
പൊതുനിരത്തുകൾ അഭ്യാസപ്രകടനങ്ങൾക്കും വാഹനയോട്ട മത്സരങ്ങൾക്കുമുള്ള ഇടമല്ലെന്നും യാത്ര ചെയ്യാനുള്ളതാണെന്നും നടൻ മമ്മൂട്ടി. റോഡിൽ ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നത് സ്വന്തം ജീവന് മാത്രമല്ല, മറ്റുള്ളവർക്കും വലിയ ഭീഷണിയാകുമെന്ന് അദ്ദേഹം പുതുതലമുറയെ ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ജീവ സുയാത്ര മിഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ മമ്മൂട്ടി.
ബൈക്കും കാറുമുപയോഗിച്ച് അഭ്യാസപ്രകടനങ്ങളും റേസിങ്ങും നടത്താൻ പ്രത്യേക റേസ് ട്രാക്കുകളുണ്ടെന്നും അതിനായി അവിടേക്ക് പോകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 99 ശതമാനം റോഡപകടങ്ങളും സംഭവിക്കുന്നത് മനുഷ്യരുടെ പിഴവുകൊണ്ടാണ്; യന്ത്രത്തകരാറുകൾ ഒരു ശതമാനം മാത്രമാണ്. സ്വന്തം സുരക്ഷ മറ്റുള്ളവരുടെ കൈയിലാണെന്ന അശ്രദ്ധയോടെ വീട്ടിനകത്ത് നടക്കുന്നതുപോലെയാണ് പലരും റോഡിലിറങ്ങുന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി റോഡിലൂടെ നടക്കുന്ന പ്രവണതയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
താൻ വേഗത ഇഷ്ടപ്പെടുന്നയാളാണെങ്കിലും ഡ്രൈവിങ്ങിൽ എപ്പോഴും കൃത്യമായ ജാഗ്രതയും ഏകാഗ്രതയും പുലർത്താറുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. വാഹനത്തിന്റെ നിയന്ത്രണം കൈയിലിരിക്കുമ്പോൾ വലിയൊരു ഉത്തരവാദിത്തമാണുള്ളതെന്ന ബോധ്യമുണ്ടായാൽ അപകടങ്ങൾ ഒഴിവാക്കാം. എന്നാൽ, റോഡുകളിൽ വാഹനങ്ങളുടെ എണ്ണവും തിരക്കും അനിയന്ത്രിതമായി വർദ്ധിച്ചതിനാൽ അടുത്ത കാലത്തായി താൻ വാഹനമോടിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ വാക്കുകൾ
“ബ്രാൻഡ് അംബാസിഡറായി എന്നെ തിരഞ്ഞെടുത്തു എന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെ പേടിച്ചുപോയി. എന്റെ ഡ്രൈവിങ് അത്ര സൽപ്പേര് ഉള്ളതല്ല. ആവേശത്തോടെ വണ്ടിയോടിക്കുന്ന, സ്പീഡ് ഇഷ്ടമുള്ള ആളാണ്. സ്പീഡുണ്ടെങ്കിലും ജാഗ്രതയും ഏകാഗ്രതയും ശ്രദ്ധയുമുണ്ടാവണം. പവർ ഹോൾഡ് ചെയ്യുമ്പോൾ ഉത്തരവാദിത്തവുമുണ്ടെന്ന് വിചാരിച്ചാൽ വലിയ അപകടങ്ങളില്ലാതെ പോവാം. പക്ഷേ, അടുത്ത കാലത്തായി ഞാൻ വണ്ടി ഓടിക്കാറില്ല. കാരണം ഒരുപാട് വാഹനങ്ങളായി, തിരക്കുള്ള വീഥികളായി. റോഡ് എത്ര നന്നാക്കിയാലും വാഹനങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. അപകടങ്ങളും കൂടുന്നു.
മാനുഷികമായ തെറ്റിനെത്തുടർന്നാണ് 99% റോഡ് അപകടങ്ങളും ഉണ്ടാവുന്നത്. മെക്കാനിക്കൽ എറർ ഒരു ശതമാനമേയുള്ളൂ. നമ്മുടെ സുരക്ഷ മറ്റുള്ളവരുടെ കൈയിലാണെന്ന് കരുതി റോഡിലൂടെ നടക്കരുത്. പലരും വീട്ടിനകത്ത് നടക്കുന്നതുപോലെയാണ് റോഡിൽ നടക്കുന്നത്. ഫോൺ ഉപയോഗിച്ച് റോഡിലൂടെ നടക്കാത്ത ആരെയെങ്കിലും ഇപ്പോൾ കാണാനുണ്ടോ? വീട്ടിലിരുന്ന് വിളിക്കാൻ പറ്റാത്തതുകൊണ്ട് റോഡിലിറങ്ങി വിളിക്കുന്നതുപോലെയാണ് തോന്നുന്നത്. ഫോണിലാണ് ശ്രദ്ധ.
കുട്ടികളോട് പറയാനുള്ളത്, മോട്ടർ സൈക്കിളും കാറുംകൊണ്ട് അഭ്യാസം നടത്താൻ അതിനായുള്ള സ്ഥലങ്ങളുണ്ട്. റേസ് ട്രാക്കുകളുണ്ട്, അവിടെപ്പോയാണ് റേസ് നടത്തേണ്ടത്. റോഡിലൂടെയല്ലല്ലോ ഓട്ടമത്സരം നടത്തുക. റോഡിൽ അഭ്യാസപ്രകടനം നടത്തിയാൽ നിങ്ങൾക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഉപദ്രവമാവും. യാത്ര ചെയ്യാനുള്ളതാണ് റോഡ്, റേസിനുള്ളതല്ല.”