
കൊച്ചിയിൽ സംഘടിപ്പിച്ച ജന്തർ മന്തർ പരിപാടിയിൽ നടൻ പ്രകാശ് രാജിനെ അപമാനിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന എഡിറ്റഡ് വീഡിയോയ്ക്കെതിരെ പ്രതികരിച്ച് സിപിഎം നേതാവ് പി.രാജീവ്. ചെറിയ തോതിൽ മാത്രം പ്രചരിക്കുന്നതാണെങ്കിലും, ഇത്തരം നികൃഷ്ടമായ രീതികൾ തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് പി.രാജീവ് യഥാർത്ഥ സംഭവവികാസങ്ങൾ വിശദീകരിച്ചത്.
‘കൈതപ്പുല്ല്’ ഉൾപ്പെടെയുള്ള യൂട്യൂബ് ചാനലുകൾ വഴി തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്നാണ് രാജീവ് വിശദീകരണവുമായി എത്തിയത്. പ്രകാശ് രാജ് ഇരുന്ന കസേരയിൽ താൻ ധാർഷ്ട്യത്തോടെ പിടിച്ചെടുത്തു എന്ന മട്ടിലാണ് വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, സംഭവസ്ഥലത്തെ യഥാർത്ഥ കാര്യങ്ങൾ പി.രാജീവ് ഇങ്ങനെ വിശദീകരിച്ചു: പരിപാടിയിലേക്ക് താൻ എത്തിയപ്പോൾ പ്രകാശ് രാജിന്റെ അടുത്തുള്ള കസേരയിലാണ് ഇരുന്നത്. തുടർന്ന് പ്രസംഗം കഴിഞ്ഞ് വന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ പ്രകാശ് രാജിന്റെ കസേരയിൽ ഇരുന്നു. ഈ സമയത്ത് സൈഡിലേക്ക് മാറാൻ ശ്രമിച്ച പ്രകാശ് രാജിനെ താൻ സ്നേഹത്തോടെ അടുത്ത് വിളിച്ചിരുത്തി. പിന്നീട് പ്രകാശ് രാജ് എഴുന്നേറ്റുപോയ തക്കത്തിന് അഭിജിത്തിനോട് സംസാരിക്കാനായി ആ കസേരയിൽ ചെന്നിരുന്നു. തിരികെ വന്ന പ്രകാശ് രാജ് തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നപ്പോൾ, അദ്ദേഹത്തെ വീണ്ടും അഭിജിത്തിന്റെ അടുത്തിരിക്കാൻ ക്ഷണിച്ച് താൻ പഴയ സ്ഥാനത്തേക്ക് തന്നെ മടങ്ങുകയായിരുന്നു.
ഈ സ്വാഭാവികമായ ദൃശ്യങ്ങളെയാണ് ദുഷ്ടലാക്കോടെ എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതെന്നും, സമൂഹമാധ്യമങ്ങളുടെ ഈ മോശം പ്രവണത പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഡിറ്റ് ചെയ്ത ദൃശ്യങ്ങളും യഥാർത്ഥ വീഡിയോയും ഒപ്പുവെച്ചാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
പി.രാജീവിന്റെ വാക്കുകൾ:
‘എങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി ചിത്രങ്ങളും വിഡിയോകളും ദുരുപയോഗപ്പെടുത്തി വ്യാജനിർമ്മിതികളിലൂടെ വ്യക്തിഹത്യക്ക് ശ്രമിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കാണാം. കഴിഞ്ഞ ദിവസം കൊച്ചിയിലെ ജന്തർമന്തർ പരിപാടിയിൽ നടൻ പ്രകാശ് രാജിനെ എഴുന്നേൽപ്പിച്ച് ധാർഷ്ട്യത്തോടെ ഞാൻ ഇരിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചില സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തി. ‘Kaithapully channel’ എന്ന യൂട്യൂബ് ചാനലും ഒരാൾ അയച്ചുതന്നു. അതിൽ ആദ്യം ഞാൻ പ്രകാശ് രാജിന്റെ അടുത്ത് ഇരിക്കുന്നു. അദ്ദേഹം എഴുന്നേൽക്കുമ്പോൾ ഞാൻ ആ കസേരയിൽ ഇരിക്കുന്നു. പിന്നീട് ഞാൻ അഭിജിത്ത് ഡി.കെ.യുടെ അടുത്തിരിക്കുന്ന വിഷ്വൽ കൂടി കാണിക്കുന്നു. ഇതുവഴി ഒരു തെറ്റായ അഭിപ്രായം രൂപീകരിക്കാൻ ശ്രമിക്കുന്നു.
ഇനി ഒറിജിനൽ വിഡിയോ നോക്കൂ. പരിപാടി നടക്കുന്നതിനിടയിൽ എത്തിയ ഞാൻ പ്രകാശ് രാജിന്റെ അടുത്തുള്ള കസേരയിലാണ് ഇരുന്നത്. അഭിജിത്ത് പ്രസംഗം കഴിഞ്ഞുവന്നപ്പോൾ ഞങ്ങൾ പരസ്പരം ആശ്ലേഷിച്ചു. പിന്നീട് പ്രകാശ് രാജ് ഇരുന്ന കസേരയിൽ അഭിജിത്ത് ഇരുന്നു. പ്രകാശ് രാജ് സൈഡിലുള്ള കസേരയിൽ ഇരിക്കാൻ പോയപ്പോൾ ഞാൻ ഇരുന്ന കസേര ഒഴിഞ്ഞ് അദ്ദേഹത്തെ അങ്ങോട്ട് വിളിച്ച് ഇരുത്തുന്നു. അവർ രണ്ടുപേരും ഒന്നിച്ചിരിക്കേണ്ടവരാണല്ലോ. ആ വരിയിൽ ഒഴിഞ്ഞുകിടന്ന കസേരയിൽ ഞാൻ ഇരിക്കുകയും ചെയ്തു. പിന്നീട് പ്രകാശ് രാജ് എഴുന്നേറ്റു പോയ ഘട്ടത്തിൽ അഭിജിത്തിനോട് ഒരു കാര്യം പറയാൻ ഞാൻ അടുത്തേക്ക് പോയി ആ കസേരയിൽ വന്നിരുന്നു. ആ സമയം തിരിച്ചുവന്ന പ്രകാശ് രാജ് സൈഡിലുള്ള ഞാൻ ഇരുന്ന കസേരയിൽ ഇരിക്കുന്നു. അഭിജിത്തിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ തിരിച്ചുചെന്ന് പ്രകാശ് രാജിനെ മധ്യത്തിലുള്ള അഭിജിത്തിന്റെ അടുത്ത് അദ്ദേഹമിരുന്ന കസേരയിലേക്ക് ക്ഷണിച്ച് ഞാൻ നേരത്തെയിരുന്ന കസേരയിൽ ഇരിക്കുന്നു. ഇതാണ് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കാൻ ശ്രമിച്ചത്.