
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ റിലീസ് കാത്തിരിപ്പിനിടെ ബോളിവുഡ് താരം രൺബീർ കപൂറിന്റെ വിവാദ പരാമർശം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇലോൺ മസ്കിന്റെ ഏറ്റവും പുതിയ ഫ്ലയിങ് കാറിന്റെ ആശയത്തെ രാമായണത്തിലെ ‘പുഷ്പക വിമാന’വുമായി ഉപമിച്ചതാണ് നടനെ ട്രോളുകൾക്ക് ഇരയാക്കിയത്.
സീ തെലുങ്ക് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, സിനിമയിലെ പുഷ്പക വിമാനത്തെക്കുറിച്ചും അതിന്റെ നിർമാണത്തിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും സംവിധായകനുമായി സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. 5,000 വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിൽ പുഷ്പക വിമാനത്തിലൂടെ ഇത്തരം സാങ്കേതികവിദ്യ ഉണ്ടായിരുന്നുവെന്നും, ഇലോൺ മസ്ക് ഇപ്പോൾ മാത്രമാണ് ഇത് കണ്ടുപിടിച്ചതെന്നുമായിരുന്നു രൺബീറിന്റെ വാക്കുകൾ. ഒക്ടോബർ 15-ന് ടെക്സസിൽ നടന്ന ലൈവ് ഇവന്റിൽ തലകീഴായി ഓടാനും വായുവിൽ തങ്ങിനിൽക്കാനും ശേഷിയുള്ള ടെസ്ലയുടെ പുതിയ റോഡ്സ്റ്റർ ഫ്ലയിങ് കാർ മസ്ക് അവതരിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ രൺബീറിനെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഉയരുന്നത്. “കഴിഞ്ഞ ദിവസം എംജി റോഡിൽ കണ്ടിരുന്നു”, “ഫ്ലയിങ് പുഷ്പകിന്റെ കളറെന്താണ്?”, “മസ്കിന്റെ കാറിനെങ്കിലും തെളിവുണ്ട്” എന്നിങ്ങനെ രസകരമായ ട്രോളുകൾ പ്രചരിക്കുമ്പോൾ, നടന്റെ പരാമർശം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും ചരിത്രത്തെയും കുറിച്ചുള്ള വൻ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
“ഇലോൺ മസ്ക് അടുത്തിടെ പറക്കുന്ന കാർ കണ്ടുപിടിച്ചു. എനിക്ക് തോന്നുന്നത്, 5,000 വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിൽ ‘പുഷ്പക വിമാനം’ വഴി ഇത് സാധ്യമായിരുന്നു എന്നാണ്!”- രൺബീർ പറഞ്ഞു. വിഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിലൂടെ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് നടൻ നേരിട്ടു കൊണ്ടിരിക്കുന്നത്.
താരത്തിന്റെ പ്രസ്താവനയെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തി. അതേസമയം നടനെ പിന്തുണച്ച് സംസാരിക്കുന്നവരുമുണ്ട്. രൺബീറിന്റെ ഈ പരാമർശം, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.
‘അതിപ്പോൾ എവിടെയാണ്’, ‘ഞാൻ കഴിഞ്ഞ ദിവസം എംജി റോഡിൽ കണ്ടതാണ്’, ‘ഫ്ലയിങ് പുഷ്പകിന്റെ കളറെന്താണ്’, ‘ഇലോൺ മസ്കിന്റെ കാറിന് തെളിവെങ്കിലും ഉണ്ട്’, ‘ദയവ് ചെയ്ത് മോദിജിയാണ് പൈലറ്റ് എന്നൊന്നും പറഞ്ഞേക്കല്ലേ’, എന്നും നിരവധി പേർ കമന്റായി കുറിച്ചിട്ടുണ്ട്.