“ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്, മകൾക്ക് വേണ്ടി എല്ലാം ചെയ്തിരുന്നത് എന്റെ ഭാര്യയായിരുന്നു”: വിജയ് ആന്റണി

','

' ); } ?>

വിജയ് ആന്റണി അഭിനയിക്കുന്ന പുതിയ ചിത്രം ‘അപ്പ കുട്ടി’ നവംബർ 20-ന് തിയറ്ററുകളിലെത്താനിരിക്കെ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം പങ്കുവെച്ച വ്യക്തിപരമായ അനുഭവങ്ങളും പുതിയ തലമുറയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മൂത്ത മകൾ മീരയുടെ വിയോഗത്തിനു ശേഷം മക്കളുടെ വളർത്തലിലും കുടുംബജീവിതത്തിലും വന്ന മാറ്റങ്ങളെക്കുറിച്ച് ഗലാട്ട തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ മനസ്സുതുറന്നു.

“കുട്ടികളുടെ വളർച്ചയിൽ അനാവശ്യമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കരുത്. അവർ ഒരു മരത്തെയോ ചെടിയെയോ പോലെ സ്വതന്ത്രമായി വളരട്ടെ,” വിജയ് ആന്റണി പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ മക്കളെ വേണ്ടത്ര ശ്രദ്ധിക്കാൻ തനിക്ക് സാധിച്ചിരുന്നില്ലെന്നും ഭാര്യയാണ് മകളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു. അന്ന് തനിക്ക് അതിനുള്ള പക്വതയോ അറിവോ ഉണ്ടായിരുന്നില്ലെന്നും ജോലിഭാരവും അതിനൊരു കാരണമായിരുന്നിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴത്തെ ജെൻ സി (Gen Z) തലമുറ ഫോണിലും ഐപാഡിലുമാണ് കൂടുതൽ സമയവും ചെലവഴിക്കുന്നതെന്ന ഭാര്യയുടെ പരാതിക്ക്, അത് അറിവിന്റെ പുതിയ ലോകമാണെന്നാണ് താൻ നൽകാറുള്ള മറുപടിയെന്ന് നടൻ വെളിപ്പെടുത്തി. “ഇന്നത്തെ കുട്ടികളുടെ അറിവ് അവരുടെ മാതാപിതാക്കൾക്ക് പോലുമില്ല. സമൂഹം മുഴുവൻ റീൽസിന്റെയും ഷോർട്ട്സിന്റെയും പിന്നാലെ പോകുമ്പോൾ മക്കളെ തടയേണ്ടതില്ല. ആരെയും വേദനിപ്പിക്കരുത് എന്ന ഒരൊറ്റ കാര്യം മാത്രമേ ഞാൻ അവരോട് പറയാറുള്ളൂ,” വിജയ് ആന്റണി കൂട്ടിച്ചേർത്തു.

2023-ൽ ചെന്നൈ ആൽവാര്പേട്ടിലെ വീട്ടിൽ വെച്ച് വിജയ് ആന്റണിയുടെ 16 വയസ്സുകാരിയായ മകൾ മീര ആത്മഹത്യ ചെയ്ത സംഭവം സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ‘പിച്ചൈക്കാരൻ’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ താരത്തിന് ഈ ദുരന്തം നൽകിയ ആഘാതം ചെറുതല്ല. മകളുടെ വിയോഗത്തിന് ശേഷം കുട്ടികളെ മനസ്സിലാക്കുന്നതിലും അവരോട് പെരുമാറുന്നതിലും തനിക്ക് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് നടന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

വിജയ് ആന്റണിയുടെ വാക്കുകൾ

“ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നതെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ കുഞ്ഞ് ജനിക്കുന്ന സമയത്തും വളരുന്ന സമയത്തുമൊക്കെ എന്നേക്കാളും ഒരു നൂറ് മടങ്ങ് അവൾക്ക് വേണ്ടി എല്ലാം ചെയ്തിരുന്നത് എന്റെ ഭാര്യയായിരുന്നു. ഞാനും കരിയറിന്റെ തുടക്കത്തിലായിരുന്നതു കൊണ്ട് മക്കളെ തോളിലേറ്റി വളർത്തുന്നതിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. അതിനുള്ള പക്വതയും എനിക്കില്ലായിരുന്നു. എന്റെ വർ‍ക്ക് പ്രെഷർ അതിനു കാരണമായോ എന്ന് എനിക്കറിയില്ല. അടുത്തിടെയായി അതെല്ലാം മാറി. ഒരുപാട് മാറ്റങ്ങൾ വന്നു എനിക്ക്. ഇപ്പോൾ എന്റെ മകൾക്ക് എല്ലാ സ്വാതന്ത്ര്യവും ഞാൻ കൊടുക്കുന്നുണ്ട്. എന്റെ ഭാര്യ പറയും, അവളെപ്പോഴും ഫോണിലാണ്, അല്ലെങ്കിൽ ഐപാ‍‍‍ഡിൽ തോണ്ടി കൊണ്ടിരിക്കുകയാണ് എന്നൊക്കെ.

അപ്പോൾ ഞാൻ പറയും അത് അറിവാണ്, അതിലാണ് അറിവിരിക്കുന്നത് എന്ന്. ഇപ്പോഴത്തെ ജെൻ സി കുട്ടികളുടെ അറിവ് അവരുടെ അച്ഛനും ഇല്ല അമ്മയ്ക്കും ഇല്ല. സമൂഹം തന്നെ റീൽസിന്റെയും ഷോർട്ട്സിന്റെയും പിന്നാലെയാണ്. അവർ ഒരു മരം പോലെ സ്വതന്ത്രമായി വളരട്ടേ. ഒരു ചെടി പോലെ വളരെട്ടേ.

അവരുടെ വളർച്ചയിൽ ഒരു നിയന്ത്രണവും വയ്ക്കരുത്. ഒരേ ഒരു കാര്യം മാത്രമേ ഞാൻ മക്കളോട് പറയാറുള്ളൂ, ആരെയും വേദനിപ്പിക്കരുത്. നീ കാരണം വേറൊരാൾ വേദനിക്കരുത്. അങ്ങനെയേ ഞാൻ പറയാറുള്ളൂ.”