
കമൽ ഹാസൻ നായകനായ ‘ഇന്ത്യൻ 2’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ക്രെയിൻ അപകടത്തിൽ താൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന വെളിപ്പെടുത്തലുമായി നടി കാജൽ അഗർവാൾ. 100 അടി ഉയരമുള്ള ക്രെയിൻ തനിക്ക് നേരെ പാഞ്ഞുവന്നപ്പോൾ, ആ അപകടത്തിൽ ആദ്യം മരിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്നും എന്നാൽ ഏതോ ഒരു കൈ തന്നെ ടെന്റിൽ നിന്ന് വലിച്ചു പുറത്തിടുകയായിരുന്നുവെന്നും താരം പറഞ്ഞു. ‘ഹ്യൂമൻസ് ഓഫ് ബോംബെ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഈ നടുക്കുന്ന അനുഭവം പങ്കുവെച്ചത്.
2020 ഫെബ്രുവരിയിൽ ചെന്നൈയിലെ ഇ.വി.പി ഫിലിം സിറ്റിയിലായിരുന്നു മൂന്ന് അണിയറപ്രവർത്തകരുടെ മരണത്തിനിടയാക്കിയ ദാരുണമായ അപകടം നടന്നത്. രാത്രിയിൽ ഒരു വലിയ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെ മോണിറ്ററിന് പിന്നിലെ ടെന്റിൽ ഇരിക്കുകയായിരുന്നു കാജൽ. 80 വയസ്സുകാരിയുടെ പ്രോസ്തെറ്റിക് മേക്കപ്പിലായിരുന്ന താരം, പെട്ടെന്ന് എല്ലാവരും ഭയന്നോടുന്നത് കണ്ട് കാര്യമറിയാതെ കൂടെ ഓടി. വെപ്രാളത്തിൽ ഒരു കൺസോൾ ടേബിളിൽ തട്ടി വീഴാൻ പോയ കാജൽ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ലൈറ്റിംഗിനായി ഉപയോഗിച്ച ഭീമൻ ക്രെയിൻ തനിക്ക് നേരെ തകർന്നുവരുന്നതാണ്.
ഭയം കാരണം താൻ പൂർണ്ണമായി മരവിച്ചുപോയ ആ നിമിഷത്തിൽ, ആരോ തന്നെ പിടിച്ചു ടെന്റിൽ നിന്ന് പുറത്തേക്ക് വലിച്ചെന്നും തൊട്ടടുത്ത നിമിഷം ക്രെയിൻ തന്റെ തൊട്ടരികിൽ പതിക്കുകയായിരുന്നെന്നും കാജൽ ഓർത്തെടുക്കുന്നു. അപകടത്തിന് ശേഷം വിറങ്ങലിച്ചു നിന്ന തന്റെ അടുത്തേക്ക് ഓടിയെത്തിയ സ്റ്റാഫ് അംഗങ്ങളോട്, “നിങ്ങളാണോ എന്നെ വലിച്ചു പുറത്തിട്ടത്?” എന്ന് ചോദിച്ചപ്പോൾ തങ്ങളെല്ലാം ദൂരെയായിരുന്നു എന്നായിരുന്നു അവരുടെ മറുപടി. ആരാണ് തന്നെ രക്ഷിച്ചതെന്ന് ഇന്നും അറിയില്ലെന്നും, അതൊരു ദിവ്യഹസ്തമായിരുന്നു എന്നും കാജൽ കൂട്ടിച്ചേർത്തു.
അസിസ്റ്റന്റ് ഡയറക്ടറും ടെക്നീഷ്യൻമാരും ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ അപകടം തന്റെ കുടുംബത്തെയും ഏറെ ഭീതിയിലാഴ്ത്തിയിരുന്നു. സംഭവത്തെത്തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കമൽ ഹാസനും നിർമ്മാണ കമ്പനിയും ഒരു കോടി രൂപ വീതം ധനസഹായം നൽകിയിരുന്നു.
ബോക്സ് ഓഫീസിൽ 150 കോടി രൂപ കളക്ഷൻ നേടിയ ‘ഇന്ത്യൻ 2’-ന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ എന്ന ചിത്രത്തിൽ മണ്ഡോദരിയുടെ വേഷത്തിലാണ് കാജൽ അഗർവാൾ ഒടുവിൽ അഭിനയിച്ചത്.
കാജലിന്റെ വാക്കുകൾ
“സെറ്റിൽ 100 അടി ഉയരമുള്ള ക്രെയിൻ ഒടിഞ്ഞുവീണ് മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടു, അതിൽ ആദ്യം പോകേണ്ടിയിരുന്നത് ഞാനായിരുന്നു. അക്ഷരാർത്ഥത്തിൽ, ഞാൻ എങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് എനിക്കറിയില്ല. എന്നാൽ സത്യമായിട്ടും, എന്നെ പുറത്തേക്ക് വലിച്ച ഒരു ദിവ്യഹസ്തം അവിടെ ഉണ്ടായിരുന്നു എന്ന് ഞാൻ സത്യം ചെയ്യുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ആ സമയത്ത്, ആ ടെന്റിൽ നിന്ന് എന്നെ പിടിച്ച് പുറത്തേക്ക് വലിച്ച ഒരു കൈ ഉണ്ടായിരുന്നു. ക്രെയിൻ എന്റെ തൊട്ടടുത്താണ് വീണത്. ഞാൻ അതിലേക്ക് നോക്കി വിറയ്ക്കുകയായിരുന്നു. എന്റെ ചുറ്റും ആരും ഉണ്ടായിരുന്നില്ല. എന്റെ സ്റ്റാഫ് എന്നെ നോക്കാൻ ഓടിയെത്തി. നിങ്ങളാണോ എന്നെ പുറത്തേക്ക് വലിച്ചതെന്ന് ഞാൻ അവരോട് ചോദിച്ചു, പക്ഷേ അവരെല്ലാം ദൂരെയായിരുന്നു, പിന്നെ ആരാണ് എന്നെ വലിച്ചതെന്ന് ഞാൻ അത്ഭുതപ്പെട്ടു.”