
വിവാഹവാഗ്ദാനം നൽകി ബ്ലാക്മെയിൽ ചെയ്യാനും പണവും സ്വർണവും തട്ടാനും ശ്രമിച്ച സംഭവത്തിൽ കേസിന് പിന്നാലെ താൻ അനുഭവിച്ച മാനസികസമ്മർദ്ദങ്ങൾ വെളിപ്പെടുത്തി നടി ഷംന കാസിം. മാധ്യമങ്ങളിൽ സ്വന്തം പേര് വാർത്തയായി ഉയർന്നുവന്നപ്പോൾ വലിയ ഭയവും നെഞ്ചിടിപ്പുമായിരുന്നുവെന്നും എന്നാൽ കുടുംബവും പോലീസും നൽകിയ ഉറച്ച പിന്തുണയാണ് പ്രതിസന്ധിയെ അതിജീവിക്കാൻ കരുത്തായതെന്നും ഷംന വ്യക്തമാക്കി. വനിതയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷംന.
സിനിമയെ വെല്ലുന്ന ആസൂത്രണത്തോടെയാണ് തട്ടിപ്പുസംഘം തങ്ങളെ സമീപിച്ചതെന്ന് ഷംന ഓർത്തെടുക്കുന്നു. ഒരു വ്യക്തി തന്നെ വോയ്സ് ചേഞ്ചറുകളും വിവിധ ശബ്ദങ്ങളും ഉപയോഗിച്ച് കുടുംബാംഗങ്ങളെന്ന വ്യാജേന സംസാരിച്ച് വഞ്ചിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ മുഴുവൻ ആളുകളുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പെൺകുട്ടികളെയാണ് ഇവർ സമാനമായ രീതിയിൽ കെണിയിൽപ്പെടുത്തിയത്. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ പോലും സംഘത്തിന്റെ തട്ടിപ്പുരീതി കണ്ടു അത്ഭുതപ്പെട്ടതായി താരം പറഞ്ഞു.
പൊതുസമൂഹത്തിന് മുന്നിൽ വിഷയം ചർച്ചയാകുമെന്ന് ഉറപ്പായിരുന്നിട്ടും മറ്റ് ഇരകൾക്ക് ധൈര്യമാകാനാണ് കേസുമായി മുന്നോട്ടുപോയത്. കേസിന്റെ ഘട്ടത്തിൽ മാധ്യമങ്ങളും പോലീസും അനുകമ്പയോടെ കൂടെനിന്നുവെന്നും ഷംന കൂട്ടിച്ചേർത്തു. 2020 ജൂണിലാണ് തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന തട്ടിപ്പ് സംഘം ഷംന കാസിമിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
ഷംനയുടെ വാക്കുകൾ
“ഒരു വിവാഹാലോചന വന്നതാണ്. അത് നമ്മളൊരു സിനിമ കാണുന്ന ഫീലാണ്. ഒരുപാട് ആൾക്കാരുണ്ട് അതിൽ, എല്ലാവരും കുടുംബക്കാരും. ആ കേസ് അന്വേഷിച്ച പൊലീസുകാർ പറയുകയായിരുന്നു ഇങ്ങനെയൊക്കെ ആളുകൾക്ക് സംസാരിക്കാൻ കഴിയുമോ ? എന്ന്. ഒരാളാണ് അഞ്ച് വോയ്സിൽ ഒക്കെ സംസാരിക്കുന്നത്. ഒരു കുടുംബം ചേർന്ന് മറ്റു കുറേ കുടുംബങ്ങളെ ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കല്യാണത്തിന്റെ പേരും പറഞ്ഞ്. ഈ ലോകം അങ്ങനെയാണല്ലേ. എന്തൊക്കെ കാണാം. എന്നെ മാത്രമല്ല, ഒരുപാട് കുട്ടികളോട് അവരിങ്ങനെ ചെയ്തിട്ടുണ്ട്. ഒരു കേസ് ആയിട്ട് പോകുമ്പോൾ എന്തായാലും ഇത് പൊതുസമൂഹത്തിൽ അറിയുമെന്ന കാര്യം എനിക്കറിയാമായിരുന്നു. എല്ലാ ചാനലുകളും അന്ന് എന്നെ സപ്പോർട്ട് ചെയ്തിരുന്നു. എന്നാലും ഷംന കാസിം… ഷംന കാസിം എന്ന പേര് ടിവിയിലൊക്കെ വരുമ്പോൾ നെഞ്ചിലിങ്ങനെ ഇടിപ്പായിരുന്നു എനിക്ക്. അന്ന് പൊലീസുദ്യോഗസ്ഥരാണെങ്കിലും എല്ലാവരും നന്നായി പിന്തുണച്ചിരുന്നു.”