
പുതിയ ചിത്രമായ ‘ഭൗമ’യിലൂടെ മികച്ച പ്രേക്ഷക പ്രശംസ നേടുന്നതിനിടെ, മുൻപ് താൻ അഭിനയിച്ച സിനിമയിൽ നേരിട്ട കടുത്ത അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ മണിക്കുട്ടൻ. അഭിനയത്തിലെ പോരായ്മയാണെന്ന് ആരോപിച്ച് തന്റെ രംഗങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിയതായും, സിനിമയുടെ പോസ്റ്ററുകളിൽ നിന്നും, ട്രെയിലറിൽ നിന്നും, പ്രൊമോഷൻ പരിപാടികളിൽ നിന്നും തന്നെ പൂർണ്ണമായും ഒഴിവാക്കിയതായും താരം വെളിപ്പെടുത്തി. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മണിക്കുട്ടൻ തന്റെ അനുഭവം പങ്കുവെച്ചത്.
തൊട്ടുമുമ്പ് ചെയ്ത സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് മണിക്കുട്ടൻ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് മാത്രമല്ല, ഒരു പോസ്റ്ററിൽ പോലും തന്റെ മുഖം ഉൾപ്പെടുത്തിയില്ല. കുറച്ച് സീനുകൾ ചിത്രീകരിച്ച ശേഷം, അഭിനയം പോരെന്ന് പറഞ്ഞ് അവ വെട്ടിമാറ്റുകയായിരുന്നു. എന്നാൽ, ‘ബിഗ് സീറോ’യിൽ നിന്ന് വളർന്നുവന്ന തനിക്ക് ഇപ്പോൾ ലഭിക്കുന്നതെല്ലാം നേട്ടങ്ങളാണെന്നും, ആ പോസിറ്റീവ് കാര്യങ്ങളിലേക്ക് ശ്രദ്ധ നൽകുമ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ് മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഭൗമ’യിലൂടെ തന്റെ പോസ്റ്ററുകൾ പുറത്തുവരുന്നതും പ്രൊമോഷൻ പരിപാടികളിൽ സജീവമാകുന്നതും. ഭൗമ പരാജയപ്പെട്ടിരുന്നെങ്കിൽ അതിന്റെ വലിയൊരു ഉത്തരവാദിത്തം താൻ ഏറ്റെടുക്കേണ്ടി വരുമായിരുന്നുവെന്നും, മുൻപ് തന്നെ ഒഴിവാക്കിയവരുടെ വാദങ്ങൾ ശരിയാണെന്ന് വരുമായിരുന്നുവെന്നും മണിക്കുട്ടൻ ചൂണ്ടിക്കാട്ടി. എന്നാൽ മികച്ച സിനിമയും കഥാപാത്രവുമായി എത്തിയാൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ‘ഭൗമ’യുടെ വിജയമെന്ന് താരം വ്യക്തമാക്കി.
ടെലിവിഷനിലൂടെ കരിയർ ആരംഭിച്ച് സിനിമയിലെത്തുകയും പിന്നീട് ബിഗ് ബോസ് വിജയിയായി പ്രേക്ഷകപ്രീതി നേടുകയും ചെയ്ത മണിക്കുട്ടൻ, ഇടവേളയ്ക്ക് ശേഷം ‘ഭൗമ’യിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിനൊപ്പം പ്രൊമോഷൻ വേദികളിലെ താരത്തിന്റെ ഡാൻസും കൗണ്ടറുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പുതിയ വിജയത്തോടെ തന്നെത്തേടി കൂടുതൽ മികച്ച കഥാപാത്രങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് മണിക്കുട്ടൻ.
മണികുട്ടന്റെ വാക്കുകൾ
”പറയുമ്പോള്‍ നിങ്ങള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ല. തൊട്ട് മുമ്പ് ചെയ്തൊരു സിനിമയുടെ പ്രൊമോഷന് എന്നെ വിളിച്ചിട്ടില്ലായിരുന്നു. അതിന്റെ ഒരു പോസ്റ്ററിലും എന്നെ വച്ചിട്ടില്ലായിരുന്നു. ട്രെയിലറില്‍ പോലും വച്ചിരുന്നില്ല. കുറച്ച് സീനുകള്‍ എടുത്തിട്ട്, എന്റെ അഭിനയ പോരായ്മ കൊണ്ടാണെന്ന് പറഞ്ഞ് എഡിറ്റ് ചെയ്തു കളഞ്ഞു.
ഞാന്‍ വന്നത് ബിഗ് സീറോയില്‍ നിന്നാണ്. ഇപ്പോള്‍ എനിക്ക് കിട്ടുന്നതെല്ലാം പ്ലസ് ആണ്. ആ പ്ലസിലേക്ക് ശ്രദ്ധ പോകുമ്പോഴേക്കും മറ്റുള്ളവരെ അതിലേക്ക് വലിച്ചിടുന്നത് പോലാകില്ലേ.
ഭൗമ വരുമ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷം എന്റെ പോസ്റ്റര്‍ വരുന്നു. പ്രൊമോഷനില്‍ വരുന്നു. ഭൗമയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ വലിയൊരു ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കേണ്ടി വന്നേനെ. മറ്റേ ആളുകള്‍ ശരിയാണെന്ന് വന്നേനെ. പക്ഷെ അങ്ങനെയല്ല, മണിക്കുട്ടനെന്ന വ്യക്തി നല്ല സിനിമയും കഥാപാത്രവുമായി വന്നാല്‍ പ്രേക്ഷകര്‍ ആ സിനിമയേയും കഥാപാത്രത്തേയും സ്വീകരിക്കുമെന്നതാണ് ഭൗമയുടെ വിജയം.”