‘ക്യാമറക്കണ്ണുകൾ നിശ്ചലമായാലും ആ ചിത്രങ്ങൾ മായില്ല’; കൊല്ലം മോഹന്റെ വിയോഗത്തിൽ നൊമ്പരക്കുറിപ്പുമായി മോഹൻലാൽ

','

' ); } ?>

അന്തരിച്ച പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹന്റെ വിയോഗത്തിൽ വൈകാരികമായ കുറിപ്പുമായി നടൻ മോഹൻലാൽ. മലയാള സിനിമയിലെ അതുല്യപ്രതിഭയായ കൊല്ലം മോഹൻ തനിക്ക് പ്രിയപ്പെട്ട ‘മോഹൻ ചേട്ടനും’ ഇഷ്ട ഫോട്ടോഗ്രാഫറുമായിരുന്നുവെന്ന് മോഹൻലാൽ അനുസ്മരിച്ചു. ചേട്ടന്റെ ക്യാമറാക്കണ്ണുകൾ നിശ്ചലമായാലും അദ്ദേഹം പകർത്തിയ വർണചിത്രങ്ങൾ മലയാളിയുടെ മനസ്സിൽനിന്ന് ഒരിക്കലും മായില്ലെന്നും താരം കുറിച്ചു.

സെറ്റിലും പുറത്തും ഒട്ടേറെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച നാളുകളെ മോഹൻലാൽ ഓർത്തെടുത്തു. നേരിൽ കാണുമ്പോഴെല്ലാം ചേർത്തുപിടിച്ച് സംസാരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ‘നാന’ സിനിമാ വാരികയിലൂടെ താരവിശേഷങ്ങൾക്കും ചിത്രങ്ങൾക്കുമായി സിനിമാപ്രേമികൾ കാത്തിരുന്ന കാലത്ത്, ആ ചിത്രങ്ങൾക്ക് ദൃശ്യചാരുതയേകിയത് കൊല്ലം മോഹനായിരുന്നു. തന്നെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയ ‘സൂംലെൻസിലൂടെ മോഹൻലാൽ’ എന്ന സചിത്ര പുസ്തകം തങ്ങൾക്കിടയിലെ ആത്മബന്ധത്തിന്റെ കഥ കൂടിയാണെന്നും പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും മോഹൻലാൽ പങ്കുവെച്ചു.

വ്യാഴാഴ്ച വൈകീട്ട് മാർത്താണ്ഡം കുഴിത്തുറ വെസ്റ്റിൽ വെച്ച് തീവണ്ടിയിൽനിന്ന് വീണായിരുന്നു കൊല്ലം മോഹന്റെ അന്ത്യം. സഹോദരങ്ങൾക്കൊപ്പം മാർത്താണ്ഡത്തുള്ള കുടുംബക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

1953 ഓഗസ്റ്റ് അഞ്ചിന് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് ജനിച്ച അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകനായെത്തിയ ശേഷമാണ് ‘കൊല്ലം മോഹൻ’ എന്ന പേരിൽ പ്രശസ്തനായത്. അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം, അനന്തരം, മതിലുകൾ എന്നീ വിഖ്യാത ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രാഹകനായിരുന്നു. രാധ എന്ന പെൺകുട്ടി, കലിക, സ്‌നേഹപൂർവം മീര, ബലൂൺ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു. ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും ചെയ്തിട്ടുണ്ട്.

ദേശീയ, അന്തർദേശീയ ഫോട്ടോഗ്രഫി മത്സരങ്ങളിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുള്ള കൊല്ലം മോഹൻ മാക്ട (MACTA) ആജീവനാന്ത അംഗവും ഫെഫ്ക (FEFKA) ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ അംഗവുമാണ്. ‘ക്യാമറയ്ക്കു മുന്നിലും പിന്നിലും’ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.