“സംവിധായകനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു, അന്ന് കൂടെ നിന്ന മനുഷ്യൻ ഇന്നെന്റെ മാനേജരാണ്”; സ്വര ഭാസ്‌ക്കർ

','

' ); } ?>

കരിയറിന്റെ തുടക്കകാലത്ത് സിനിമാ ചിത്രീകരണത്തിനിടെ സംവിധായകനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ബോളിവുഡ് നടി സ്വര ഭാസ്‌കർ. 2011-ൽ മധ്യപ്രദേശിലെ പച്ച്മഡിയിൽ നടന്ന ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ശാരീരികമായ അതിക്രമം ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ പെരുമാറ്റം ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്നും, വർഷങ്ങൾക്ക് ശേഷം ‘മീ ടൂ’ (Me Too) മുന്നേറ്റം സജീവമായപ്പോഴാണ് താൻ നേരിട്ടത് തൊഴിലിടത്തിലെ അതിക്രമമാണെന്ന് ബോധ്യപ്പെട്ടതെന്നും നടി വെളിപ്പെടുത്തി. ‘ദി ഫ്രീ പ്രസ് ജേണലിന്’ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിന് ശേഷം അഭിനയിച്ച സിനിമയുടെ സെറ്റിലായിരുന്നു ദുരനുഭവം. 56 ദിവസത്തെ ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ സംവിധായകനിൽ നിന്ന് മോശം പെരുമാറ്റമുണ്ടായി. ഇരുപതുകളുടെ തുടക്കത്തിലായിരുന്ന തനിക്ക് അന്ന് സിനിമാ മേഖലയിൽ സ്വന്തമായി ഒരു ടീമോ പിന്തുണ തേടാൻ ആളുകളോ ഉണ്ടായിരുന്നില്ല. കരിയറിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന സമയമായതിനാൽ സിനിമ ഉപേക്ഷിച്ചു പോകാനും കഴിയുമായിരുന്നില്ലെന്ന് സ്വര പറഞ്ഞു.

സഹികെട്ടതോടെ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറോട് താരം കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. അദ്ദേഹം തനിക്കൊപ്പം നിൽക്കുകയും സംരക്ഷണം നൽകുകയും ചെയ്തതോടെ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരണം സുഗമമായി പൂർത്തിയാക്കാൻ സാധിച്ചു. അന്ന് തനിക്ക് കരുത്തായി നിന്ന ആ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പിന്നീട് അടുത്ത സുഹൃത്തായി മാറിയെന്നും, നിലവിൽ തന്റെ മാനേജരായി പ്രവർത്തിക്കുന്നത് അദ്ദേഹമാണെന്നും സ്വര ഭാസ്‌കർ കൂട്ടിച്ചേർത്തു.

സ്വരയുടെ വാക്കുകൾ

തനു വെഡ്‌സ് മനു’വിനുശേഷം അഭിനയിച്ച ചിത്രമായിരുന്നു. അന്ന് ഇരുപതുകളുടെ തുടക്കത്തിലായിരുന്ന തനിക്ക് സിനിമാ മേഖലയിൽ സ്വന്തമായി ഒരു ടീമോ സഹായം തേടാൻ ആളുകളോ ഉണ്ടായിരുന്നില്ല.

ശാരീരിക സ്പർശനം ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ പെരുമാറ്റം തൊഴിലിടത്തിലെ ലൈംഗികാതിക്രമമാണെന്ന് അന്ന് തിരിച്ചറിയാൻ സാധിച്ചില്ല.. വർഷങ്ങൾക്കുശേഷം ‘മീ ടൂ’ കാംപെയ്ൻ ശക്തമായപ്പോൾ മറ്റ് സ്ത്രീകളുടെ അനുഭവങ്ങൾ വായിച്ചതിലൂടെ ഞാൻ നേരിട്ടതും ലൈംഗികാതിക്രമമാണെന്ന് മനസ്സിലായത്.

56 ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂളുണ്ടായിരുന്ന ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ദുരനുഭവം തുടങ്ങിയിരുന്നു. എന്നാൽ കരിയറിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന സമയമായതിനാൽ സിനിമ ഉപേക്ഷിച്ചു പോകാൻ കഴിയുമായിരുന്നില്ല.

ഒടുവിൽ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. അദ്ദേഹം എനിക്കൊപ്പം നിന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരണം സുഗമമായി നടന്നു. അദ്ദേഹം എന്റെ സുഹൃത്തായി മാറി. എന്നെ സംരക്ഷിച്ചു. അന്ന് കൂടെ നിന്ന അദ്ദേഹം ഇന്ന് എന്റെ മാനേജരാണ്.