ക്യാമറ കട്ട് ചെയ്ത ശേഷവും ഞാൻ കരഞ്ഞുപോയി, മോഹൻലാലിന് അദ്ദേഹത്തിന്റെ പ്രതിഭയെക്കുറിച്ച് ഇപ്പോഴും അറിയില്ല

','

' ); } ?>

പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ 1986-ൽ പുറത്തിറങ്ങി മലയാള സിനിമാ ചരിത്രത്തിൽ ഇടംപിടിച്ച ചിത്രമാണ് ‘താളവട്ടം’. പ്രേക്ഷകരുടെ മനസ്സ് തകർത്ത ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചതിനെക്കുറിച്ചുള്ള അപൂർവ്വ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകൻ എസ്. കുമാർ. ഒടുവിലത്തെ നിർണ്ണായകമായ ആ ക്ലോസ്അപ്പ് ഷോട്ട് ക്യാമറയിൽ പകർത്തിയത് ഷൂട്ടിങ് പൂർത്തിയായി മാസങ്ങൾക്ക് ശേഷം ഒരു ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു എന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്.

വിനു എന്ന കഥാപാത്രമായി മോഹൻലാലും ഉണ്ണിയേട്ടനായി നെടുമുടി വേണുവും തകർത്തഭിനയിച്ച ക്ലൈമാക്സിൽ, ജീവനറ്റ മൃതദേഹം പോലെ ജീവിക്കുന്ന വിനുവിനെ ഉണ്ണിയേട്ടൻ ഞെക്കിക്കൊല്ലുന്ന രംഗം സിനിമാപ്രേമികളുടെ കണ്ണ് നനയിച്ച ഒന്നാണ്. ഈ രംഗത്തിൽ മോഹൻലാലിന്റെ ക്ലോസ്അപ്പ് ഷോട്ട് യഥാർത്ഥ ഷൂട്ടിങ് സമയത്ത് എടുത്തിരുന്നില്ല. പ്രധാന ഷൂട്ടിങ്ങും ഡബ്ബിങ്ങും വരെ കഴിഞ്ഞ ശേഷമാണ് സംവിധായകൻ പ്രിയദർശൻ ഇങ്ങനെയൊരു ക്ലോസ്അപ്പ് വേണമെന്ന കാര്യം ഓർക്കുന്നത്. തുടർന്ന് മോഹൻലാൽ തങ്ങിയിരുന്ന ഹോട്ടൽ മുറിയിൽ വെച്ച് പ്രിയദർശനും എസ്. കുമാറും നെടുമുടി വേണുവും ഉൾപ്പെടെ വിരലെണ്ണാവുന്ന ആളുകൾ മാത്രം ചേർന്നാണ് ആ രംഗം ചിത്രീകരിച്ചത്.

മാസങ്ങൾക്ക് മുൻപ് എടുത്ത രംഗത്തിന്റെ തുടർച്ചയായി ലഭിക്കേണ്ട വികാരങ്ങൾ ഒട്ടും ചോർന്നുപോകാതെ ആ ഹോട്ടൽ മുറിയിൽ വെച്ച് മോഹൻലാൽ പ്രതിഫലിപ്പിച്ചപ്പോൾ അത് അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് എസ്. കുമാർ ഓർത്തെടുക്കുന്നു. ഒരു നടനെന്ന നിലയിൽ തന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് മോഹൻലാലിന് ഇപ്പോഴും തിരിച്ചറിവില്ലെന്നും, കഥാപാത്രത്തെ അഭിനയിക്കുകയല്ല മറിച്ച് ആഴത്തിൽ അനുഭവിച്ചു ജീവിക്കുകയായിരുന്നു അദ്ദേഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലൈമാക്സിൽ ഉണ്ണിയേട്ടൻ വിനുവിനെ കൊല്ലുമ്പോൾ എല്ല് പൊട്ടുന്ന ശബ്ദം കേൾക്കുന്ന രംഗം ചിത്രീകരിക്കുമ്പോൾ വികാരഭരിതനായ സംവിധായകൻ പ്രിയദർശൻ മാറിനിൽക്കുകയായിരുന്നു. രംഗം പകർത്തി ക്യാമറ കട്ട് ചെയ്ത ശേഷവും ലാലിന്റെ അഭിനയം കണ്ട് താൻ ക്യാമറയ്ക്ക് മുന്നിലിരുന്ന് കരഞ്ഞുപോയെന്നും എസ്. കുമാർ ഓർക്കുന്നു.

എസ് കുമാറിന്റെ വാക്കുകൾ

“സോമേട്ടൻ അവനെ കൊല്ലുക എന്നൊരു ഓപ്പറേഷൻ ചെയ്തതിന് ശേഷം, ഒരു മൃതദേഹം പോലെ ജീവിതകാലം മുഴുവൻ അവനിങ്ങനെ കിടക്കാം. എന്റെ ഉണ്ണിയെ എനിക്കിനി ഇങ്ങനെ കാണണ്ട എന്ന ഉദ്ദേശ്യത്തിലാണ് നെടുമുടി വേണുച്ചേട്ടൻ അത് ചെയ്യുന്നത്. ശരിക്കും ആ ഷോട്ട് ഇല്ലായിരുന്നു. ഷൂട്ടിങ് മൊത്തം കഴിഞ്ഞ് ഡബ്ബിങ് കഴിഞ്ഞതിന് ശേഷമാണ് പ്രിയൻ പറയുന്നത്, ‘ഒരു ക്ലോസ്അപ് അവശേഷിക്കുന്നുണ്ടല്ലോ’ എന്ന്.

നെടുമുടി വേണുച്ചേട്ടൻ അവനെ ഞെക്കി കൊല്ലുന്നതൊക്കെ നമ്മൾ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ലാലിന്റെ ക്ലോസ് വേണമെന്ന് പറഞ്ഞപ്പോൾ, അത് അദ്ദേഹം താമസിക്കുന്ന ഹോട്ടലിലാണ് എടുത്തത്. ഒരു മാസമോ രണ്ട് മാസത്തിനോ ശേഷം. ഒന്ന് ആലോചിച്ച് നോക്കൂ, അവിടെ ഒരു കാമറയും ഞാനും പ്രിയനും വേണുച്ചേട്ടനും പിന്നെ ഒന്ന് രണ്ട് ആൾക്കാരും മാത്രമേയുള്ളൂ.

ആ ഷോട്ട് അത്രയും ​ഇതായി തോന്നിയെങ്കിൽ, അതിന് പിന്നിൽ മോഹൻലാൽ എന്നൊരു ആക്ടറാണ്. അതിനകത്ത് ഒരു ആക്ഷൻ പറയുക എന്ന് മാത്രമല്ല അത്. എത്രയോ ദിവസം മുൻപ് ഷൂട്ട് ചെയ്ത ഒരു സാധനത്തിന്റെ ബാക്കി, ഒരു ക്ലോസ്അപ് എടുക്കുമ്പോൾ, എനിക്ക് തോന്നുന്നത്, മോഹൻലാൽ എന്താണെന്നത് മോഹൻലാലിന് അറിയില്ല ഇപ്പോഴും, മനസിലായോ.

മോഹൻലാലിന്റെ കഥാപാത്രം നോക്കുകയാണെങ്കിൽ ലാൽ ഉൾക്കൊണ്ട്, അനുഭവിച്ചു പോയതാണ്. അഭിനയിക്കുന്നതല്ലായിരുന്നു ശരിക്കും. ഞാനിത് പറയുന്നതിന് കാരണം എന്താണെന്നുവച്ചാൽ, മോഹൻലാലിന്റെ അങ്ങനെയുള്ള എല്ലാ സിനിമകളും ഞാൻ തന്നെയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്.

വേണുച്ചേട്ടൻ അവനെ ഞെക്കി കൊന്ന് കഴിയുമ്പോൾ എല്ല് പൊട്ടുന്ന ഒരു ശബ്ദം കേൾക്കാം. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് പ്രിയൻ മാറി കളഞ്ഞു. ഞാനത് ഷൂട്ട് ചെയ്തതിന് ശേഷം കാമറ കട്ട് ചെയ്തു. പക്ഷേ ഞാനെന്റെ കണ്ണ് എടുത്തിട്ടില്ലായിരുന്നു. ഞാൻ അവിടെയിരുന്ന് കരയുകയായിരുന്നു.”