
പ്രശസ്ത ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ ടിന്റോ ബ്രാസ് അന്തരിച്ചു. 93 വയസ്സായിരുന്നു. അധികാരവും ലൈംഗികതയും മനുഷ്യബന്ധങ്ങളും പ്രമേയമാക്കിയ ധീരവും പരീക്ഷണാത്മകവുമായ ചിത്രങ്ങളിലൂടെ ചലച്ചിത്ര മേഖലയിൽ തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം കരിയറിലുടനീളം സെൻസർഷിപ്പ് തടസ്സങ്ങളോട് പോരാടിയിരുന്നു. റോമിന്റെ പ്രാന്തപ്രദേശമായ ഇസോല ഫാർനീസിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ബുധനാഴ്ചയായിരുന്നു. ഭാര്യ കാറ്ററിന വാർസിയും മക്കളായ ബോണിഫാസിയോ, ബിയാട്രീസ് എന്നിവരുമാണ് ഉറ്റവർ.
വെനീസിലെ കലാ പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച്, നിയമപഠനത്തിന് ശേഷം 1950-കളുടെ അവസാനത്തോടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. പാരീസിലെ സിനിമാത്തെക് ഫ്രാൻസെസിൽ ആർക്കൈവിസ്റ്റായി പ്രവർത്തിച്ച അദ്ദേഹം, റോബർട്ടോ റോസെലിനിയുടെ ‘ജനറൽ ഡെല്ല റോവറെ’ എന്ന സിനിമയിൽ സഹായിയായാണ് കരിയർ ആരംഭിച്ചത്. 1963-ൽ പുറത്തിറങ്ങിയ ‘ഇൻ കാപോ അൽ മോണ്ടോ’ ആയിരുന്നു സ്വതന്ത്ര സംവിധായകനായുള്ള ആദ്യ ചിത്രം.
റോമൻ ചക്രവർത്തിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘കാലിഗുല’ (1979), നാസി പശ്ചാത്തലത്തിലുള്ള ‘സലൂൺ കിറ്റി’ (1976) തുടങ്ങിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ആഗോളതലത്തിൽ പ്രശസ്തനായത്. മാൽക്കം മക്ഡൊവൽ, ഹെലൻ മിറൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ‘കാലിഗുല’ നിർമാതാവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വലിയ വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. 1960-കളിൽ ലണ്ടൻ കേന്ദ്രീകരിച്ച് ‘ഡെഡ്ലി സ്വീറ്റ്’, ‘അട്രാക്ഷൻ’, ‘ഡ്രോപ്പ്ഔട്ട്’ തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളും, പിന്നീട് ‘ദി കീ’, ‘ബ്ലാക്ക് എയ്ഞ്ചൽ’, ‘ഫാലോ’ തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.