
ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ അസഭ്യച്ചുവയോടെയും പരിഹാസ രൂപേണയും വന്ന കമന്റിന് ചുട്ട മറുപടിയുമായി നടി റോഷ്ന ആൻ റോയ്. മുൻ ഭർത്താവും നടനുമായ കിച്ചു ടെല്ലസുമായി ബന്ധപ്പെടുത്തി വന്ന കമന്റിനാണ് താരം ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.
പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നതിന്റെ ഭാഗമായി അതിഗ്ലാമറസ് ചിത്രങ്ങളാണ് റോഷ്ന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിനു താഴെ ‘കിച്ചു രക്ഷപ്പെട്ടു’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് യാതൊരു പതർച്ചയുമില്ലാതെ ‘അങ്ങനെയല്ല ബേബ്, ഞാൻ അതിജീവിച്ചു’ എന്ന് താരം മറുപടി നൽകി.
കൂടുതൽ ആരാധകരും സബ്സ്ക്രിപ്ഷൻ ഉടൻ തുടങ്ങൂ എന്ന് ആവശ്യപ്പെട്ടപ്പോൾ ‘തുടങ്ങി’ എന്നായിരുന്നു നടിയുടെ പ്രതികരണം. 390 രൂപയ്ക്കാണ് റോഷ്ന ഇൻസ്റ്റഗ്രാമിൽ പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അടാർ ലൗ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ റോഷ്ന, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, ‘സുൽ’, ‘ധമാക്ക’ തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കിച്ചു ടെല്ലസുമായി താൻ വേർപിരിയുകയാണെന്ന് നടി ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ‘അങ്കമാലി ഡയറീസി’ലെ ‘പോത്ത് വർക്കി’ എന്ന കഥാപാത്രത്തിലൂടെയും ‘അജഗജാന്തരം’ സിനിമയുടെ തിരക്കഥാകൃത്തായും മലയാളികൾക്ക് പരിചിതനായ താരമാണ് കിച്ചു ടെല്ലസ്.