“ഇന്നത്തെ കാലത്ത് ആലോചിക്കാൻ പോലും പറ്റാത്ത വിഷയം അന്ന് ‘ഗുരു’വിൽ ചെയ്തു”:മലയാള സിനിമകളെ പുകഴ്ത്തി ‘മൊത രാത്രി’ സംവിധായകൻ രാജ കറുപ്പസാമി

','

' ); } ?>

മലയാള സിനിമയെയും ഇവിടെ നിർമിക്കപ്പെടുന്ന പ്രമേയങ്ങളുടെ വ്യത്യസ്തതയെയും പ്രശംസിച്ച് ‘മൊത രാത്രി’ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനും നടനുമായ രാജ കറുപ്പസാമി. തമിഴകത്തും കേരളത്തിലും ഒരേപോലെ തരംഗമായ ചിത്രത്തിന് ശേഷം നല്കിയ അഭിമുഖത്തിലാണ്, തന്റെ സിനിമാ കാഴ്ചകളെയും ചിന്തകളെയും ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മലയാള സിനിമകളാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ‘റീൽ ട്രൈബിന്’ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു ഭാഷകളിലെ സൂപ്പർതാരങ്ങൾ ചെയ്യാൻ മടിക്കുന്ന വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ മലയാളത്തിലെ മുൻനിര താരങ്ങൾ തയ്യാറാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് രാജ കറുപ്പസാമി ചൂണ്ടിക്കാട്ടി.

‘കുരുതി’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ഉദാഹരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പൃഥ്വിരാജിനെപ്പോലൊരു സൂപ്പർസ്റ്റാർ തികച്ചും സെൻസിറ്റീവായ വിഷയത്തിൽ അത്തരം ഒരു കഥാപാത്രം ചെയ്തത് എടുത്ത് പറയേണ്ട ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

മലയാള സിനിമയ്ക്ക് പണ്ടു മുതൽക്കേ ഇത്തരത്തിലുള്ള ബോൾഡായ പ്രമേയങ്ങൾ കൈകാര്യം ചെയ്യാനുള്ള കരുത്തുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മോഹൻലാൽ നായകനായ ‘ഗുരു’ എന്ന ചിത്രത്തിലെ പ്രാരംഭ രംഗത്തെ കുറിച്ച് പരാമർശിച്ച രാജ, ഇന്നത്തെ കാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അത്രയും ശക്തമായ വിഷയങ്ങൾ അന്നേ മലയാളത്തിൽ എക്സിക്യൂട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി.

‘കാതൽ- ദി കോർ’, ‘മുംബൈ പോലീസ്’ തുടങ്ങിയ സിനിമകളും മോളിവുഡിന്റെ വേറിട്ട കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പ്രമേയങ്ങൾ തന്നെ വ്യക്തിപരമായും സിനിമാമേഖലയിലും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും, തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മൊത രാത്രി’ എന്ന സിനിമയിൽ ആ സ്വാധീനങ്ങളുടെ പ്രതിഫലനം കാണാനാകുമെന്നും രാജ കൂട്ടിച്ചേർത്തു.

രാജ കറുപ്പസാമിയുടെ വാക്കുകൾ

“മലയാള സിനിമ കണ്ടു തുടങ്ങിയത് സുഹൃത്തുക്കൾ നിർദേശിച്ചതിനെ തുടർന്നാണ്. ഓരോ സിനിമയും വ്യത്യസ്ത അനുഭവമായിരുന്നു. പല സിനിമകളും എന്നെ അത്ഭുതപ്പെടുത്തി. അതില്‍ എടുത്ത് പറയേണ്ട ചില പടങ്ങളുണ്ട്. അതിലൊന്നാണ്

‘കുരുതി’. പൃഥ്വിരാജിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഇത്തരമൊരു ചാലഞ്ചിങ് റോള്‍ ചെയ്തത് എടുത്ത് പറയേണ്ടതാണ്. വളരെ സെന്‍സിറ്റീവായ വിഷയം പറഞ്ഞതാണ് ആ സിനിമയുടെ സ്‌പെഷ്യാലിറ്റി. പണ്ടും ഇതുപോലെയുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

‘ഗുരു’ എന്ന സിനിമ അതിന് ഉദാഹരണമാണ്. ആ സിനിമയുടെ ഓപ്പണിങ് സീന്‍ തന്നെ ഒന്ന് ആലോചിച്ച് നോക്കൂ. മുസ്‌ലിം തൊപ്പി ധരിച്ചുകൊണ്ട് ഒരു ഹിന്ദു പയ്യന്‍ അമ്പലത്തില്‍ കയറുന്നത് വലിയൊരു കലാപത്തിന് കാരണമാകുന്നു. ഇന്നത്തെ കാലത്ത് അത്തരമൊരു സീനിനെക്കുറിച്ച് ആലോചിച്ചാല്‍ തന്നെ വിവാദമാകും. മലയാളത്തില്‍ മാത്രമേ ഇത്തരം കഥകള്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

‘കാതല്‍’, ‘മുംബൈ പൊലീസ്’ പോലുള്ള സിനിമകളും മോളിവുഡിന്റെ സവിശേഷതയാണ്. ഇത്തരം സിനിമകളെല്ലാം തന്നെ വലിയ രീതിയില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. മൊത രാത്രിയില്‍ അതിന്റെയെല്ലാം ഷെയ്ഡ് കാണാനാകും.