
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന് ആദരമർപ്പിച്ച് നടൻ മോഹൻലാൽ. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വിരമിക്കൽ പ്രഖ്യാപനം ആരാധകർക്കിനിയും ഉൾക്കൊള്ളാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോയോടുള്ള തൻ്റെ ഇഷ്ടവും ബഹുമാനവും പങ്കുവെച്ച് മോഹൻലാൽ രംഗത്തെത്തിയത്.
തോൽക്കാൻ തയ്യാറാകാത്ത ഒരു മനുഷ്യൻ്റെ പര്യായമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് മോഹൻലാൽ മലയാള മനോരമയോട് പറഞ്ഞു. അടിമുടി പോരാളിയായ ഒരു കളിക്കാരനാണ് അദ്ദേഹം. വെറുമൊരു ഫുട്ബോൾ ഇതിഹാസം എന്നതിനപ്പുറം, ഫുട്ബോളിനെ അത്രമേൽ പ്രണയിച്ച കാമുകനെന്ന് വിളിക്കാനാണ് തനിക്കിഷ്ടമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. കളിയോടുള്ള ക്രിസ്റ്റ്യാനോയുടെ അർപ്പണമനോഭാവവും അഭിനിവേശവും അതിനായി നടത്തിയ കഠിനാധ്വാനവും സമാനതകളില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
“തോൽക്കാൻ തയ്യാറാകാത്ത ഒരു മനുഷ്യന്റെ പര്യായമാണ് ഈ പേര്. അടി മുടി പോരാളിയായ മനുഷ്യൻ. ഫുട്ബോൾ കളിച്ച ഇതിഹാസതാരം എന്നതിനപ്പുറം ഫുട്ബോളിനെ പ്രണയിച്ച കാമുകനെന്ന് ഞാൻ വിളിക്കും. അദ്ദേഹത്തിന്റെ അർപ്പണമനോഭാവം, തന്റെ പ്രൊഫഷനോടു കാട്ടിയ അഭിനിവേശം, അതിനുവേണ്ടി നടത്തിയ കഠിനാധ്വാനം – ഇതെല്ലാം സമാനതകളില്ലാത്തതാണ്”. മോഹൻലാൽ പറഞ്ഞു.
അതേസമയം, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കുകളിലാണ് മോഹൻലാൽ. പോലീസുകാരൻ്റെ വേഷത്തിൽ മോഹൻലാലെത്തുന്ന ചിത്രത്തിൽ മീരാ ജാസ്മിനാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.