‘മമ്മൂട്ടി സാർ, അടുത്ത തവണ വരുമ്പോൾ താടി കുറച്ച് നരപ്പിച്ചിട്ട് വരണം, ഇല്ലേൽ ഞാൻ നിങ്ങളുടെ ചേട്ടനാണെന്ന് എല്ലാവരും പറയും’; പൊട്ടിച്ചിരിപ്പിച്ച് ധനുഷ്

','

' ); } ?>

മമ്മൂട്ടിയും ധനുഷും ആദ്യമായി ഒന്നിക്കുന്ന ‘ഓം’ (ഓപ്പറേഷൻ മോൾ) എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ മമ്മൂട്ടിയോട് രസകരമായ അഭ്യർത്ഥനയുമായി ധനുഷ്. അടുത്ത തവണ പൊതുവേദിയിൽ വരുമ്പോൾ താടിയിൽ അവിടെയും ഇവിടെയുമൊക്കെ അല്പം നര വരുത്തണമെന്നായിരുന്നു ധനുഷിന്റെ തമാശരൂപേണയുള്ള അഭ്യർത്ഥന. മമ്മൂട്ടിക്കൊപ്പം നിൽക്കുമ്പോൾ തന്നെ കണ്ടാൽ ചേട്ടനെപ്പോലെ തോന്നുന്നുവെന്ന് ആളുകൾ പറയുന്നതായും, താടി ഒന്ന് നരപ്പിച്ചാൽ തനിക്ക് കുറച്ചുകൂടി ചെറുപ്പം തോന്നുമല്ലോ എന്നും ധനുഷ് ചിരിയോടെ പറഞ്ഞു. ധനുഷിന്റെ വാക്കുകൾ നിറഞ്ഞ ചിരിയോടെയാണ് മമ്മൂട്ടി സ്വീകരിച്ചത്.

ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിലാണ് ആരാധകർ ഏറ്റെടുത്ത ഈ രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്. ‘ഓം’ വളരെ സങ്കീർണമായ ഒരു കഥയാണെന്നും ചിത്രത്തിലെ ‘സിയ’ എന്ന കഥാപാത്രത്തിനായി മമ്മൂട്ടി തന്നെ വേണമെന്ന് സംവിധായകൻ രാജ്കുമാർ പെരിയസാമിക്ക് നിർബന്ധമുണ്ടായിരുന്നതായും ധനുഷ് വേദിയിൽ വ്യക്തമാക്കി. കഥകൾ തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധാലുവായ മമ്മൂട്ടി ഈ പ്രോജക്ടിന്റെ ഭാഗമായതിൽ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ മോൾ’ എന്ന ചിത്രത്തിൽ സായ് പല്ലവി, ശ്രീലീല എന്നിവരാണ് നായികമാരായെത്തുന്നത്. മമ്മൂട്ടി-ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം നവംബർ 20-ന് തിയറ്ററുകളിലെത്തും.