
നടിമാര്‍ തമ്മിലുള്ള താരതമ്യപ്പെടുത്തലുകളെ ഇപ്പോള്‍ മത്സരമായി കാണുന്നില്ലെന്നും അത്തരം കാര്യങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും നടി അനശ്വര രാജന്‍. ഒരു കാലത്ത് ഇത്തരം താരതമ്യങ്ങളും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളും തന്നെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും, എന്നാല്‍ ഇന്ന് സ്വന്തം ജോലിയിലും കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിലുമാണ് ശ്രദ്ധയെന്നും താരം വ്യക്തമാക്കി. തെലുങ്ക് യൂട്യൂബ് ചാനലായ ‘ഗേള്‍ ഫോര്‍മുല’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്.
താരതമ്യങ്ങള്‍ ട്വിറ്ററില്‍ മാത്രമല്ല, മറ്റ് ഇടങ്ങളിലും ഉണ്ടാകാറുണ്ടെന്ന് അനശ്വര പറയുന്നു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ ശീലമായെന്നും താരം വ്യക്തമാക്കി. ‘ഒരുകാലത്ത് ഇത്തരം കാര്യങ്ങളെല്ലാം എന്നെ ഒരുപാട് ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്നെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഞാന്‍ എന്താണ് ചെയ്യുന്നതെന്നും എനിക്കറിയാം. ചെയ്യുന്ന സിനിമകള്‍, കഥാപാത്രങ്ങള്‍, എന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് മറ്റുള്ള കാര്യങ്ങളൊന്നും ഇപ്പോള്‍ എന്നെ ബാധിക്കാറില്ല,’ അനശ്വര പറഞ്ഞു.
ഇത്തരം താരതമ്യങ്ങള്‍ക്കപ്പുറം ജീവിതത്തില്‍ വളരെ മോശമായ മറ്റൊരു ഘട്ടത്തിലൂടെയും താന്‍ കടന്നുപോയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ തോതില്‍ അധിക്ഷേപങ്ങള്‍ നേരിട്ടിരുന്ന ആ സമയത്ത് എല്ലാവരും തന്നെ വെറുക്കുന്നതുപോലെ തോന്നിയിരുന്നുവെന്നും അനശ്വര ഓര്‍ത്തെടുത്തു. എന്തിനാണ് ആളുകള്‍ തന്നെ വെറുക്കുന്നതെന്ന് മനസ്സിലായിരുന്നില്ലെന്നും, സോഷ്യല്‍ മീഡിയ തുറക്കാനോ യൂട്യൂബില്‍ പേര് തിരഞ്ഞുനോക്കാനോ പോലും പേടിയായിരുന്നുവെന്നും താരം പറഞ്ഞു. ആ സമയത്ത് മുറിയിലിരുന്ന് കരഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ആ മോശം ഘട്ടത്തില്‍ നിന്ന് സ്വയം പുറത്തുകടക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
നിലവില്‍ ആരോഗ്യകരമായ മാനസികാവസ്ഥയിലാണ് താനെന്നും മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച് സമയം കളയാതെ സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ ഏറ്റവും അധികം സഹായിച്ചത് ചുറ്റുമുള്ള മനുഷ്യരാണെന്നും, പ്രത്യേകിച്ച് തന്റെ ചേച്ചിയാണെന്നും താരം പറയുന്നു. ഒപ്പം ‘നേര്’ എന്ന സിനിമ തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും ആ ചിത്രം തനിക്ക് വലിയ പിന്തുണയായിരുന്നുവെന്നും അനശ്വര വ്യക്തമാക്കി.