് ഞാൻ കൂടുതലും വളർന്നത്. അച്ഛന് എപ്പോഴും തിരക്കായിരുന്നു. വല്ലപ്പോഴും റിപ്പോർട്ട് കാർഡ് കാണാനൊക്കെയേ വരുമായിരുന്നുള്ളൂ. സിനിമയും കൂട്ടുകാരും എന്നു പറഞ്ഞാൽ ഭ്രാന്തായിരുന്നു. തുടരെത്തുടരെ സിനിമകൾ ചെയ്യുന്ന കാലത്ത് എനിക്ക് അച്ഛന്റെ കൂടെ സമയം ചിലവഴിക്കാൻ സാധിച്ചിരുന്നില്ല. അമ്മായായിരുന്നു എപ്പോഴും കൂടെയുണ്ടായിരുന്നത്.
സിനിമയിലെത്തുന്നതുവരെ സാധാരണക്കാരന്റെ ജീവിതമാണ് ജീവിച്ചത്. സിനിമയിൽ കയറിയശേഷമാണ് ആളുകൾ തിരിച്ചറിയുന്നത്. അതിനു ശേഷമാണ് ഇവൻ നടനായി, ഹരിശ്രീ അശോകന്റെ മകൻ സ്റ്റാർ കിഡാണ്, അവർക്കെല്ലാം എളുപ്പമാണ് എന്നൊക്കെ കേട്ടത്.