വണ്ണത്തിന്റെ പേരിൽ ‘പന്നി’ എന്ന് വിളികേട്ടിട്ടുണ്ട്, അൺഹെൽത്തിയായി സ്ലിം ആകാൻ താൽപ്പര്യമില്ല; ഷംന കാസിം

','

' ); } ?>

രനജികാന്ത് ചിത്രമായ ‘ജയിലർ 2’ലെ സ്പെഷൽ ഡാൻസ് നമ്പറിലൂടെ വീണ്ടും ശ്രദ്ധേയയായിരിക്കുകയാണ് നടി ഷംന കാസിം. ഇപ്പോഴിതാ സിനിമയിലെ ഈ തകർപ്പൻ പെർഫോമൻസിന് ലഭിക്കുന്ന സ്വീകാര്യത, ബോഡി ഷെയ്മിങ് വിമർശനങ്ങളോടുള്ള നിലപാടുകൾ, തന്റെ നൃത്തജീവിതം എന്നിവയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഷംന. അഭിനയത്തേക്കാൾ ഉപരി ഒരു നർത്തകിയായി അറിയപ്പെടാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും, ചിലപ്പോൾ ഫിഗറിന് ഇണങ്ങാത്ത കോസ്റ്റ്യൂമുകൾ വരുമ്പോൾ സ്പെഷൽ സോങ്ങുകൾ ചെയ്യാൻ മുൻപ് ടെൻഷൻ തോന്നിയിട്ടുണ്ടെങ്കിലും ‘ജയിലർ 2’ ലെ നൃത്തം തികച്ചും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഷംന വ്യക്തമാക്കുന്നു.

കല്യാണവും കുട്ടികളുമായതോടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച താരം, വണ്ണം കൂടിയതിന്റെ പേരിൽ തനിക്ക് നേരെയുണ്ടായ ക്രൂരമായ ബോഡി ഷെയ്മിങ് അനുഭവങ്ങളും പങ്കുവെച്ചു. ‘കുർച്ചി മടത്തപെട്ടി’ പാട്ട് റിലീസ് ചെയ്ത സമയത്ത് ‘പന്നി’ എന്ന് വിളിച്ചടക്കം ആളുകൾ വിമർശിച്ചിരുന്നു. സ്ലിം ആകണമെന്ന് കരുതി അൺഹെൽത്തിയായി, ഗ്രേസ് നഷ്ടപ്പെടുന്ന രീതിയിലേക്ക് മാറാൻ താൽപ്പര്യമില്ലെന്നും, ഡാൻസിനോ മറ്റ് കാര്യങ്ങൾക്കോ ശരീരവണ്ണം ഒരു തടസ്സമല്ലെന്നുമാണ് ഷംനയുടെ നിലപാട്. എന്നാൽ ചില നെഗറ്റീവ് കമന്റുകൾ നമ്മളെ തിരുത്താൻ സഹായിക്കുന്നവയാണെന്നും, പുതിയ തലമുറ ഇത്തരം കാര്യങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനാൽ വിമർശനങ്ങളെല്ലാം പോസിറ്റീവായിട്ടാണ് കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ഷംന കാസിമിന്റെ വാക്കുകൾ

അഭിനയം ഇഷ്ടമാണെങ്കിലും നർത്തകി എന്ന് അറിയപ്പെടാനാണ് എന്നും കൂടുതൽ ഇഷ്ടം. ആ ഒരു ടാഗ്‌ലൈൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.  പണ്ട് മുതലേ സിനിമയിലുള്ള ഒരു കാര്യമാണ് ഐറ്റം സോങ്, പക്ഷേ ഇതൊരു സ്പെഷൽ സോങ് തന്നെയാണ്. കോസ്റ്റ്യൂം ഒക്കെ ഒരു വേറെ രീതിയിലാണ്. സാധാരണയായി സ്പെഷൽ സോങ് എനിക്ക് ഭയങ്കര ടെൻഷനുള്ള കാര്യമാണ്. മുൻപും ഇടയ്ക്ക് ചെയ്തിട്ടുണ്ടെങ്കിലും എന്റെ ഫിഗറിന് പറ്റാത്ത കോസ്റ്റ്യൂംസ് വരുമ്പോൾ അതിൽ ഭംഗി വരില്ല. അത് കോസ്റ്റ്യൂമിന്റെ കുറ്റമായിട്ടല്ല പറയുന്നത്, ചില ആൾക്കാർക്ക് അത് സൂട്ട് ആവില്ല. പക്ഷേ ഇതൊരു സ്പെഷൽ സോങ് തന്നെയാണ്, വേറൊരു രീതിയിൽ ആണ് എടുത്തിരിക്കുന്നത്.  ഒരു നർത്തകിയായി ജയിലറിൽ എത്തിയതിൽ സന്തോഷമേയുള്ളൂ .

സാധാരണയായി ഡാൻസർ എന്നൊക്കെ പറയുമ്പോൾ എല്ലാവർക്കും ബോഡി ഭയങ്കര ഫിറ്റ് ആയിരിക്കണം എന്നൊരു ധാരണയുണ്ട്. ഞാൻ തന്നെ വണ്ണം വച്ചിട്ട് ‘കുർച്ചി മടത്തപെട്ടി’ എന്ന സോങ് ചെയ്യുമ്പോൾ ഇതിനേക്കാൾ വണ്ണമുണ്ടായിരുന്നു. അന്ന് ആ സോങ് റിലീസ് ആകുമ്പോൾ ഞാൻ റെഡിയായി ഇരിക്കുകയായിരുന്നു ബോഡി ഷെയിമിങ് വരും എന്ന് പ്രതീക്ഷിച്ച്. അങ്ങനെ ഇരിക്കുമ്പോഴാണ് അതിനെയെല്ലാം ബ്രേക്ക് ചെയ്ത് ആളുകൾ അത് എൻജോയ് ചെയ്യാൻ തുടങ്ങിയത്.  സത്യം പറഞ്ഞാൽ ഒരു ഡാൻസർ ആവട്ടെ, ഏതൊരു വ്യക്തിയാവട്ടെ, നമ്മൾ കാര്യങ്ങൾ ചെയ്യുന്ന ഒരു രീതിയുണ്ട്. ചില സമയത്ത് എല്ലാവരും പറയും സ്ലിം ആയിട്ട് ഇരിക്കണമെന്ന്. പക്ഷേ അൺഹെൽത്തിയായിട്ട് സ്ലിം ആയിട്ട് എന്താ കാര്യം? ഒരു ഭംഗിയുമില്ലാതെ അങ്ങോട്ട് ചുക്കി ചുളിഞ്ഞ് സ്ലിം ആയിട്ട് ഒരു കാര്യവുമില്ല. നമ്മുടെ ഗ്രേസ് കളിഞ്ഞിട്ടുള്ള ഒരു ബോഡിയിലേക്ക് പോകാൻ എനിക്ക് താല്പര്യമില്ല.

എനിക്ക് കുട്ടികളായി, അപ്പോൾ നമ്മുടെ ശരീരം മാറും. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചിലർ പറയും നോർത്ത് ഇന്ത്യൻ ആക്ട്രസസ് ഒക്കെ അതുപോലെ ഇരിക്കുന്നു എന്ന്. അവരുടെ ലൈഫ് സ്റ്റൈൽ വേറെയാണ്, നമ്മുടെ കേരളത്തിലെ ലൈഫ് സ്റ്റൈൽ വേറെയാണ്. ‘കുർച്ചി മടത്തപെട്ടി’ സമയത്ത് ചിലരൊക്കെ എന്നെ ‘പന്നി’ എന്നൊക്കെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവരൊക്കെ ആലോചിക്കേണ്ടത് കല്യാണം കഴിഞ്ഞ് കുട്ടികളായി കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ്. നമുക്കൊരു ഗ്രേസ് ഉണ്ടാവണം, അതാണ് പ്രധാനം. ഡാൻസിനോ ഏത് കാര്യത്തിനോ ശരീരവണ്ണം ഒരു തടസ്സമേ അല്ല, അത് പ്രകടനത്തെ ബാധിക്കില്ല.

ചില നെഗറ്റീവ് കമന്റുകൾ നമ്മളെ കറക്റ്റ് ചെയ്യുന്ന കമന്റുകൾ ആയിരിക്കും. ഞാൻ അതിനെ അങ്ങനെയും എടുക്കാറുണ്ട്. അവർ പറഞ്ഞത് കറക്റ്റ് ആണെന്ന് തോന്നുമ്പോൾ അത് തിരുത്താൻ ശ്രമിക്കും. പണ്ടൊക്കെ ഇത്തരം കാര്യങ്ങളിൽ വലിയ സങ്കടം തോന്നുമായിരുന്നു. എന്നാൽ പുതിയ തലമുറ വന്നപ്പോൾ അതൊക്കെ മാറി. അവർക്ക് ഡ്രസ്സിങിലൊന്നും വലിയ കാര്യമായി തോന്നാറില്ല. സോ, ഞാൻ ഇതിനെയെല്ലാം പോസിറ്റീവ് ആയിട്ടാണ് എടുക്കുന്നത്.