ഇസ്ലാമിനെയോ ക്രിസ്തുമതത്തെയോ കുറിച്ച് ഇങ്ങനെ സിനിമ നിർമിക്കാൻ ബോളിവുഡിന് ധൈര്യമുണ്ടോ?, സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് സർക്കാർ അന്വേഷിക്കണം;നിതീഷ് ഭരദ്വാജ്

','

' ); } ?>

രൺബീർ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ: പാർട്ട് 1’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി നടനും മുൻ എം.പിയുമായ നിതീഷ് ഭരദ്വാജ്. ചിത്രം ഒരു ‘അജണ്ട സിനിമ’ പോലെയാണ് അനുഭവപ്പെടുന്നതെന്നും സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ബി.ആർ ചോപ്രയുടെ ‘മഹാഭാരതം’ പരമ്പരയിലൂടെ ശ്രീകൃഷ്ണനായി ശ്രദ്ധേയനായ നടന്റെ പ്രതികരണം.

ലക്‌സംബർഗ്, യു.എ.ഇ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് നിർമാണ കമ്പനിയിലേക്ക് പണം എത്തിയതെന്ന് നിതീഷ് ഭരദ്വാജ് ആരോപിച്ചു. ഇന്ത്യൻ സംസ്‌കാരത്തെ ഇകഴ്ത്തിക്കാട്ടാൻ സിനിമയെ ഉപയോഗിക്കുന്നവർ പുതിയ കാലത്തെ ബ്രിട്ടീഷുകാരെപ്പോലെയാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് സർക്കാർ അന്വേഷിക്കണം. ഇസ്ലാമിനെയോ ക്രിസ്തുമതത്തെയോ കുറിച്ച് ഇത്തരമൊരു സിനിമ നിർമിക്കാൻ ബോളിവുഡിന് ധൈര്യമുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.

ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് ചിത്രം മുന്നേറുന്നതിനിടെയാണ് ഭരദ്വാജിന്റെ വിമർശനം. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ പ്രശംസിക്കുകയും സിനിമ ഓസ്‌കർ നേടുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്ന നിതീഷ്, തിയേറ്ററിൽ സിനിമ കണ്ടതോടെ തന്റെ അഭിപ്രായം പൂർണ്ണമായും മാറിയെന്നും മുൻപത്തെ പ്രശംസ പിൻവലിക്കുകയാണെന്നും വ്യക്തമാക്കി. 4,000 കോടി രൂപയുടെ ബജറ്റിലും സംവിധായകൻ നിതേഷ് തിവാരിയുടെ മുൻകാല മികവിലും എ.ആർ റഹ്‌മാന്റെ സംഗീതത്തിലും തനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാവണനെ അങ്ങേയറ്റം ഉദാരമതിയും നീതിമാനുമായ ഭരണാധികാരിയായി ചിത്രീകരിച്ചതിലൂടെ രാമായണത്തിന്റെ ധാർമിക ചട്ടക്കൂടിനെ സിനിമ അട്ടിമറിച്ചതായി അദ്ദേഹം ആരോപിച്ചു. യാഷ് അവതരിപ്പിച്ച രാവണന്റെ മോശം വശങ്ങൾ ഒട്ടും കാണിച്ചിട്ടില്ലെന്നും ഒരു മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാവിനെപ്പോലെയാണ് രാവണനെ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ആരണ്യകാണ്ഡത്തിലെയും യുദ്ധകാണ്ഡത്തിലെയും പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയതായും സ്വന്തം തിന്മകളാണ് രാവണന്റെ പതനത്തിന് കാരണമായതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ശ്രീരാമനെ നിർവികാരമായ മുഖമുള്ള നിസ്സാര മനുഷ്യൻ മാത്രമായി താഴ്ത്തിക്കെട്ടിയെന്നും കണ്ണീരോടെ അയോധ്യ വിട്ടിറങ്ങുന്ന രാമന്റെ ചിത്രീകരണം ‘മര്യാദ’ എന്ന സങ്കല്പത്തിനും ഇക്ഷ്വാകു വംശത്തിന്റെ പാരമ്പര്യത്തിനും എതിരാണെന്നും നിതീഷ് കുറ്റപ്പെടുത്തി. വില്ലനെ നായകനും നായകനെ വില്ലനുമാക്കുന്ന രീതിയാണ് സിനിമയിലുള്ളത്. രാവണൻ ഇത്രയധികം വിവേകിയും നീതിമാനുമായ രാജാവായിരുന്നെങ്കിൽ മഹാവിഷ്ണുവിന് ശ്രീരാമനായി അവതരിക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നും, പുസ്തകങ്ങൾ വായിക്കാത്ത പുതിയ തലമുറ അടുത്ത രണ്ട് വർഷത്തേക്ക് രാവണനെ ‘ഹീറോ’ ആയി ആരാധിക്കാൻ ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുർബലനായി ചിത്രീകരിച്ച രാമൻ രണ്ടാം ഭാഗത്തിൽ എങ്ങനെ രാവണനെ വധിക്കുമെന്നാണ് അണിയറപ്രവർത്തകർ കാണിക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

നിതീഷിന്റെ വാക്കുകൾ

“4,000 കോടി രൂപയുടെ ബജറ്റിലും സംവിധായകൻ നിതേഷ് തിവാരിയുടെ മുൻകാല മികവിലും എ.ആർ. റഹ്‌മാന്റെ സംഗീതത്തിലും എനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. എന്നാൽ സിനിമ തിയേറ്ററിൽ കണ്ടതോടെ എന്റെ അഭിപ്രായം പൂർണ്ണമായും മാറി. മുൻപ് ഞാൻ നടത്തിയ പ്രശംസ പിൻവലിക്കുകയാണ്.

രാവണനെ അങ്ങേയറ്റം ഉദാരമതിയും നീതിമാനുമായ ഭരണാധികാരിയായി ചിത്രീകരിച്ചതിലൂടെ രാമായണത്തിന്റെ ധാർമിക ചട്ടക്കൂടിനെത്തന്നെ സിനിമ അട്ടിമറിച്ചു, അവതാരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ഇല്ലാതാക്കി. ശ്രീരാമനെ നിർവികാരമായ മുഖമുള്ള ഒരു നിസ്സാര മനുഷ്യൻ മാത്രമായി താഴ്ത്തിക്കെട്ടി. അത് രാമനല്ല; ശ്രീരാമൻ എന്നാൽ ‘മര്യാദ’യാണ്. കണ്ണീരോടെ അയോധ്യ വിട്ടിറങ്ങുന്ന രാമന്റെ ചിത്രീകരണത്തെയും ഞാൻ എതിർക്കുന്നു. ‘പ്രാണൻ പോയാലും വാക്ക് പാലിക്കുക’ എന്ന ഇക്ഷ്വാകു വംശത്തിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതിൽ സിനിമ പരാജയപ്പെട്ടു.

യാഷ് അവതരിപ്പിച്ച രാവണന്റെ മോശം വശങ്ങൾ ഒട്ടും കാണിച്ചിട്ടില്ല. ഒരു മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാവിനെപ്പോലെയാണ് രാവണനെ അവതരിപ്പിച്ചിരിക്കുന്നത്. ആരണ്യകാണ്ഡത്തിലെയും യുദ്ധകാണ്ഡത്തിലെയും പല പ്രധാന ഭാഗങ്ങളും സിനിമയിൽ നിന്ന് ഒഴിവാക്കി. സ്വന്തം തിന്മകളാണ് രാവണന്റെ പതനത്തിന് കാരണമായത്.

സിനിമയിൽ കാണിക്കുന്നതുപോലെ രാവണൻ ഇത്രയധികം വിവേകിയും നീതിമാനുമായ രാജാവായിരുന്നെങ്കിൽ പിന്നെ മഹാവിഷ്ണുവിന് ശ്രീരാമനായി അവതരിക്കേണ്ട ആവശ്യമെന്തായിരുന്നു? ഇത് അവതാര സങ്കല്പത്തെത്തന്നെ അർത്ഥശൂന്യമാക്കുന്നു. രണ്ടാമതായി, പുസ്തകങ്ങൾ വായിക്കാത്ത പുതിയ തലമുറ അടുത്ത രണ്ട് വർഷത്തേക്ക് രാവണനെ ഒരു ‘ഹീറോ’ ആയി ആരാധിക്കാൻ ഇടയാകും. അങ്ങനെയെങ്കിൽ രണ്ടാം ഭാഗത്തിൽ ദുർബലനായി ചിത്രീകരിച്ച രാമൻ എങ്ങനെ രാവണനെ വധിക്കുമെന്നാണ് അണിയറപ്രവർത്തകർ കാണിക്കാൻ പോകുന്നത്? വില്ലനെ നായകനും നായകനെ വില്ലനുമാക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.

ലക്‌സംബർഗ്, യു.എ.ഇ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് നിർമാണ കമ്പനിയിലേക്ക് പണം എത്തിയത്. ഇന്ത്യൻ സംസ്‌കാരത്തെ ഇകഴ്ത്തിക്കാട്ടാൻ സിനിമയെ ഉപയോഗിക്കുന്ന ‘അജണ്ടക്കാർ’ പുതിയ കാലത്തെ ബ്രിട്ടീഷുകാരെപ്പോലെയാണ്. ഇതിന് പിന്നിൽ ആരാണെന്ന് സർക്കാർ അന്വേഷിക്കണം. ഇസ്ലാമിനെയോ ക്രിസ്തുമതത്തെയോ കുറിച്ച് ബോളിവുഡിന് ഇത്തരമൊരു സിനിമ നിർമിക്കാൻ ധൈര്യമുണ്ടാകുമോ?”